ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ഫൈനലിൽ ബയേൺ മ്യുണിക്കിനെ നേരിടാൻ ഒരുങ്ങുന്ന പി എസ് ജി പരിശീലകന് ആശങ്ക |PSG

ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനെ നേരിടാനൊരുങ്ങുന്ന പിഎസ്‌ജിക്ക് ഒട്ടും ആശ്വാസം തരുന്ന കാര്യങ്ങളല്ല ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്. പ്രധാന താരങ്ങളുടെ അഭാവം നേരിടുന്ന പിഎസ്‌ജി കഴിഞ്ഞ രണ്ടു മത്സരങ്ങളിലും തോൽവി വഴങ്ങി. ഇതിനു പുറമെ ടീമിലെ താരങ്ങളെ വൈറസ് ബാധിച്ച് അവർ പുറത്തിരുന്നതിനാൽ പ്രധാന താരങ്ങളിൽ പലരുമില്ലാതെയാണ് കഴിഞ്ഞ മത്സരം പിഎസ്‌ജി പൂർത്തിയാക്കിയത്.

പരിക്കേറ്റു പുറത്തിരിക്കുന്ന എംബാപ്പയും മെസിയും വെറാറ്റിയും മാത്രമല്ല കഴിഞ്ഞ മത്സരത്തിൽ ഉണ്ടാകാതിരുന്നത്. ഫാബിയാൻ റൂയിസ് അസുഖം മൂലം കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്നപ്പോൾ ഹക്കിമി, കിംപെംബെ, റാമോസ് തുടങ്ങിയ താരങ്ങൾ പകരക്കാരായാണ് ഇറങ്ങിയത്. ആദ്യ ഇലവനിൽ സ്ഥിരമായി ഇടം പിടിക്കാറുള്ള ആറു താരങ്ങൾ മാത്രമാണ് കഴിഞ്ഞ മത്സരത്തിൽ സ്റ്റാർട്ട് ചെയ്‌തത്‌.

ഇതിനു പുറമെ ടീമിന്റെ മോശം ഫോമും കണക്കാക്കുമ്പോൾ പിഎസ്‌ജിയുടെ നിലവിലെ സാഹചര്യത്തിൽ ആശങ്കയുണ്ടെന്നു കഴിഞ്ഞ ദിവസം പരിശീലകൻ ഗാൾട്ടിയറും പറഞ്ഞു. “തീവ്രതയോടെ കുറവ് കാണാനുണ്ട്, അതാണ് ടീമിന്റെ നിലവിലെ അവസ്ഥ. അതെനിക്ക് മറച്ചു വെക്കേണ്ട കാര്യമില്ല. ടീമിലെ സാഹചര്യം ഇങ്ങിനെയാണ്‌. അത് വിചിത്രമാകാം, പക്ഷെ സത്യമതാണ്. പിഎസ്‌ജി മാനേജരെന്ന നിലയിൽ അത് പറയുന്നത് മോശമാണെങ്കിലും അതാണ് യാഥാർഥ്യം.”

“ചൊവ്വാഴ്‌ച രാത്രി നടക്കുന്ന മത്സരത്തെക്കുറിച്ച് എനിക്ക് വളരെയധികം ആശങ്കയുണ്ട്. അങ്ങിനെ ഉണ്ടായില്ലെങ്കിലാണ് അത്ഭുതം. ഇന്നത്തെ മത്സരത്തിൽ ഇറങ്ങാതിരുന്ന താരങ്ങൾ ചൊവ്വാഴ്‌ച കളിക്കുമോയെന്നു കണ്ടറിയേണ്ട കാര്യമാണ്. ടീം വളരെ ദുർബലമായി പോയത് ആശങ്കയുണ്ടാക്കുന്നു. ഈ സമയത്ത് സമാധാനത്തോടെ തുടരുകയാണ് വേണ്ടതെങ്കിലും ആരാധകരുടെ രോഷം ഞാൻ മനസിലാക്കുന്നു.” ഗാൾട്ടിയാർ പറഞ്ഞു.

കഴിഞ്ഞ മത്സരത്തിൽ ലയണൽ മെസി ഇറങ്ങിയില്ലെങ്കിലും തിങ്കളാഴ്‌ച പരിശീലനം പുനരാരംഭിക്കുന്ന താരം ബയേൺ മ്യൂണിക്കിനെതിരെ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ടീമിന്റെ നിലവിലെ സാഹചര്യവും മോശം ഫോമും കണക്കാക്കുമ്പോൾ ബയേൺ മ്യൂണിക്കിനെതിരെ പിഎസ്‌ജി വിജയം നേടുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ല.

Rate this post