“ഞങ്ങൾ ഒരിക്കലും പോരാട്ടം അവസാനിപ്പിക്കില്ല” ; ചാമ്പ്യൻസ് ലീഗ് വിജയത്തിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വാറ്റ്‌ഫോർഡിനെതിരായ ദയനീയ തോൽവിക്ക് ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗിൽ വിയ്യാറയലിനെ നേരിടാനെത്തിയത്. പുതിയ കെയർ ടേക്കർ പരിശീലകൻ കാരിക്കിന്റെ കീഴിൽ ഇറങ്ങിയ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിച്ച് റെഡ് ഡെവിൾസ് പ്രീ ക്വാർട്ടർ സ്പോട്ട് ഉറപ്പിക്കുകയും ചെയ്തു. ലീഗിൽ എത്ര മോശം ഫോമിലാണെങ്കിലും ചാമ്പ്യൻസ് ലീഗിൽ എന്നും വിശ്വരൂപം കാണിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രകടനത്തിലാണ് യുണൈറ്റഡ് വിജയം നേടിയത്.

ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും 73 മില്യൺ പൗണ്ടിന്റെ താരമായ ജാഡോൺ സാഞ്ചോയുടെയും ഗോളുകൾ യുണൈറ്റഡിനെ വിജയത്തിലെത്തിച്ചത്. ഇന്നലത്തെ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ആറാം ചാമ്പ്യൻസ് ലീഗ് ഗോൾ നേടി. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന രണ്ടാമത്തെ താരമാണ് റൊണാൾഡോ.ചാമ്പ്യൻസ് ലീഗ് സീസണിലെ യോഗ്യതാ മത്സരങ്ങൾ ഒഴികെ ഒരു ഇംഗ്ലീഷ് ക്ലബ്ബിന്റെ ആദ്യ അഞ്ച് മത്സരങ്ങളിൽ ഓരോന്നിലും ഗോൾ നേടുന്ന ആദ്യ കളിക്കാരൻ കൂടിയാണ് അദ്ദേഹം.

“ഞങ്ങൾ ഒരിക്കലും ഈ ക്ലബ്ബിനായി പോരാടുന്നത് അവസാനിപ്പിക്കില്ല!” വിജയത്തിന് ശേഷം റൊണാൾഡോ പറഞ്ഞു. “സ്പെയിനിൽ കളിക്കുന്നത് എല്ലായ്പ്പോഴും മികച്ചതാണ്, സ്‌പെയിനിൽ വിജയിച്ചതിൽ സന്തോഷമുണ്ട് , സ്‌പെയിനിൽ സ്‌കോർ ചെയ്തതിൽ സംതൃപ്തനാണ്, എനിക്ക് എപ്പോഴും പ്രത്യേകം ഇഷ്ടം തോന്നുന്ന ഒരു രാജ്യമാണ് സ്‌പെയിൻ .മികച്ച വിജയത്തിന് എല്ലാവര്ക്കും അഭിനന്ദനങൾ യുണൈറ്റഡും ഞങ്ങളും ഈ ക്ലബ്ബിനായി പോരാടുന്നത് ഒരിക്കലും അവസാനിപ്പിക്കില്ല ,ഞങ്ങൾ മുന്നോട്ട് തന്നെ പോവും’ മത്സരശേഷം റൊണാൾഡോ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

പോർച്ചുഗീസ് ഇതിഹാസത്തിന്റെ കഴിവും നിശ്ചയദാർഢ്യവും ഒരിക്കലും സംശയത്തിലായിട്ടില്ല, ഇതിനകം പാളം തെറ്റിയതായി തോന്നുന്ന ഒരു സീസൺ മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരുത്താൻ കഴിയുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ റൊണാൾഡോ ഇതിനകം രണ്ട് വിജയ ഗോളും ഒരു സമനില ഗോളും നേടിയിട്ടുണ്ട്,പ്രീമിയർ ലീഗിൽ ചെൽസിക്കെതിരെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മത്സരം.

Rate this post