ചെൽസി അപകടകാരികൾ. ആഴ്സണൽ, ലിവർപൂൾ എന്നിവരേക്കാൾ മികച്ചവർ: പെപ്

പ്രീമിയർ ലീഗിൽ 12 റൗണ്ട് മത്സരങ്ങൾ അവസാനിച്ചിരിക്കുന്നു, ഇനി അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേണ്ടി ഇടവേളയാണ്. ഇനിയുള്ള പ്രീമിയർ ലീഗിൽ മത്സരങ്ങൾ നവംബർ 25 മുതലാണ് ആരംഭിക്കുക. പ്രീമിയർ ലീഗിന്റെ പോയിന്റ് ടേബിളിൽ വലിയ മത്സരമാണ് നടന്നുകൊണ്ടിരിക്കുന്നത്. ആദ്യ അഞ്ചു സ്ഥാനക്കാർ തമ്മിലുള്ള പോയിന്റ് വ്യത്യാസം വെറും മൂന്നു പോയിന്റുകൾ മാത്രമാണ്.

നിലവിൽ 28 പോയിന്റ്കളോടെ മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥാനത്തും, 27 വീതം പോയിന്റ്കളോടെ യഥാക്രമം ലിവർപൂൾ,ആഴ്സണൽ രണ്ടും മൂന്നും സ്ഥാനങ്ങളിലും, ഈയടുത്ത ഗെയിം വീക്കുകളിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ടോട്ടൻഹാം 26 പോയിന്റ്‌മായി നാലാം സ്ഥാനത്തും ആസ്റ്റൻവില്ല 25 പോയിന്റ്റുമായി അഞ്ചാമതും തുടരുന്നു.

ഇന്നലെ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന ആവേശകരമായ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ ചെൽസി സമനിലയിൽ തളച്ചിരുന്നു. നാല് തവണ സിറ്റി മുന്നിലെത്തിയിരുന്നെങ്കിലും പിന്നിൽ നിന്നാണ് ചെൽസി ഓരോ വട്ടവും തിരിച്ചടിച്ചു സമനില പിടിച്ചത്. നാല് വീതം ഗോളുകൾ പിറന്ന മത്സരത്തിൽ ഹാലൻഡ് ഇരട്ട ഗോളുകൾ നേടിയപ്പോൾ അകാഞ്ചി, റോഡ്രി എന്നിവർ സിറ്റിയുടെ ഓരോ ഗോളുകളും നേടി.

ചെൽസിക്ക് വേണ്ടി ആദ്യം സിൽവയും പിന്നീട് മുൻ സിറ്റി താരമായിരുന്ന സ്റ്റെർലിങ്ങും, കഴിഞ്ഞ മത്സരത്തിൽ ഹാട്രിക് നേടിയ ജാക്സനും ലക്ഷ്യം കണ്ടപ്പോൾ ആവേശകരമായ സമനില നേടിയത് ഇഞ്ചുറി ടൈമിലെ 95 മിനിറ്റിൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നു തന്നെ ചെൽസിയിൽ എത്തിയ പാൽമർ നേടിയ പെനാൽറ്റി ഗോളിലൂടെയായിരുന്നു. മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഗോളടിച്ച രണ്ടുപേരും മുൻ മാഞ്ചസ്റ്റർ സിറ്റി താരങ്ങളായിരുന്നു എന്ന പ്രത്യേകതയുമുണ്ട്.

ചെൽസിക്കെതിരെയുള്ള മത്സരത്തിനുശേഷം മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ ഗാഡിയോള ചില പ്രതികരണങ്ങൾ നടത്തിയിട്ടുണ്ട്. ലിവർപൂൾ ആഴ്സണൽ എന്നിവരെക്കാൾ മികച്ച ടീമാണ് ചെൽസിയെന്നാണ് പെപ് അഭിപ്രായപ്പെട്ടത്.”ചെൽസി അപകടകാരികൾ,ആഴ്സണൽ, ലിവർപൂൾ എന്നിവരേക്കാൾ മികച്ചവർ, ലീവർപൂളിനു അവരോട് ജയിക്കാനായില്ല,ആഴ്സണൽ ആവട്ടെ തോൽവിയിൽ നിന്നും കഷ്ടി രക്ഷപ്പെട്ടു.. “

“ചെൽസി അകലെയാണെന്നാണ് ആളുകൾ വിശ്വസിക്കുന്നത്,അതിനാൽ ഒരു ടീമെന്ന നിലയിൽ ഇപ്പോൾ ചെൽസി വളരെയധികം മികച്ചു നിൽക്കുന്നു, അവരുടെ ടീം മികച്ചതാണ്. അവർക്ക് ശാരീരികക്ഷമതയുണ്ട്, അവർക്ക് കഴിവുണ്ട്, അവർക്ക് വേഗതയുണ്ട്, അവർക്ക് ബെഞ്ചുണ്ട്, അവർക്ക് ധാരാളം കാര്യങ്ങളുണ്ട്.അവർ വരും വർഷങ്ങളിലേക്കുള്ള ടീമിനെ നിർമ്മിക്കുകയാണ്.”

“ഇനി രാജ്യാന്തര മത്സരങ്ങൾക്കുള്ള ഇടവേളയാണ്, ആഴ്സനലിതിരെ മത്സരത്തിൽ തോൽക്കും എന്ന് വിചാരിച്ചിരുന്നില്ല, എന്നിരുന്നാലും പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത്, ചാമ്പ്യൻസ് ലീഗിൽ അടുത്ത റൗണ്ടിൽ കടന്നു, വൗ.. വളരെയധികം സന്തോഷം തോന്നുന്നു” ഗാഡിയോള കൂട്ടിച്ചേർത്തു.

മാഞ്ചസ്റ്റർ സിറ്റിക്ക് രാജ്യാന്തരമത്സരങ്ങളുടെ ഇടവേളക്കു ശേഷമുള്ള മത്സരങ്ങൾ ടോപ്പ് ഫൈവിൽ പെട്ടവരോടാണ്. ലിവർപൂൾ,ടോട്ടൻഹാം ആസ്റ്റൻ വില്ല എന്നിവരാണ് പ്രീമിയർ ലീഗിൽ സിറ്റിയുടെ അടുത്ത എതിരാളികൾ.

4.4/5 - (7 votes)