പെനാൽറ്റി പണിയായി,ഡിബാലക്ക് വേൾഡ് കപ്പ് നഷ്ടമാവാൻ സാധ്യതയെന്ന് മൊറിഞ്ഞോ

ഇന്നലെ ഇറ്റാലിയൻ സിരി എയിൽ നടന്ന മത്സരത്തിൽ മൊറിഞ്ഞോയുടെ റോമ വിജയം കരസ്ഥമാക്കിയിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ലെച്ചെയെയായിരുന്നു അവർ പരാജയപ്പെടുത്തിയിരുന്നത്.സ്മാളിങ്‌,പൗലോ ഡിബാല എന്നിവരായിരുന്നു റോമയുടെ ഗോളുകൾ നേടിയിരുന്നത്.

മത്സരത്തിന്റെ 48ആം മിനുട്ടിൽ പെനാൽറ്റിയിലൂടെയാണ് ഡിബാല ഗോൾ നേടിയത്. എന്നാൽ ഈ പെനാൽറ്റി എടുത്ത സമയത്ത് ഡിബാലയെ പരിക്ക് പിടികൂടുകയായിരുന്നു.മസിൽ ഇഞ്ചുറിയാണ് ഇപ്പോൾ ദിബാലയെ അലട്ടിയിരിക്കുന്നത്. തുടർന്ന് ഉടൻതന്നെ താരത്തെ പിൻവലിക്കുകയും ചെയ്തു.

ഈ പരിക്കിനെ കുറിച്ച് മത്സരശേഷം റോമയുടെ പരിശീലകനായ ഹോസേ മൊറിഞ്ഞോ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ആശങ്കയുണ്ടാക്കിയിരിക്കുന്നത്. അതായത് ഡിബാലയുടെ പരിക്ക് ഗുരുതരമാണെന്നും 2023ന് മുന്നേ അദ്ദേഹം കളത്തിൽ തിരിച്ചെത്താൻ സാധ്യത കുറവാണ് എന്നുമായിരുന്നു ഹോസേ മൊറിഞ്ഞോ പറഞ്ഞിട്ടുള്ളത്.

റോമ പരിശീലകന്റെ വാക്കുകൾ ഏറ്റവും കൂടുതൽ ആശങ്ക നൽകിയിരിക്കുന്നത് അർജന്റീനയുടെ ദേശീയ ടീമിനാണ്.മൊറിഞ്ഞോ പറഞ്ഞ പോലെയാണ് കാര്യങ്ങൾ എങ്കിൽ ഈ വരുന്ന ഖത്തർ വേൾഡ് കപ്പിന് ഡിബാലയെ ലഭ്യമായേക്കില്ല. എന്നാൽ പ്രമുഖ അർജന്റൈൻ മാധ്യമപ്രവർത്തകനായ ഗാസ്റ്റൻ എഡുൾ ഇതുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ നൽകിയിട്ടുണ്ട്.

അതായത് ഡിബാല ഖത്തർ വേൾഡ് കപ്പിന് ഉണ്ടാവില്ല എന്നുള്ളത് ഉറപ്പിച്ച് പറയാൻ ആയിട്ടില്ല. മറിച്ച് അദ്ദേഹത്തെ കൂടുതൽ പരിശോധനകൾക്ക് വിധേയനാക്കും. അതിനുശേഷമാണ് കൃത്യമായ വിവരങ്ങൾ ലഭ്യമാവുക. പലപ്പോഴും പരിക്കുകൾ വേട്ടയാടുന്ന ഒരു താരമാണ് ഡിബാല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് നിർണ്ണായകമത്സരങ്ങളും ടൂർണമെന്റുകളും നഷ്ടപ്പെടാറുണ്ട്. അതുപോലെ ഒരു പ്രതിസന്ധിഘട്ടത്തിലാണ് നിലവിൽ ഡിബാല ഉള്ളത്.

Rate this post
FIFA world cupPaulo Dybala