“പതറിപ്പോവുന്ന ഒലെ, പഴയ പ്രതാപത്തിലെത്തിക്കാൻ റൊണാൾഡോ!!!”

ഇന്നലെ സ്വന്തം ഹോംഗ്രൗണ്ടിൽ വെസ്റ്റ്ഹാമിനോട് ഏറ്റു വാങ്ങിയ തോൽവിയോടെ കോച് ആയ 18 ടൂർണമെന്റിലും കപ്പ് കാണാൻ കഴിയാതെ ഒലെ ഗുണ്ണാർ സോൾഷെയർ എന്ന മാഞ്ചസ്റ്ററിന്റെ പരിശീലകൻ തല താഴ്ത്തുകയാണ്. കളിച്ചിരുന്ന കാലമത്രയും മാഞ്ചസ്റ്ററിന്റെ നേട്ടങ്ങൾക്ക് പിറകിൽ നിൽക്കാൻ ഒലെ ക്ക് സാധിച്ചിട്ടുണ്ടെങ്കിലും പരിശീലക വേഷത്തിൽ അദ്ദേഹം പരാജയമായി മാറുകയാണ്. മാഞ്ചസ്റ്ററിന്റെ മൈതാനത്തു പരിശീലകന്റെ വേഷത്തിലെത്തിയ ശേഷം യൂറോപ്പ ലീഗ് ഫൈനലിൽ എത്തിച്ചതാണ് ഒലെ യുടെ പ്രധാന നേട്ടം. എന്നാൽ ഇന്നലത്തെ തോൽവിയോടെ സ്വന്തം ഹോംഗ്രൗണ്ട് ആയ ഓൾഡ് ട്രാഫൊർഡിൽ 2007 ന് ശേഷം ആദ്യമായി മാഞ്ചസ്റ്റർ വെസ്റ്റ് ഹാമിനോട് തോൽവിയേറ്റു വാങ്ങി.

വിഖ്യാത പരിശീലകൻ സർ അലക്സ് ഫെർഗൂസൻ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞതോടെ എങ്ങുമെത്താത്ത ഒരു കപ്പൽ ആയി മാഞ്ചസ്റ്റർ യുണൈറ്റഡ് തുടരുമ്പോൾ എല്ലാ കണ്ണുകളും തുറിച്ചു നോക്കുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന വ്യക്തിയിലേക്കാണ്.ഇതിനോടകം തന്നെ തന്റെ വരവറിയിച്ചു കഴിഞ്ഞ അദ്ദേഹത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡ് ന് വേണ്ടി ഈ സീസണിൽ ഒരിക്കൽ കൂടി കപ്പ് ഉയർത്താൻ സാധിക്കുമോ എന്നതാണ് ആരാധകരുടെ ചോദ്യം. ഈ ചോദ്യം അത്ര നിസാരമാക്കി തള്ളിക്കളയാൻ ആർക്കും ആവില്ല കാരണം താൻ കളിച്ച ടോപ്പ് 3 ലീഗുകളിലെല്ലാം കപ്പ് ഉയർത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയെത്തുന്നത്. മറ്റാർക്കും സാധിക്കാൻ ആവാത്ത പല റെക്കോർഡുകളും 3 ലീഗുകളിൽ ആയി അദ്ദേഹം സ്ഥാപിച്ചു കഴിഞ്ഞു. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ യുടെ ഈ ഒരു തേരോട്ടത്തിന് തടസം നിൽക്കാൻ മാഞ്ചസ്റ്റർ ഒരു കാരണമായാൽ അത് സ്വാഭാവികമായും ഒലെ എന്ന പരിശീലകന്റെ സ്ഥാനത്തിനെയും ബാധിക്കും.

തന്റെ തിരിച്ചു വരവിൽ പഴയ പ്രതാപകാലവും കപ്പും മാത്രം സ്വപ്നം കാണുന്ന ആരാധകർക്ക് എന്തെങ്കിലുമൊക്കെ ചെയ്ത് കൊടുക്കാൻ തന്നെയാണ് റൊണാൾഡോ വന്നത് എന്നതും തീർച്ചയുള്ള കാര്യമാണ്.സർ അലക്‌സ് ഫെർഗൂസന്റെ കാലഘട്ടത്തിലേക്ക് എത്തി നോക്കുമ്പോൾ അദ്ദേഹവും മാഞ്ചസ്റ്റർ യുണൈറ്റഡിനായി ആദ്യ കപ്പുയർത്താൻ സമയം എടുത്തിരുന്നു. എന്നാൽ അതിനു ശേഷം ലോകം കണ്ടത് ആരെയും അമ്പരപ്പിക്കുന്ന യുണൈറ്റഡിന്റെ കുതിപ്പായിരുന്നു. താൻ ചോദിച്ച പ്രിയപ്പെട്ട നമ്പറിന് പകരം 7 ആം നമ്പർ റൊണാൾഡോയ്ക്ക് അണിയാൻ കൊടുത്ത ഫെർഗൂസൻ പിന്നീട് ഒരു വന്യമൃഗത്തെ പോലെ ഗ്രൗണ്ടിൽ വേട്ടയാടാൻ ക്രിസ്റ്റ്യാനോ യെ അഴിച്ചു വിടുന്ന കാഴ്ചയാണ് ലോകം കണ്ടത്.

എന്നാൽ അക്കാലത്തു ടെവസ്,റൂണി,നാനി പോലെയുള്ള അക്രമകാരികൾ ആയ മുന്നേറ്റ നിരക്കാർ റൊണാൾഡോയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. ഇന്ന് കൂടെയുള്ളത് മുഴുവൻ ചോരത്തിളപ്പുള്ള യുവത്വങ്ങളാണ്. അതിൽ പോഗ്ബയും ഫെർണാണ്ടസുമെല്ലാം തങ്ങളുടേതായ മുദ്ര മാഞ്ചസ്റ്ററിൽ പതിപ്പിച്ചെങ്കിലും ഏറെ തുക കൊടുത്തു ടീമിലെത്തിച്ച സാഞ്ചോ യുടെ പെർഫോമൻസ് യുണൈറ്റഡിനെ നിരാശപ്പെടുത്തുന്നു. എന്നിരുന്നാലും നമുക്ക് കാത്തിരിക്കാം പുതിയ യുണൈറ്റഡ് ഒരിക്കൽ കൂടി ആ പഴയ യുണൈറ്റഡ് ആയി മാറുന്നത് കാണാൻ, കൂടാതെ പണ്ടത്തെ ചുവന്ന ചെകുത്താന്റെ പുതിയ തേരോട്ടത്തിനായും.

Rate this post