സൗദിയുടെ പണക്കൊഴുപ്പിൽ വീഴാതെ അർജന്റീന താരങ്ങൾ; മൂന്നാമത്തെ അർജന്റീന താരവും സൗദി ഓഫർ നിരസിച്ചു

ലോകഫുട്ബോളിലെ വമ്പന്മാരെയെല്ലാം സൗദി ക്ലബ്ബുകൾ പണമെറിഞ്ഞ് അവരുടെ ക്ലബ്ബിലേക്ക് കൊണ്ട് പോകുകയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെത്തിച്ച് പണക്കളിക്ക് തുടക്കം കുറിച്ച സൗദി ക്ലബ്ബുകൾ പിന്നീട് ബെൻസേമ, കാന്റെ, സീയെച്ച്, ഫിർമിനോ തുടങ്ങിയ വമ്പന്മാരെയും അവരുടെ ക്ലബ്ബുകളിലേക്കെത്തിച്ചു. ഇനിയും ഒരുപാട് താരങ്ങളെ സൗദി ക്ലബ്ബുകൾ അവരുടെ ടീമിൽ എത്തിക്കും. എന്നാൽ സൗദി ക്ലബ്ബുകളുടെ പണച്ചാക്കിൽ വീഴാത്തവരിൽ പല പ്രമുഖരും അർജന്റീനയിൽ നിന്നുള്ളവരാണ്.

ലയണൽ മെസ്സിക്ക് സൗദി ക്ലബായ അൽ ഹിലാൽ വാഗ്ദാനം ചെയ്തത് ലോകറെക്കോർഡ് തുകയാണ്. എന്നാൽ സൗദി ഓഫർ നിരസിച്ച് മെസ്സി അതിലും കുറവ് ശമ്പളമുള്ള ഇന്റർ മിയാമി തിരഞ്ഞെടുക്കുകയായിരുന്നു. മെസ്സിക്ക് പിന്നാലെ ഏയ്ഞ്ചൽ ഡി മരിയയ്ക്ക് വേണ്ടിയും സൗദി ക്ലബ്ബുകൾ പണമെറിഞ്ഞു നോക്കി. പക്ഷെ ഡി മരിയ ബെൻഫിക്ക തിരഞ്ഞെടുത്തു. ഇപ്പോഴിതാ സൗദി ക്ലബ് അൽ ഹിലാലിന്റെ ഓഫർ തള്ളിയിരിക്കുകയാണ് മറ്റൊരു അർജന്റീന താരമായ ഡിബാല. നിലവിൽ ഇറ്റാലിയൻ ക്ലബ് എഎസ് റോമയ്ക്ക് വേണ്ടിയാണ് ഡിബാല കളിക്കുന്നത്. അവിടെ മികച്ച പ്രകടനമാണ് താരം നടത്തുന്നത്.

റോമയുമായി കരാർ ഇനിയും ബാക്കിയുണ്ടെങ്കിലും 12 മില്യൺ മുടക്കിയാൽ താരത്തെ റാഞ്ചാൻ മറ്റ്‌ ക്ലബ്ബുകൾക്ക് സാധിക്കും. ഈ ആനുകൂല്യം മുതലെടുത്ത് സൗദി ക്ലബ് അൽ ഹിലാൽ താരത്തിനായി നല്ലൊരു ഓഫർ മുന്നോട്ട് വെച്ചിരുന്നു. എന്നാൽ താരം ആ ഓഫർ നിരസിക്കുകയായിരുന്നു. പണത്തിനല്ല താൻ മുൻഗണന നൽകുന്നതെന്ന് അൽ ഹിലാലിന്റെ ഓഫർ നിരസിച്ചതിലൂടെ ഡിബാല വ്യക്തമാക്കുന്നത്. അതെ സമയം പ്രീമിയർ ലീഗ് ക്ലബ് ചെൽസിക്ക് താരത്തെ സ്വന്തമാക്കാൻ താൽപര്യമുണ്ട്. ചെൽസി പരിശീലകന് പോച്ചട്ടീഞ്ഞോയ്ക്ക് താരത്തിൽ താൽപര്യമുണ്ടെങ്കിലും ചെൽസിക്ക് അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത ഇല്ലാത്തത് ഒരു തടസ്സമാണ്. അതിനാൽ ചെൽസിക്ക് താരത്തെ ടീമിലെത്തിക്കാൻ വലിയ ചർച്ചകൾ നടത്തേണ്ടി വരും.

29 കാരനായ താരം നേരത്തെ യുവന്റസിന് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്. തന്റെ കരിയറിൽ താരം ഏറ്റവും കൂടുതൽ മത്സരം കളിച്ചതും യുവന്റസിനൊപ്പമാണ്. 2015 മുതൽ 2022 വരെ നീണ്ട 7 വർഷം യുവന്റസിന് വേണ്ടി കളിച്ച ഡിബാല അവർക്കായി 210 മത്സരങ്ങൾ കളിച്ച താരമാണ്. ലയണൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കുമൊപ്പം ഒന്നിച്ച് കളിയ്ക്കാൻ അവസരം ലഭിച്ച അപൂർവം താരങ്ങളിൽ ഒരാളാണ് ഡിബാല.