ഒളിമ്പിക്സ് ഫുട്ബോളിൽ ക്വാർട്ടർ കാണാതെ അർജന്റീന പുറത്തായി. നിർബന്ധമായും ജയം വേണ്ട മത്സരത്തിൽ സ്പെയിനെതിരെ സമനില വഴങ്ങിയതാണ് അർജന്റീനക്ക് വിനയായത്. ഗ്രൂപ് ചാമ്പ്യന്മാരായാണ് സ്പെയിൻ ക്വാർട്ടറിൽ ഇടം പിടിച്ചത്. അവസാന മത്സരത്തിൽ ഈജിപ്ത് ഓസ്ട്രേലിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപെടുത്തിയതോടെ ഗോൾ ശരാശരിയിൽ അർജന്റീനയെ മൂന്നാം സ്ഥാനത്താക്കി ഈജിപ്തും ക്വാർട്ടർ ഉറപ്പിച്ചു. മൂന്നു മത്സരങ്ങളിൽ നിന്നും സ്പെയിനിനു അഞ്ചും ഈജിപ്തിനും അര്ജന്റീനക്കും നാല് വീതം പോയിന്റുമാണുള്ളത്.
1992 നു ശേഷം രണ്ടാമത്തെ ഒളിമ്പിക് സ്വർണം എന്ന ലക്ഷ്യം സജീവമാക്കാൻ ക്വാർട്ടർ പ്രവേശനത്തോടെ സ്പെയിനിനു സാധിച്ചു. ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോളുകൾ ഒന്നും നേടാനായില്ല. ആദ്യ പകുതിയിൽ സ്പാനിഷ് ടീമിനായിരുന്നു ആധിപത്യം.രണ്ടാം പകുതിയുടെ തുടത്തത്തിൽ ഡാനി ഓൾമോക്കും മൈക്കൽ ഒയർസബാൽ ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും അവസരം മുതലാക്കാനായില്ല.
രണ്ടാം പകുതിയുടെ 66 ആം മിനുട്ടിൽ ഡാനി ഓൾമോയുടെ പാസിൽ നിന്നും മൈക്കൽ മെറിനോയുടെ ഗോളിലൂടെ സ്പെയിൻ മുന്നിലെത്തി. 87 ആം മിനുട്ടിൽ അർജന്റീന സമനില ഗോൾ നേടി .ടോമാസ് ബെൽമോണ്ടിന്റെ പാസിൽ നിന്നും തിയാഗോ അൽമാഡ സമനില ഗോൾ കണ്ടെത്തി. എന്നാൽ ക്വാർട്ടറിൽ സ്ഥാനം പിടിക്കാൻ അത് മതിയായിരുന്നില്ല. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയോട് പരാജയപെട്ടതാണ് അർജന്റീനക്ക് വിനയായത്.
മറ്റൊരു മത്സരത്തിൽ ഓസ്ട്രേലിയയെ രണ്ടു ഗോളുകൾക്കാണ് ഈജിപ്ത് പരാജയപ്പെടുത്തിയത്. ഇരു പകുതിയിലുമായി റയാൻ ,ഹംദി എന്നിവരാണ് ഈജിപ്തിന്റെ ഗോൾ നേടിയത്. ആദ്യ മത്സരത്തിൽ സ്പെയിനിനെ സമനിലയിൽ തളച്ച ഈജിപ്ത് രണ്ടാം മത്സരത്തിൽ അര്ജന്റീനയോട് പരാജയപെട്ടു.ആദ്യ മത്സരത്തിൽ അർജന്റീനയെ പരാജയപ്പടുത്തിയ ഓസ്ട്രേലിയ അവസാന രണ്ടു മത്സരങ്ങളും തോറ്റു.