റൊണാൾഡോ, മെസി എന്നിവരെ തഴഞ്ഞ് ഏറ്റവും മികച്ച താരത്തെ തിരഞ്ഞെടുത്തത് മാഞ്ചസ്റ്റർ സിറ്റി താരം ഫിൽ ഫോഡൻ
സമകാലീന ഫുട്ബോളിൽ കണ്ട ഏറ്റവും മികച്ച താരമേതെന്ന ചോദ്യം നിലവിലുള്ള ഏതെങ്കിലും താരത്തോട് ചോദിച്ചാൽ അതിനുള്ള മറുപടിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയോ ലയണൽ മെസിയോ ഉണ്ടാകുന്നത് സ്വാഭാവികമാണ്. മറ്റൊരാളെക്കുറിച്ച് ചിന്തിക്കാൻ കഴിയാത്തത്രയും നേട്ടങ്ങളും അസാമാന്യ പ്രകടനവും ഈ രണ്ടു താരങ്ങളും കാഴ്‌ച വെച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളായി കരുതപ്പെടുന്ന ഈ രണ്ടു പേരും ഇപ്പോഴും ആരാധകരുടെ മനസ്സിൽ അതുപോലെ തന്നെ തുടരുന്നത്.
എന്നാൽ മാഞ്ചസ്റ്റർ സിറ്റി താരമായ ഫിൽ ഫോഡന് ഇക്കാര്യത്തിൽ വ്യത്യസ്‌തമായ അഭിപ്രായമാണുള്ളത്. കഴിഞ്ഞ ദിവസം താൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച താരത്തെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ മെസിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും പേരുകൾ ഇംഗ്ലണ്ട് താരം പറഞ്ഞില്ല. അതിനു പകരം തന്റെ മാഞ്ചസ്റ്റർ സിറ്റി സഹതാരമായ കെവിൻ ഡി ബ്രൂയ്നെ തിരഞ്ഞെടുത്ത ഫിൽ ഫോഡൻ മുൻ മാഞ്ചസ്റ്റർ സിറ്റി താരമായ ഡേവിഡ് സിൽവയെക്കുറിച്ചും പ്രത്യേകം പരാമര്ശിക്കുകയുണ്ടായി.
“അതു വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഞാൻ ഫുട്ബോൾ കണ്ട് വളർന്നു വരുന്ന സമയത്ത് ഡേവിഡ് സിൽവയെയാണ് ഇഷ്‌ടപ്പെട്ടിരുന്നത്. എന്നാൽ കെവിൻ ഡി ബ്രൂയ്ൻ ഓരോ ദിവസവും പരിശീലനത്തിൽ ചെയ്യുന്ന കാര്യങ്ങൾ കാണുമ്പോൾ അതിൽ മാറ്റമുണ്ടായിര. അവിശ്വസനീയ താരമാണ് അദ്ദേഹം. ഞാൻ കണ്ടിട്ടുള്ളതിലും കൂടെ കളിച്ചിട്ടുള്ളതിലും ഏറ്റവും മികച്ച കളിക്കാരൻ കെവിൻ ഡി ബ്രൂയ്ൻ ആണെന്നു കരുതുന്നു.” ഫോഡൻ പറഞ്ഞത് ഫോർ ഫോർ ടു റിപ്പോർട്ടു ചെയ്‌തു.
Manchester City midfielder Phil Foden snubbed Cristiano Ronaldo and Lionel Messi as he named Kevin De Bruyne as the best player he has ever seen. https://t.co/IGsDk3nu4F
— Sportskeeda Football (@skworldfootball) September 12, 2022
മാഞ്ചസ്റ്റർ സിറ്റി താരം സിൽവയെപ്പോലൊരു കളിക്കാരനായി വരാനാണ് എപ്പോഴും ആഗ്രഹിച്ചിരുന്നതെന്നും ഫിൽ ഫോഡൻ പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റി തന്നെ സ്‌കൗട്ട് ചെയ്‌ത് അവർക്കൊപ്പം പരിശീലനം ആരംഭിച്ച കാലം മുതൽക്കു തന്നെ ക്ലബിനോട് ഇഷ്‌ടമായിരുന്നുവെന്നും ഡേവിഡ് സിൽവയെയാണ് താൻ മാതൃകയാക്കിയതെന്നും ഫോഡൻ പറഞ്ഞു. മികച്ച താരങ്ങളെ കാണുന്ന സമയത്ത് അവരെപ്പോലെയാകുന്നത് സ്വപ്‌നം കണ്ടിരുന്നുവെന്നും ഫോഡൻ വെളിപ്പെടുത്തി.
ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയുടെ പ്രധാന ഗോൾവേട്ടക്കാരനായ എർലിങ് ഹാലാൻഡിനൊപ്പം ചേർന്ന് മികച്ച പ്രകടനം നടത്താൻ ഫിൽ ഫോഡന് കഴിയുന്നുണ്ട്. സീസണിൽ എട്ടു മത്സരങ്ങൾ കളിച്ച താരം ഇതുവരെ രണ്ടു ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് സ്വന്തമാക്കിയത്. പെപ് ഗ്വാർഡിയോളയുടെ വിശ്വസ്‌തനായ താരം മാഞ്ചസ്റ്റർ സിറ്റിക്കു വേണ്ടി ഇതുവരെ 177 മത്സരങ്ങൾ കളിച്ച് 47 ഗോളും 35 അസിസ്റ്റുമാണ് നേടിയിട്ടുള്ളത്.