അർജന്റീന താരം പപു ഗോമസ് പുതിയ ക്ലബ്ബിലേക്ക്
കഴിഞ്ഞ വർഷമായിരുന്നു അർജന്റീന ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയിരുന്നത്. ലോക ജേതാക്കളായ ആ ടീമിന്റെ ഭാഗമാവാൻ മിന്നും താരമായ അലജാൻഡ്രോ പപ്പു ഗോമസിന് സാധിച്ചിരുന്നു.മാത്രമല്ല വേൾഡ് കപ്പിൽ കളിക്കാനുള്ള അവസരം അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തിരുന്നു. പക്ഷേ ഇടക്കാലത്ത് പിടിപെട്ട പരിക്ക് അദ്ദേഹത്തെ വല്ലാതെ അലട്ടുകയായിരുന്നു.
അതായത് ഡിസംബർ മൂന്നാം തീയതി ഓസ്ട്രേലിയയിലേക്കെതിരെ നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ അദ്ദേഹം അർജന്റീനക്ക് വേണ്ടി പങ്കെടുത്തിരുന്നു.പിന്നീട് പരിക്ക് മൂലം ഇതുവരെ കളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. സ്പാനിഷ് ക്ലബ്ബായ സെവിയ്യയുടെ താരമാണ് ഈ മിഡ്ഫീൽഡർ. 2024 വരെയാണ് പപ്പു ഗോമസിന് സെവിയ്യയുമായി കരാർ അവശേഷിക്കുന്നത്.
എന്നാൽ ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബ് വിടാൻ അദ്ദേഹം തയ്യാറായിക്കഴിഞ്ഞു. മാത്രമല്ല യൂറോപ്യൻ ഫുട്ബോൾ ഉപേക്ഷിക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. താരത്തിന്റെ കാര്യത്തിൽ ബ്രസീലിയൻ ക്ലബ്ബായ വാസ്ക്കോ ഡ ഗാമ സെവിയ്യയുമായി ചർച്ചകൾ നടത്തുന്നുണ്ട്. ഇരു ക്ലബ്ബുകളും കരാറിൽ എത്തിക്കഴിഞ്ഞാൽ ബ്രസീലിലേക്ക് ചേക്കേറാൻ ഇപ്പോൾ പപ്പു ഗോമസ് ഒരുക്കമായിട്ടുണ്ട്.
Tyc സ്പോർട്സ് എന്ന അർജന്റീന മാധ്യമത്തിന്റെ പത്രപ്രവർത്തകനായ സെസാർ ലൂയിസ് മെർലോയാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്.ഇരു ക്ലബ്ബുകളും തമ്മിലുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. അർജന്റീന ക്ലബ്ബായ ആഴ്സണൽ സറാന്റി വിട്ടതിനുശേഷം പതിമൂന്നര വർഷത്തോളമാണ് പപ്പു ഗോമസ് യൂറോപ്പ്യൻ ഫുട്ബോളിൽ ചെലവഴിച്ചിട്ടുള്ളത്. ഇറ്റാലിയൻ ലീഗിലെ അറ്റലാന്റയിൽ 7 വർഷത്തോളം ഈ അർജന്റീന സൂപ്പർതാരം കളിച്ചിട്ടുണ്ട്. ജനുവരി 2021 മുതലാണ് സ്പാനിഷ് ക്ലബ്ബായ സെവിയ്യക്ക് വേണ്ടി ഇദ്ദേഹം കളിച്ചു തുടങ്ങിയത്.
ബ്രസീലിയൻ ക്ലബ്ബായ വാസ്കോ ഡ ഗാമ കഴിഞ്ഞ രണ്ട് സീസണുകളിലും രണ്ടാം ഡിവിഷനിൽ ആയിരുന്നു.പക്ഷേ ഇപ്പോൾ അവർ ഫസ്റ്റ് ഡിവിഷനിലേക്ക് മടങ്ങി എത്തിയിട്ടുണ്ട്.ടീമിന്റെ ശക്തി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കൊണ്ടാണ് ഈ അർജന്റീന താരത്തെ ബ്രസീലിയൻ ക്ലബ്ബ് ലക്ഷ്യം വെക്കുന്നത്. പപ്പു ഗോമസിനെ എത്തിക്കാൻ കഴിഞ്ഞാൽ അത് ഈ ബ്രസീലിയൻ ക്ലബ്ബിന് വലിയ ഊർജ്ജം തന്നെയായിരിക്കും നൽകുക.