“കോവിഡിൽ നഷ്‌ടമായ ആത്മവിശ്വാസം തിരിച്ചു പിടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് “

കോവിഡ് ഏൽപ്പിച്ച വെല്ലുവിളികളെ അതിജീവിച്ച് ഈസ്റ്റ് ബംഗാളിനെതിരെ നേടിയ വിജയത്തിന് ഇതുവരെ നേടിയ വിജയങ്ങളെക്കാൾ മധുരം ഉണ്ടായിരുന്നു. സ്വപ്നതുല്യമായ യാത്രയിലൂടെ ഈ സീസണിൽ പോവുകയായിരുന്ന ബ്ലാസ്റ്റേഴ്സിന് കോവി ഡ് അപ്രതീക്ഷിത തിരിച്ചടിയാണ് നലകിയത്. ആരാധകർക്ക് എല്ലാം മറന്ന് ആഹ്ളാദിക്കാൻ പോന്നൊരു പ്രകടനമൊന്നുമായിരുന്നില്ല അഡ്രിയൻ ലൂണയും സംഘവും ഈസ്റ്റ് ബംഗാളിനെതിരെ പുറത്തെടുത്തത്.

എന്നാൽ, ലീഗിലെ മുന്നോട്ടുള്ള യാത്രയിൽ അതിനിർണായകമായൊരു വിജയം കുറിക്കാൻ ടീമിനായി. കോവിഡിൽ നിന്ന് കരകയറാൻ സമയം കിട്ടുന്നതിന് മുമ്പ് തുടർച്ചയായി മത്സരങ്ങൾ കളിക്കേണ്ട അവസ്ഥയിലായ ടീമിന്,കിട്ടാവുന്നതിൽ ഏറ്റവും എളുപ്പമുള്ള എതിരാളിയായിരുന്നു ഈസ്റ്റ് ബംഗാൾ . പ്രധാന താരങ്ങളിൽ പലരും പരിക്കും,സസ്‌പെൻഷനും കാരണം കളിക്കാത്ത മത്സരത്തിന്റെ റിസൾട്ട് എന്താകുമെന്ന് ആരാധകർക്ക് ആശങ്കയുണ്ടായിരുന്നു.

സീസണിൽ ഇതുവരെ കളിച്ചിരുന്ന സുന്ദര ഫുട്ബോളിൽ നിന്ന് വ്യത്യസ്തമായ കളിയാണ് കോവിഡിന് ശേഷം തിരികെ എത്തിയ ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നത്. വേഗത്തിലും താളത്തിലും പഴയ പോലെ കുതിപ്പ് നടത്താൻ സാധിക്കാത്തത് കൊണ്ട് തന്നെ മിഡ്‌ഫീൽഡ് കേന്ത്രീകരിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ കളിക്കുന്നത്. ലെസ്‌കോവിച്ച് ,ഖബ്രറ ,നിഷു കുമാർ തുടങ്ങി പ്രമുഖരില്ലാതെ ഇറങ്ങിയ ടീമിൽ പകരക്കാരായി വന്നവരെല്ലാം അവസരത്തിനൊത്ത് ഉയർന്നപ്പോൾ ടീം ആഗ്രഹിച്ച റിസൾട്ട് തന്നെയാണ് ലഭിച്ചതെന്ന് പറയാം.

ഡിഫെൻസിവ് ലൈൻ ഭംഗിയായി കൈകാര്യം ചെയ്യാൻ സിപോവിച്ച് ,ബിജോയ്,സന്ദീപ്,സഞ്ജീവ് തുടങ്ങിയവർക്കായി. പോയിന്റ് പട്ടികയിൽ ആദ്യ 8 സ്ഥാനത്തുള്ളവർക്കും സെമിഫൈനൽ സാധ്യത ഉള്ളതിനാൽ തന്നെ ഓരോ പോയിന്റും അതിനിർണായകമാണ്.കളത്തിലെ പാർട്നർഷിപ്പുകളിലൂടെയാണ് 4 -4 -2 ശൈലിയിൽ കളിക്കുന്ന ബ്ലാസ്റ്റേഴ്‌സ് കളി മുന്നോട്ടുപോയിരുന്നത് .

ഒരു ജോടി സ്ട്രൈക്കർമാരും മധ്യനിരക്കാരും ഇരുപാർശ്വത്തിലൂടെയും കുതിക്കുന്ന വിങ്ങർമാരും ചേരുന്ന ‘ഒത്തുകളി’യിലാണു രസതന്ത്രം.ഈ രസതന്ത്ര ശൈലി അതിമനോഹരമായി കളിച്ചു വന്ന ടീം മനോഹര ഫുട്ബോൾ കളിക്കുന്നതിനേക്കാൾ വിലപ്പെട്ട 3 പോയിന്റുകൾക്കാണ് പ്രാധന്യം നൽകിയത്-ഉചിതമായ സമയത്ത് യോജിച്ച കളി പുറത്തെടുത്ത ബ്ലാസ്റ്റേഴ്സിന് അഭിമാനിക്കാം .

15 മത്സരങ്ങളിൽ നിന്നും ഏഴു വിജയങ്ങളും 26 പോയിന്റുമാണ് ഈ സീസണിൽ ഇതുവരെ ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. ശനിയാഴ്ച രണ്ടാം സ്ഥാനത്തുള്ള എടികെയുമായും ശേഷം ​ഫെബ്രുവരി 23ന് ഒന്നാം സ്ഥാനത്തുള്ള ഹൈദരാബാദുമായിയാണ് ബ്ലാസ്റ്റേഴ്സിന്റെ വരും മത്സരങ്ങൾ. ആദ്യ മത്സരത്തിലെ തോൽവിക്ക് ശനിയാഴ്ച പകരം വീട്ടാനുള്ള ഒരുക്കത്തിലാണ് ബ്ലാസ്റ്റേഴ്‌സ്.

Rate this post