സീസണിന്റെ തുടക്കം മുതൽ അവസാനം വരെ മികച്ച പ്രകടനം നടത്തി ലീഗ് കിരീടം നേടാൻ കഴിയുമെന്ന പ്രതീക്ഷയോടെ മുന്നോട്ടു പോയ ആഴ്‌സണൽ ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റിയുടെ തോൽവിക്ക് വേണ്ടി കാത്തിരിക്കുകയാണ്. കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ മൂന്നു സമനിലയും ഒരു തോൽവിയും വഴങ്ങിയ ആഴ്‌സണൽ വ്യക്തമായ ലീഡ് കളഞ്ഞു കുളിച്ച് ലീഗ് കിരീടം നഷ്‌ടമാകുമെന്ന അവസ്ഥയിലാണ് നിൽക്കുന്നത്.
പ്രീമിയർ ലീഗിൽ കൂടുതൽ ശക്തമായ പോരാട്ടം നടത്താൻ കൂടുതൽ മികച്ച സ്‌ക്വാഡ് വേണമെന്ന് മനസിലാക്കിയ ആഴ്‌സണൽ അടുത്ത സീസണിലേക്ക് പുതിയ താരങ്ങളെ എത്തിക്കാനുള്ള പദ്ധതിയിലാണ്. നിരവധി താരങ്ങളെ നോട്ടമിട്ടിട്ടുള്ള അവർക്ക് കുറഞ്ഞ തുകക്ക് ലോകകപ്പ് നേടിയ അർജന്റീന താരത്തെ സ്വന്തമാക്കാനുള്ള അവസരവും ഇപ്പോൾ ലഭിച്ചിട്ടുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം നിലവിൽ ഇറ്റാലിയൻ ക്ലബായ റോമയിൽ കളിക്കുന്ന അർജന്റീന മുന്നേറ്റനിര താരമായ പൗളോ ഡിബാലയെ സ്വന്തമാക്കാനുള്ള അവസരമാണ് ആഴ്‌സണലിന് ലഭിച്ചിരിക്കുന്നത്. ഡിബാലയുടെ കരാറിലുള്ള റിലീസിംഗ് ക്ലോസ് പ്രകാരം മറ്റു ലീഗുകളിലുള്ള ടീമുകൾക്ക് പതിനെട്ടു മില്യൺ പൗണ്ട് നൽകി അർജന്റീന താരത്തെ സ്വന്തമാക്കാൻ അവസരമുണ്ട്.
കഴിഞ്ഞ സമ്മർ ജാലകത്തിൽ യുവന്റസ് വിട്ടു ഫ്രീ ഏജന്റായാണ് പൗളോ ഡിബാല റോമയിൽ എത്തിയത്. ഇറ്റാലിയൻ ലീഗിൽ ടോപ് ഫോറിനായി പൊരുതുന്ന റോമ യൂറോപ്പ ലീഗിൽ സെമി ഫൈനലിലും എത്തിയിട്ടുണ്ട്. ടീമിനായി മികച്ച പ്രകടനമാണ് താരം നടത്തുന്നതെങ്കിലും അടിക്കടിയുള്ള പരിക്കുകൾ അർജന്റീന താരത്തിന് തിരിച്ചടി നൽകുന്നുണ്ട്.
Arsenal given chance for bargain transfer of World Cup winner and it’s not Alexis Mac Allister: https://t.co/zzA1bVMvLw
— Arsenal News (@ArsenalNewsApp) May 3, 2023
അതേസമയം ആഴ്‌സണലിന് മാത്രമല്ല, പ്രീമിയർ ലീഗിലെ മറ്റു പ്രധാന ക്ളബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ്, ന്യൂകാസിൽ യുണൈറ്റഡ്, ടോട്ടനം എന്നിവർക്കും ഡിബാലയെ സ്വന്തമാക്കാൻ അവസരമുണ്ട്. എന്തായാലും ഇരുപത്തിയൊമ്പതു വയസുള്ള അർജന്റീന താരം അടുത്ത സീസണിൽ പ്രീമിയർ ലീഗിലേക്ക് തന്നെ എത്താനുള്ള സാധ്യതയാണ് കാണുന്നത്.