ആദ്യം കളിച്ചു കാണിക്കൂ, അല്ലെങ്കിൽ വായടച്ചു മിണ്ടാതിരിക്കൂ; പോഗ്ബക്കെതിരെ രൂക്ഷവിമർശനം

റയൽ മാഡ്രിഡിലേക്കു ചേക്കേറുക തന്റെ സ്വപ്നമാണെന്നു വെളിപ്പെടുത്തിയ പോഗ്ബക്കെതിരെ രൂക്ഷവിമർശനവുമായി മുൻ നോർവീജിയൻ താരവും ഇഎസ്പിഎൻ പണ്ഡിറ്റുമായ യാൻ ഏജ് ഫോർടോഫ്റ്റ്. സിനദിൻ സിദാനു കീഴിലും റയൽ മാഡ്രിഡിലും കളിക്കുക തന്റെ സ്വപ്നമാണെന്നു വെളിപ്പെടുത്തിയ താരത്തോട് ആദ്യം കളിക്കളത്തിൽ വല്ലതും ചെയ്തു കാണിക്കാനാണ് മുൻ നോർവേ താരം പറഞ്ഞത്.

ഫോർടോഫ്റ്റിന്റെ വാക്കുകൾക്ക് പിന്തുണയുമായി മുൻ ലിവർപൂൾ താരമായ സ്റ്റീവ് നികോളും രംഗത്തെത്തി. “ആരെങ്കിലും ഒരു ചോദ്യം ചോദിച്ചാൽ അതിനു മറുപടി പറയേണ്ട ആവശ്യമില്ല. ഇനിയതു നിർബന്ധമാണെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തൃപ്തനാണെന്നും അതിനെ കുറിച്ചു മാത്രമാണു ചിന്തിക്കുന്നതെന്നുമാണ് പറയേണ്ടത്.” നികോൾ പറഞ്ഞു.

“പോഗ്ബയെക്കുറിച്ച് ഇതു കൂടുതൽ മനസിലാക്കി തരുന്നു. ഞാൻ താരത്തെ പിന്തുണച്ചിരുന്നു. പ്രത്യേകിച്ചും പോഗ്ബ യുണൈറ്റഡിലെത്തിയ ആദ്യ രണ്ടു വർഷങ്ങളിൽ. എന്നാൽ അദ്ദേഹത്തിന് യാതൊരു നേതൃഗുണവുമില്ലെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.” നികോൾ തുറന്നടിച്ചു.

ഒരു വർഷത്തോളമായി തന്റെ ഫോമിന്റെ അടുത്തെത്താൻ കഴിഞ്ഞിട്ടില്ലാത്ത താരമായ പോഗ്ബ കളിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡും ദയനീയമായ പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഇതിനിടയിൽ താരം റയലിൽ കളിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തിയത് ആരാധകർക്കും അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.

Rate this post