അപ്രതീക്ഷിത ട്രാൻസ്ഫറുമായി ലിവർപൂൾ, പോർച്ചുഗീസ് സൂപ്പർതാരത്തെ വൻതുക നൽകി സ്വന്തമാക്കി

ബയേൺ മ്യൂണിക്ക് താരമായ തിയാഗോ അൽകാൻട്രയുടെ ട്രാൻസ്ഫറിൽ നിർത്താതെ ലിവർപൂൾ. ഈ സീസണിൽ പ്രീമിയർ ലീഗ് കിരീടം നിലനിർത്താൻ വേണ്ടി പ്രീമിയർ ലീഗ് ക്ലബായ വോൾവ്സിന്റെ പോർച്ചുഗീസ് താരമായ ഡീഗോ ജോട്ടയെ ടീമിലെത്തിക്കാനാണ് ലിവർപൂൾ ഒരുങ്ങുന്നത്. താരം മെഡിക്കൽ പരിശോധനകൾക്കായി ലിവർപൂളിലെത്തിയിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

ഏതാണ്ട് അർപതു മില്യനോളം തുക നൽകിയാണ് ഇരുപത്തിമൂന്നുകാരനായ താരത്തെ ലിവർപൂൾ സ്വന്തമാക്കുന്നത്. ലിവർപൂൾ പ്രതിരോധ താരമായ കി-ജാന ഹോവർ പത്തു മില്യൺ യൂറോയുടെ ട്രാൻസ്ഫറിൽ വോൾവ്സിലേക്കും ചേക്കേറും. തിയാഗോയെ സ്വന്തമാക്കി മണിക്കൂറുകൾ മാത്രം പിന്നിട്ടിരിക്കെയാണ് പുതിയ സൈനിംഗ് ലിവർപൂൾ പൂർത്തിയാക്കുന്നത്.

കഴിഞ്ഞ സീസണിൽ പതിനാലു ഗോളുകളാണ് ജോട്ട വോൾവ്സിനു വേണ്ടി നേടിയത്. മുന്നേറ്റനിരയിൽ ഏതു പൊസിഷനിലും കളിക്കാൻ കഴിയുന്ന ജോട്ട ക്ളോപ്പിന്റെ തന്ത്രങ്ങള നടപ്പിൽ വരുത്താൻ വളരെയധികം സഹായിക്കുന്ന കളിക്കാരനാണ്. അതേ സമയം അയാക്സിൽ നിന്നും ലിവർപൂളിലെത്തിയ ഹോവർ ക്ലോപ്പിനു കീഴിൽ നാലു മത്സരങ്ങളിലാണു കളിച്ചിട്ടുള്ളത്.

ട്രാൻസ്ഫർ മാർക്കറ്റിൽ നിശബ്ദരായിരുന്ന ലിവർപൂൾ പെട്ടെന്നാണ് ആരാധകരെയടക്കം ഞെട്ടിക്കുന്ന സൈനിംഗുകൾ പൂർത്തിയാക്കാൻ ആരംഭിച്ചത്. ലീഡ്സിനെതിരായ ആദ്യ മത്സരത്തിൽ ടീം പതറിയതാണ് ഇതിനു കാരണമെന്നാണു കരുതാനാവുക. എന്തായാലും ഇത്തവണ പ്രീമിയർ ലീഗ് പോരാട്ടം കടുക്കുമെന്ന് ഉറപ്പാണ്.

Rate this post