ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ജംഷഡ്പൂർ എഫ് സി എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. കോവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള മൂന്നു മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് നേരിടുന്ന രണ്ടാമത്തെ പരാജയമായിരുന്നു ഇത്.ഗ്രെഗ് സ്റ്റുവാർട്ടിന്റെ രണ്ട് പെനാൽറ്റി ഗോളുകളും ഡാനിയൽ ചിമയുടെ ഗോളുമാണ് ജംഷദ്പൂരിനെ വിജയത്തിലേക്ക് നയിച്ചത്. മൂന്നു പോയിന്റുകൾ നേടി ജംഷെഡ്പൂർ രണ്ടാം സ്ഥാനത്തേക്കുയർന്നപ്പോൾ കേരളാ ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തേക്ക് കൂപ്പുകുത്തി.
പരാജയത്തിൽ നിരാശരായിരിക്കാതെ ഇനിയുള്ള മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഒരുക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്,14 ആം തീയതി ഈസ്റ്റ് ബംഗാളിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ഇനിയുള്ള ഓരോ മത്സരവും മുന്നോട്ടുള്ള യാത്രയിൽ കേരള ടീമിന് പ്രധാനപട്ടതാണ്. വർഷങ്ങൾക്ക് ശേഷം പ്ലെ ഓഫ് മാത്രമല്ല കിരീടവും ബ്ലാസ്റ്റേഴ്സ് സ്വപ്നം കാണാൻ തുടങ്ങിയിരുന്നു. അത്കൊണ്ട് തന്നെ ഇനിയുള്ള എല്ലാ മത്സരങ്ങളിലും ടീമുകളുടെ വലിപ്പച്ചെറുപ്പം നോക്കാതെ കഠിനാധ്വാനം ചെയ്യേണ്ടി വരും.വലിയ പ്രതീക്ഷകളൊന്നുമില്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ഈ സീസൺ തുടങ്ങിയത്. അതുകൊണ്ട് തന്നെ ടീമിന്റെ ഇതുവരയുള്ള പ്രകടനത്തിൽ ആരാധകർ വളരെ തൃപ്തരാണ് എന്നതിൽ സംശയമില്ല .
ഇന്നലത്തെ തോൽവിയോടെ കുറച്ചു നാളുകൾക്ക് ശേഷം ബ്ലാസ്റ്റേഴ്സ് പ്ലെ ഓഫ് സ്പോട്ടിൽ നിന്നും പുറത്തായിരിക്കുകയാണ്. എന്നാൽ ജാംഷെഡ്പൂരിനെതിരെ മൂന്നു പോയിന്റുകൾ നേടാൻ സാധിക്കാത്തത് വലിയ നഷ്ടമായി തോന്നുന്നില്ലെന്നും ഇനിയും എല്ലാ ടീമുകൾക്കും ധാരാളം മത്സരങ്ങൾ ബാക്കിയുണ്ട്. അവസാന മത്സരത്തിലെ അവസാന നിമിഷം വരെയും ഞങൾ പോയിന്റുകൾക്കായി പോരാടും എന്ന് ഇവാൻ മത്സര ശേഷം പറഞ്ഞിരുന്നു. പരിശീലകന്റെ ഈ ആത്മവിശ്വാസം നിറഞ്ഞ വാക്കുകൾ തന്നെയാണ് ബ്ലാസ്റ്റേഴ്സിനെ മുന്നോട് നയിക്കുന്നത്.
മൂന്നു ദിവസത്തിന് ശേഷം 14-ന് ഈസ്റ്റ് ബംഗാൾ ,19-ന് എടികെ മോഹൻ ബഗാൻ, 23-ന് ഹൈദരാബാദ് എഫ്സി, 26-ന് ചെന്നൈയിൻ എഫ്സി, മാർച്ച് രണ്ടിന് മുംബൈ സിറ്റി, മാർച്ച് ആറിന് എഫ്സി ഗോവ എന്നിവർക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ഇനിയുള്ള മത്സരങ്ങൾ. പ്ലെ ഓഫിൽ സ്ഥാനം പിടിക്കാൻ ഇനിയുള്ള മത്സരങ്ങളിൽ മൂന്നു ജയമെങ്കിലും ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കണം.