ഒരുപാട് ബുദ്ധിമുട്ടേറിയ സമയങ്ങൾ തരണം ചെയ്തു, മെസ്സിയോട് നന്ദി മാത്രമേ ഇപ്പോൾ പറയാനുള്ളൂ: അൽ ഹിലാൽ പരിശീലകൻ.

അർജന്റീനയുടെ ദേശീയ ടീമിൽ ഒരുകാലത്ത് മെസ്സി അനുഭവിച്ച ബുദ്ധിമുട്ടുകളും പ്രതിസന്ധികളും സങ്കൽപ്പിക്കാവുന്നതിലും അപ്പുറമായിരുന്നു.ഒരു കിരീടം ഇല്ലാത്തതിന്റെ പേരിൽ ഏറെ നാൾ പഴി വന്നിരുന്നു മെസ്സിക്ക്.തുടർച്ചയായ മൂന്ന് ഫൈനലുകൾ പരാജയപ്പെട്ടതോടുകൂടി ലയണൽ മെസ്സി മാനസികമായി തകർന്നടിഞ്ഞു.

തുടർന്ന് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് തന്നെ അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.പക്ഷേ എല്ലാവരുടെയും നിർബന്ധപ്രകാരം മെസ്സി അർജന്റീന ടീമിലേക്ക് തിരിച്ചുവന്നു.അതിന് ശേഷവും കാര്യങ്ങൾ എളുപ്പമായിരുന്നില്ല.പക്ഷേ 2018 വേൾഡ് കപ്പിന് ശേഷം ലയണൽ സ്കലോണി വന്നതോടുകൂടിയാണ് അർജന്റീനയിൽ കാതലായ മാറ്റങ്ങൾ സംഭവിക്കുന്നത്.ഇപ്പോൾ ലോകത്തെ ഏറ്റവും മികച്ച അന്താരാഷ്ട്ര ടീമായി മാറാൻ അർജന്റീനക്ക് സാധിച്ചു.കിരീടങ്ങൾ എല്ലാം അർജന്റീന തങ്ങളുടെ ഷെൽഫിലേക്ക് എത്തിക്കുകയും ചെയ്തു.

ലയണൽ മെസ്സിയുടെ അർജന്റീന കരിയറിനെ കുറിച്ച് മുൻ അർജന്റീന താരവും ഇപ്പോൾ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാൽ പരിശീലകനുമായ റാമോൺ ഡയസ് സംസാരിച്ചിട്ടുണ്ട്.ഒരുപാട് ബുദ്ധിമുട്ടേറിയ സമയങ്ങൾ മെസ്സിക്ക് അർജന്റീനയിൽ തരണം ചെയ്യേണ്ടി വന്നു എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. അർജന്റീനക്കാരൻ എന്ന നിലയിൽ മെസ്സിയോട് നന്ദി മാത്രമാണ് പറയാനുള്ളതെന്നും ഡയസ് കൂട്ടിച്ചേർത്തു.മുമ്പ് അൽ നസ്റിനെയും ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.

‘ലയണൽ മെസ്സിയെക്കുറിച്ച് ഇപ്പോൾ എനിക്ക് പുതുതായി ഒന്നും പറയാനില്ല.ഞങ്ങളെല്ലാവരും അദ്ദേഹത്തോട് നന്ദി പറയണം.കാരണം അത്രയേറെ ബുദ്ധിമുട്ടേറിയ സമയങ്ങൾ അദ്ദേഹം തരണം ചെയ്തു കൊണ്ടാണ് ഇവിടെ എത്തിയിട്ടുള്ളത്.ദേശീയ ടീമിനോടൊപ്പം കിരീടങ്ങൾ നേടാൻ അദ്ദേഹത്തിന് കഴിയാത്ത ഒരു സമയമുണ്ടായിരുന്നു.പക്ഷേ ഇപ്പോൾ എല്ലാം അദ്ദേഹം നേടിക്കഴിഞ്ഞു.എനിക്ക് ഇപ്പോൾ മെസ്സിയോട് നന്ദി മാത്രമേ പറയാനുള്ളൂ. ലോകത്തിലെ ഏറ്റവും മികച്ച താരം അത് മെസ്സി മാത്രമാണ്’ റാമോൺ ഡയസ് പറഞ്ഞു.

അന്താരാഷ്ട്ര ഫുട്ബോളിൽ ഇനി ഒന്നും തന്നെ മെസ്സിക്ക് തെളിയിക്കാനില്ല.രണ്ട് തവണയാണ് മെസ്സി വേൾഡ് കപ്പിലെ ഗോൾഡൻ ബോൾ അവാർഡ് നേടിയിട്ടുള്ളത്.2024ൽ ഇനി അമേരിക്കയിൽ വെച്ച് ഒരു കോപ്പ അമേരിക്ക നടക്കാനുണ്ട്.ആ ടൂർണമെന്റിലും മെസ്സി തന്നെയായിരിക്കും അർജന്റീനയെ നയിക്കുക.

Rate this post