തകർപ്പൻ ഫ്രീകിക്ക് ഗോളോടെ ഖത്തറിലെ അരങ്ങേറ്റം ഗംഭീരമാക്കി ബ്രസീലിയൻ സൂപ്പർ താരം ഫിലിപ്പ് കുട്ടീന്യോ|Philippe Coutinho

സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ആസ്റ്റൺ വില്ലയിൽ നിന്ന് ഒരു സീസൺ ലോണിൽ ഖത്തറി ക്ലബ് അൽ-ദുഹൈലിൽ ചേർന്ന ബ്രസീലിയൻ സൂപ്പർ താരം ഫിലിപ്പ് കുട്ടീന്യോക്ക് പരിക്ക് മൂലം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അരങ്ങേറ്റത്തിന് ക്ഷമയോടെ കാത്തിരിക്കേണ്ടി വന്നു.

എന്നാൽ ഖത്തർ ലീഗിൽ ഒരു ഫ്രീകിക്കിൽ നിന്ന് ഗോൾ നേടി അൽ-ദുഹൈലിനു വേണ്ടിയുള്ള അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് ഫിലിപ്പ് കുട്ടീന്യോ. ഇന്നലെ അൽ ജനൂബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അൽ-ദുഹൈൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അൽ മർഖിയയെ പരാജയപ്പെടുത്തി.അർജന്റീന ഇതിഹാസം ഹെർണൻ ക്രെസ്‌പോയാണ് അൽ ദുഹൈലിന്റെ പരിശീലകൻ.മത്സരത്തിന്റെ ആദ്യ 15 മിനിറ്റിൽ തന്നെ കുട്ടീഞ്ഞോ തന്റെ കഴിവ് തെളിയിച്ചു.

മധ്യനിരയിൽ പന്ത് സ്വീകരിച്ച താരം പ്രതിരോധത്തിലൂടെ അതിവേഗം പാഞ്ഞു, രണ്ട് എതിരാളികളെ ഡ്രിബിൾ ചെയ്ത് മുന്നേറിയെങ്കിലും പെനാൽറ്റി ബോക്‌സിൽവെച്ച് ഫൗൾ ചെയ്യപ്പെട്ടു .റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി. കിക്കെടുത്ത കെനിയൻ സ്‌ട്രൈക്കർ മൈക്കൽ ഒലുംഗ അത് ഗോളാക്കി മാറ്റി ദുഹൈലിനെ മുന്നിലെത്തിച്ചു.പത്ത് മിനിറ്റിന് ശേഷം അൽ മർഖിയ താരം ഫെറ്റൂഹി മത്സരം സമനിലയിലാക്കി.

ആദ്യ പകുതിയുടെ അധികസമയത്ത് ലഭിച്ച ഫ്രീകിക്കിൽ നിന്നും നേടിയ ഗോളിൽ കുട്ടീന്യോ ദുഹൈലിനെ മുന്നിലെത്തിക്കുകയും മൂന്നു പോയിന്റ് നേടികൊടുക്കുകയും ചെയ്തു. വിജയത്തോടെ അവർ ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.അരങ്ങേറ്റത്തിൽ കൂട്ടിൻഹോ 62 മിനിറ്റ് ദുഹൈലിനായി മൈതാനത്തുണ്ടായിരുന്നു. പ്രീമിയർ ലീഗ് ട്രാൻസ്ഫർ വിൻഡോ അടച്ചതിനു ശേഷവും സെപ്റ്റംബർ 18 വരെ ഖത്തറി ട്രാൻസ്ഫർ വിൻഡോ തുറന്നിരുന്നതിനാലാണ് കുട്ടീന്യോയുടെ അൽ ദുഹൈലിലേക്കുള്ള ട്രാൻസ്ഫർ സാധ്യമായത്.

Rate this post