ഹാലൻഡും ലയണൽ മെസ്സിയും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കി പെപ് ഗാർഡിയോള

ഇതിഹാസ പരിശീലകൻ പെപ് ഗ്വാർഡിയോളക്ക് കീഴിൽ ഒരുപാട് കാലം കളിച്ചിട്ടുള്ള താരമാണ് ലയണൽ മെസ്സി. മെസ്സിയുടെ സുവർണ്ണ കാലഘട്ടം എന്ന് തന്നെ അതിനെ വിശേഷിപ്പിക്കാം. മെസ്സിയെ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തിയ പരിശീലകരിൽ ഒരാൾ കൂടിയാണ് പെപ് ഗ്വാർഡിയോള. ടീമിനോടൊപ്പം വ്യക്തിഗതമായും നിരവധി നേട്ടങ്ങളും റെക്കോർഡുകളും ആ സമയത്ത് മെസ്സി വാരിക്കൂട്ടിയിരുന്നു.

ഇന്ന് പെപ് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനാണ്.പെപിന് കീഴിൽ ഇപ്പോൾ ഗോളടിച്ചു കൂട്ടുന്നതും നേട്ടങ്ങൾ കരസ്ഥമാക്കുന്നതും മറ്റൊരു സൂപ്പർതാരമായ എർലിംഗ് ഹാലന്റാണ്. ഈ സീസണിൽ ഇപ്പോൾ തന്നെ 17 ഗോളുകൾ നേടി കൊണ്ട് എർലിംഗ് ഹാലന്റ് എല്ലാവരെയും അമ്പരപ്പിച്ചു കളഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ഡെർബി മത്സരത്തിൽ യുണൈറ്റഡിനെതിരെ ഹാട്രിക്ക് നേടാൻ ഹാലന്റിന് സാധിച്ചിരുന്നു.ഈ മത്സരത്തിന് ശേഷം നടന്ന അഭിമുഖത്തിൽ മെസ്സിയും ഹാലന്റും തമ്മിലുള്ള വ്യത്യാസം എന്താണ് എന്നുള്ളത് പെപിനോട് മാധ്യമപ്രവർത്തകൻ ചോദിച്ചിരുന്നു. വളരെ വ്യക്തമായ രൂപത്തിലാണ് ഇതിന് പെപ് മറുപടി നൽകിയിട്ടുള്ളത്.

‘ ഏർലിങ്‌ ഹാലന്റിന് ഗോളടിക്കാൻ പലപ്പോഴും അദ്ദേഹത്തിന്റെ എല്ലാ സഹതാരങ്ങളുടെയും സഹായം ആവശ്യമായി വരുന്നു.എന്നാൽ മെസ്സിയുടെ കാര്യത്തിൽ അങ്ങനെയല്ല.മെസ്സിക്ക് ഗോൾ നേടാൻ അദ്ദേഹം തന്നെ മതി. സ്വന്തം പ്രതിഭ കൊണ്ട് ഗോൾ നേടാൻ കഴിവുള്ള താരമാണ് ലയണൽ മെസ്സി. ഇതാണ് ഇരുവരും തമ്മിലുള്ള വ്യത്യാസം ‘പെപ് പറഞ്ഞു.

തീർച്ചയായും വളരെ വ്യക്തമായ ഒരു വിശദീകരണമാണ് അദ്ദേഹം പങ്കുവെച്ചത്.ഹാലന്റ് ഒരു തികഞ്ഞ സ്ട്രൈക്കർ മാത്രമാണ്. മത്സരത്തിൽ വളരെ ടച്ചുകൾ കുറവുള്ള ഒരു താരമാണ് ഹാലന്റ്.എന്നാൽ മെസ്സി അങ്ങനെയല്ല.സ്ട്രൈക്കർ, പ്ലേ മേക്കർ എന്ന രണ്ട് റോളുകളാണ് മെസ്സി വഹിക്കുന്നത്. മൈതാന മധ്യത്തിൽ നിന്ന് തുടങ്ങുന്ന മുന്നേറ്റങ്ങൾ വരെ ഗോളാക്കി മാറ്റാനുള്ള കഴിവുള്ള താരമാണ് മെസ്സി.