പുള്ളാവൂരിലെ ലയണൽ മെസ്സിയുടെ കട്ടൗട്ട് ലോകശ്രദ്ധ നേടിയിരുന്നു.പുള്ളാവൂരിലെ അർജന്റീന ആരാധകരായിരുന്നു ലയണൽ മെസ്സിയുടെ 30 അടിയുള്ള ഒരു ഭീമൻ കട്ട്ഔട്ട് പുഴയിൽ സ്ഥാപിച്ചിരുന്നത്.ഇത് വലിയ വാർത്തയാവുകയും ചെയ്തു.
അതായത് അർജന്റീനയിലെ മാധ്യമങ്ങൾ ഇത് ഏറ്റെടുത്തിരുന്നു.ഫോക്സ് സ്പോർട്സ് അർജന്റീന,Tyc സ്പോർട്സ് അർജന്റീന എന്നിവരൊക്കെ ഇത് റിപ്പോർട്ട് ചെയ്തതോടെ കേരളത്തിലെ മാധ്യമങ്ങളിലും ഇത് വലിയ രൂപത്തിൽ പ്രചാരം നേടി. കഴിഞ്ഞ ദിവസം ഇത് വലിയ രൂപത്തിൽ ചർച്ച ആവുകയും ചെയ്തിരുന്നു.
എന്നാൽ പുള്ളാവൂരിലെ ബ്രസീൽ ആരാധകർ ഒരു തകർപ്പൻ മറുപടി ഇതിന് നൽകിയിട്ടുണ്ട്. അതായത് ലയണൽ മെസ്സിയുടെ കട്ടൗട്ടിനേക്കാൾ വലിയ ഒരു കട്ടൗട്ട് ഇപ്പോൾ ബ്രസീൽ ആരാധകർ സ്ഥാപിച്ചിട്ടുണ്ട്. ഏകദേശം 40 അടിയോളം ഉയരം വരുന്ന കട്ടൗട്ട് ആണ് നെയ്മറുടേത് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
ഇതോടെ പുള്ളാവൂരിലെ പോര് കടുക്കുകയാണ്. കപ്പെടുക്കും എന്ന രൂപത്തിലുള്ള മുദ്രാവാക്യങ്ങളോടുകൂടിയാണ് ബ്രസീൽ ആരാധകർ ഈയൊരു കട്ടൗട്ടിനെ കൊണ്ടുവന്നതും പുഴക്കരയിൽ സ്ഥാപിച്ചതും.മാത്രമല്ല വലിയ രൂപത്തിലുള്ള അർജന്റീന ആരാധകരും ബ്രസീൽ ആരാധകരും ഇവിടെ തടിച്ചുകൂടിയിരുന്നു.
സാമൂഹിക മാധ്യമങ്ങളിൽ ഒക്കെ ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ വൈറലായിട്ടുണ്ട്. ഏതായാലും നിലവിൽ പുള്ളാവൂരിൽ ലയണൽ മെസ്സിയെക്കാൾ തലയുയർത്തി നിൽക്കുന്നത് നെയ്മർ ജൂനിയർ തന്നെയാണ്. ഖത്തർ വേൾഡ് കപ്പിന്റെ ആവേശം അതിന്റെ പാരമ്യതയിൽ എത്തിനിൽക്കുന്ന ഒരു സമയമാണിത്.പുള്ളാവൂരിലെ ഈ കട്ടൗട്ട് പോര് ഇപ്പോൾ കേരളക്കരയും കടന്ന് മുന്നേറുകയാണ്.