അർജന്റീന സൂപ്പർതാരം പൗലോ ഡിബാലക്ക് സൗദി ക്ലബ്ബിന്റെ തകർപ്പൻ ഓഫർ, അതിനോട് താരത്തിന്റെ പ്രതികരണം ഇങ്ങനെ

യൂറോപ്യൻ ഫുട്ബോൾ സീസണും ഇന്റർനാഷണൽ സൗഹൃദ മത്സരങ്ങളും കഴിഞ്ഞ് അവധിക്കാലം ആഘോഷിക്കുകയാണ് ഫുട്ബോൾ താരങ്ങൾ. ഈയൊരു സമയത്താണ് പുതിയ യൂറോപ്യൻ ഫുട്ബോൾ സീസൺ തുടങ്ങുന്നതിനു മുൻപായുള്ള ട്രാൻസ്ഫർ കൈമാറ്റങ്ങൾ നടക്കുന്നത്.

2022-ലെ ഫിഫ ലോകകപ്പിലെ ചാമ്പ്യൻമാരായ അർജന്റീന ടീമിലെ പ്രധാനപ്പെട്ട രണ്ട് സൂപ്പർ താരങ്ങളുടെ ട്രാൻസ്ഫർ അപ്ഡേറ്റ് ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. പൌലോ ഡിബാല, ഗോൺസലോ മോണ്ടിയൽ എന്നീ താരങ്ങളുടെ ട്രാൻസ്ഫർ വാർത്ത സംബന്ധിച്ചുള്ള അപ്ഡേറ്റുകളാണ് യൂറോപ്പിലെയും അർജന്റീനയിലെയും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയുന്നത്.

നിലവിലെ യൂറോപ്പ ലീഗ് ചാമ്പ്യൻമാരായ സ്പാനിഷ് ക്ലബ്ബ് സെവിയ്യയുടെ ഫുൾ ബാക്ക് താരം ഗോൻസാലോ മോണ്ടിയേലിന്റെ കാര്യത്തിൽ ഫ്രഞ്ച് ക്ലബ്ബായ ഒളിമ്പിക് ലിയോണുമായുള്ള ചർച്ചകളിലാണ് സെവിയ്യ. ഒളിമ്പിക് ലിയോനിലേക്ക് പോകാൻ സൂപ്പർ താരത്തിന് സമ്മതമാണെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്, എങ്കിലും ക്ലബ്ബുകൾ തമ്മിലുള്ള ചർച്ചകൾ തുടർന്നു കൊണ്ടിരിക്കുകയാണ്.

ഇറ്റാലിയൻ ക്ലബ്ബായ എഎസ് റോമയുടെ സൂപ്പർ താരമായ പൌലോ ഡിബാലയെ സ്വന്തമാക്കാൻ സൗദി അറേബ്യയിലെ പ്രോ ലീഗ് വമ്പൻമാരായ അൽ ഹിലാൽ മികച്ച ഓഫർ നൽകി താരത്തിനെ സമീപിച്ചെങ്കിലും സൗദി ക്ലബ്ബിന്റെ ഓഫർ പൌലോ ഡിബാല തള്ളികളഞ്ഞു.

ജോസെ മൗറിഞ്ഞോ പരിശീലിപ്പിക്കുന്ന ഇറ്റാലിയൻ ക്ലബ്ബായ എഎസ് റോമയിൽ തന്നെ തുടരനാണ് അർജന്റീന സൂപ്പർ താരം ആഗ്രഹിക്കുന്നത്. യൂറോപ്യൻ താരങ്ങളെ വേട്ടയാടി പിടിക്കുന്ന സൗദി അറേബ്യയിൽ നിന്നുമുള്ള വമ്പൻ ഓഫറാണ് ഡിബാല വേണ്ടെന്ന് വെച്ചത്.