റൊണാൾഡോക്ക് ലോകകപ്പ് കളിക്കാൻ പ്ലെ ഓഫ് കളിക്കണം ; സെർബിയ ഖത്തറിലേക്ക് ടിക്കറ്റ് ഉറപ്പിച്ചു

അലക്‌സാണ്ടർ മിട്രോവിച്ചിന്റെ ഇഞ്ച്വറി സമയത്തെ ഗോൾ തകർത്തത് പോർച്ചുഗീസ് സ്വപ്നങ്ങളെയാണ്.90 മിനിറ്റിൽ മിട്രോവിച്ചിന്റെ ഹെഡർ ഗോൾ സമ്മാനിച്ചത് 2022 ലെ ഖത്തർ ലോകകപ്പിനു സെർബിയക്ക് ഉള്ള ടിക്കറ്റും. തന്റെ പെനാൽട്ടി നഷ്ടം രാജ്യത്തിനു യൂറോ യോഗ്യത നഷ്ടമാക്കിയപ്പോൾ അതിനു രാജ്യത്തിനു ലോകകപ്പ് യോഗ്യത നേടി നൽകിയാണ് ഇത്തവണ മിട്രോവിച്ചിന്റെ പ്രായശ്ചിത്തം.

പോർച്ചുഗലിനെ അവരുടെ തട്ടകത്തിൽ മലർത്തിയടിച്ച് സെർബിയ ഖത്തറിലേക്ക്.മത്സരം 1-1ന് സമനിലയിൽ നിൽക്കെ 90 ആം മിനിറ്റിൽ മിട്രോവിച്ച് നേടിയ ഹെഡർ ഗോളാണ് പറങ്കിപ്പടയുടെ കഥ കഴിച്ചത്. ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട പോർച്ചുഗലിന് ലോകകപ്പിൽ എത്താൻ ഇനി പ്ലേ ഓഫ് കളിച്ച് ജയിക്കണം. എട്ടാം ലോകകപ്പ് യോഗ്യത മത്സരത്തിൽ നിന്നു മിട്രോവിച്ചിന്റെ എട്ടാം ഗോൾ ആയിരുന്നു ഈ ചരിത്ര ഗോൾ. ഗ്രൂപ്പ് എയിൽ പോർച്ചുഗലിനെ അവരുടെ മൈതാനത്ത് നേരിടുമ്പോൾ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് ആയിരുന്നു സെർബിയ.

രണ്ടാം മിനിറ്റിൽ റെനാറ്റോ സാഞ്ചസിന്റെ ഗോളിൽ പോർച്ചുഗലാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ, 33 ആം മിനിറ്റിൽ ടെഡിച്ച് സെർബിയയുടെ ഇക്വലൈസർ സ്വന്തമാക്കി. സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് മത്സരത്തിൽ സ്വതസിദ്ധമായ പ്രകടനം പുറത്തെടുക്കാൻ ആയില്ല. കഴിഞ്ഞ മൂന്നു കളികളിൽ ഗോൾ വഴങ്ങാത്ത പോർച്ചുഗീസ് വലയിലേക്ക് 33 മത്തെ മിനിറ്റിൽ സാസ ലുകിച്ചിന്റെ പാസിൽ നിന്നു പന്ത് തുസാൻ ടാഡിച്ച് സെർബിയക്ക് മത്സരത്തിൽ സമനില ഗോൾ സമ്മാനിച്ചു.

രണ്ടാം പകുതിയിൽ പോർച്ചുഗൽ പ്രതിരോധ നിരയെ മുൾമുനയിൽ നിർത്തി നിരവധി ആക്രമണങ്ങളാണ് സെർബിയ നടത്തിയത്. ലോകകപ്പിന് യോഗ്യത നേടാൻ സെർബിയയ്ക്ക് പോർച്ചുഗലിനെതിരെ ജയം അനിവാര്യമായിരുന്നു. എന്നാൽ, ഗോൾ ശരാശരിയിൽ മുന്നിലായിരുന്ന പോർച്ചുഗലിന് സമനില പിടിച്ചാലും ഖത്തറിലേക്കുള്ള ടിക്കറ്റ് ലഭിക്കുമായിരുന്നു.ഇഞ്ച്വറി സമയത്ത് 90 മത്തെ മിനിറ്റിൽ ടാഡിച്ചിന്റെ മനോഹരമായ ക്രോസിൽ നിന്നു മികച്ച ഹെഡറിലൂടെ ഫുൾഹാമിന്റെ മിട്രോവിച്ച്‌ നേടിയ ഗോൾ സെർബിയക്ക് വേൾഡ് കപ്പ് യോഗ്യത സമ്മാനിച്ചു.

പന്തടക്കത്തിലും ഗോൾ മുഖം ലക്ഷ്യമാക്കിയുള്ള ഷോട്ടുകളിലും സെർബിയ തന്നെയായിരുന്നു മുന്നിൽ. ഗ്രൂപ്പ് ‘എ’യിൽ 8 മത്സരങ്ങളിൽ നിന്ന് സെർബിയ 20 പോയിന്റ് നേടിയപ്പോൾ ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്കും സംഘത്തിനും 17 പോയിന്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പോർച്ചുഗലിനെതിരെ സെർബിയയുടെ ആദ്യ ജയത്തിന് കൂടിയാണ് ലിസ്ബണിലെ ബെൻഫിക്കയുടെ മൈതാനം സാക്ഷ്യം വഹിച്ചത്.37 ആം വയസിലേക്ക് കടക്കുന്ന സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് അവസാന ലോകകപ്പ് നഷ്ടമാകുമോ എന്ന ആശങ്കയിലാണ് ആരാധകർ. പ്ലേ ഓഫ് മത്സരങ്ങളുടെ ഫലമറിയാൻ അടുത്ത വർഷം മാർച്ച് അവസാനം വരെ കാത്തിരിക്കേണ്ടി വരും.

Rate this post