മൂന്നു വർഷത്തോളം ഒരുമിച്ച് കളിച്ച താരങ്ങളാണ് പൗളോ ഡിബാലയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. റയൽ മാഡ്രിഡ് വിട്ട റൊണാൾഡോ യുവന്റസിൽ എത്തിയതിനു ശേഷം ഒരുമിച്ചു കളിച്ച താരങ്ങൾ രണ്ടു സീരി എ കിരീടങ്ങളടക്കം നിരവധി ട്രോഫികൾ സ്വന്തമാക്കി. ഒടുവിൽ റൊണാൾഡോ യുവന്റസ് വിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചു പോയപ്പോഴാണ് ആ കൂട്ടുകെട്ട് അവസാനിച്ചത്.
യുവന്റസിൽ ഡിബാലയും റൊണാൾഡോയും തമ്മിലുള്ള ബന്ധം അത്ര സുഖകരമായിരുന്നില്ലെന്നാണ് മുൻപ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. എന്നാൽ അതിൽ യാതൊരു വാസ്‌തവവും ഇല്ലെന്നാണ് ഡിബാല കഴിഞ്ഞ ദിവസം ഡിഎസെഡ്എന്നിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. ചെറിയ പ്രായത്തിൽ റൊണാൾഡോയെ വെറുത്തിരുന്നു കാര്യം താരത്തിന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ടെന്നും ഡിബാല വെളിപ്പെടുത്തി.
“റൊണാൾഡോക്കൊപ്പം മൂന്നു മികച്ച വർഷങ്ങളാണ് ഞങ്ങൾ പൂർത്തിയാക്കിയത്. കരുത്തുറ്റ ടീമിലേക്ക് താരം കൂടുതൽ മികവ് നൽകുകയുണ്ടായി. അർജന്റീനയിൽ മെസി, റൊണാൾഡോ എന്നിവരുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള വൈരി നിലനിന്നിരുന്നു. ഞാൻ എല്ലായിപ്പോഴും ലയണൽ മെസിയുടെ ഭാഗത്തു നിന്നിരുന്ന വ്യക്തിയുമായിരുന്നു.”
“ഒരിക്കൽ ഒരു മത്സരത്തിനായി പോകുന്നതിനിടെ റൊണാൾഡോ എന്റെ അടുത്തേക്ക് വന്നു. പല കാര്യങ്ങളും സംസാരിക്കുന്നതിന്റെ ഇടയിൽ ചെറിയ പ്രായത്തിൽ ഞാൻ നിങ്ങളെ വെറുത്തിരുന്നു എന്നു റൊണാൾഡോയോട് പറഞ്ഞു. അതു പറഞ്ഞ് ഞങ്ങൾ രണ്ടു പേരും ചിരിക്കുകയുണ്ടായി. ഞങ്ങൾ തമ്മിൽ മികച്ച ബന്ധമാണ് യുവന്റസിലുള്ളപ്പോൾ ഉണ്ടായിരുന്നത്.” ഡിബാല വ്യക്തമാക്കി.
🗣️ Paulo Dybala on Cristiano Ronaldo: “Once I told him ‘As a kid, I practically hated you.’ We laughed about it and we’ve always been on good terms.” pic.twitter.com/iZvWQJ19th
— Football Italia (@footballitalia) April 26, 2023
ഈ രണ്ടു താരങ്ങളും ഇപ്പോൾ യുവന്റസിനൊപ്പമില്ല. റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കും പിന്നീട് സൗദി ക്ലബായ അൽ നസ്റിലേക്കും ചേക്കേറിയപ്പോൾ ഡിബാല ഇപ്പോൾ ഇറ്റലിയിലെ തന്നെ മറ്റൊരു ക്ലബായ റോമയുടെ താരമാണ്. യുവന്റസ് കരാർ അവസാനിച്ച് റോമയിലേക്ക് ചേക്കേറിയ താരം മികച്ച പ്രകടനമാണ് ക്ലബിന് വേണ്ടി നടത്തുന്നത്.