ലയണൽ മെസിയുമായി ബന്ധപ്പെട്ട ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ കൊണ്ട് ഫുട്ബോൾ ലോകം ചൂട് പിടിച്ചിരിക്കുന്ന സമയമാണ്. ഖത്തർ ലോകകപ്പിന് ശേഷം പിഎസ്‌ജിയുമായി കരാർ പുതുക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ലയണൽ മെസി ഇതുവരെയും അതിനു തയ്യാറായിട്ടില്ല. പിഎസ്‌ജി ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തു പോയതോടെ ആരാധകരും താരത്തിനെതിരെ തിരിഞ്ഞിട്ടുണ്ട്.
പിഎസ്‌ജി ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തു പോയതിനു ശേഷം തുടർച്ചയായ മൂന്നു മത്സരങ്ങളിൽ മെസിക്കെതിരെ ആരാധകർ കൂക്കി വിളിച്ചിരുന്നു. ഈ മത്സരങ്ങളിൽ മികച്ച പ്രകടനം മെസി നടത്തുകയും ചെയ്‌തു. ലയണൽ മെസിക്കെതിരായ ആരാധകരുടെ പ്രതിഷേധം താരത്തിന്റെ മോശം പ്രകടനം കൊണ്ടല്ലെന്നും ലോകകപ്പ് ഫൈനൽ അടക്കമുള്ളവ അതിനു കാരണമാണെന്നും ഇത് വ്യക്തമാക്കുന്നു.
അതിനിടയിൽ പിഎസ്‌ജിയിൽ തുടരാൻ സാധ്യതയില്ലാത്ത ലയണൽ മെസി എങ്ങോട്ടു ചേക്കേറുമെന്ന ചിന്തയാണ് ആരാധകർക്കുള്ളത്. തന്റെ മുൻ ക്ലബായ ബാഴ്‌സലോണയിലേക്ക് മെസി തിരിച്ചെത്തുമെന്നാണ് നിലവിൽ ശക്തമായ റിപ്പോർട്ടുകൾ. അതിനിടയിൽ മെസിയെ തിരിച്ചു കൊണ്ടുവരാനുള്ള തങ്ങളുടെ ആഗ്രഹം അർജന്റീനിയൻ ക്ലബായ റിവപ്ലേറ്റിന്റെ പ്രസിഡന്റ് വെളിപ്പെടുത്തുകയുണ്ടായി.
“ഞങ്ങളുടെ സ്വപ്‌നം? എനിക്കുള്ള സ്വപ്‌നം ലയണൽ മെസിയാണ്. അതു സാധ്യമായ ഒരു കാര്യമാണെന്ന് ഞാനൊരിക്കലും ചിന്തിക്കുന്നില്ല, അതേക്കുറിച്ച് ഞങ്ങളൊന്നും സംസാരിച്ചിട്ടുമില്ല. എന്നാൽ നമ്മൾ സ്വപ്‌നം കാണുക തന്നെ ചെയ്യണം, ഞങ്ങൾ ആരാധകരെ പോലെത്തന്നെയാണ് സ്വപ്‌നം കാണുന്നത്.” ജോർജ് ബ്രിട്ടോ കഴിഞ്ഞ ദിവസം പറഞ്ഞു.
❗️River Plate president, Jorge Brito: “The dream? My dream is Messi, obviously. It is not something that I see possible or that we talk about it. But you have to be a dreamer. We dream the same as the fans….” @fmmilenium 🗣️🇦🇷 pic.twitter.com/QD2ZDqy4qa
— All About Argentina 🛎🇦🇷 (@AlbicelesteTalk) April 3, 2023
ലയണൽ മെസിക്ക് കരിയർ അർജന്റീനയിൽ അവസാനിപ്പിക്കണമെന്ന ആഗ്രഹം ഉണ്ടെങ്കിലും അതിനു മുതിരുകയാണെങ്കിൽ അത് ബാല്യകാല ക്ലബായ നേവൽസ് ഓൾഡ് ബോയ്‌സിൽ ആയിരിക്കും. അതേസമയം നിലവിലെ സാഹചര്യത്തിൽ ലയണൽ മെസി അർജന്റീനയിലെത്താൻ യാതൊരു സാധ്യതയുമില്ല. താരം യൂറോപ്പിൽ തന്നെ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്.