❝പ്രീ സീസണിൽ ആദ്യ പരാജയം ഏറ്റുവാങ്ങി ബാഴ്സലോണ❞

തുടർ ജയങ്ങളുമായി റെഡ്ബുൾ സാൽസ്ബർഗിനെ നേരിടാനിറങ്ങിയ ബാർസലോണക്ക് തോൽവിയുടെ കയ്പുനീർ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബാഴ്സലോണയെ ആസ്ട്രിയൻ ക്ലബ്ബായ റെഡ്ബുൾ സാൽസ്ബർഗ് പരാജയപ്പെടുത്തിയത്. ബാഴ്സലോണക്ക് വേണ്ടി മാർട്ടിൻ ബ്രെയ്ത്വൈറ്റ് ഗോളടിച്ചപ്പോൾ ലൂക്ക സുസിചും ബ്രെൻഡൻ ആരോൺസണും സാൽസ്ബർഗിനായി സ്കോർ ചെയ്തു.പ്രീ സീസണിൽ ജിംനാസ്റ്റിക്,ജിറോണ,സ്റ്റട്ട്ഗാർട്ട് എന്നീ ടീമുകളോട് ജയിച്ച ബാഴ്സലോണക്ക് ആസ്ട്രിയൻ ചാമ്പ്യന്മാരോട് പരാജയമേറ്റുവാങ്ങേണ്ടി വന്നു.

അവധി ആഘോഷത്തിനുള്ള മെസ്സിയും ഒളിമ്പിക്സ് സ്വർണപ്പോരാട്ടത്തിലേക്ക് കുതിക്കുന്ന പെഡ്രിയും ടീമിനൊപ്പം ചേർന്നില്ലെങ്കിലും ഗ്രീസ്‌മാനും, ഫ്രങ്കി ഡി ജൊങ്ങും, സെർജിനോ ഡെസ്റ്റും, ജോർഡി ആൽബയും പിന്നെ സാക്ഷാൽ സെർജിയോ ബുസ്കെറ്റ്സും അണിനിരന്ന ബാഴ്‌സലോണ താരസമ്പന്നതയിൽ ഒട്ടും കുറവല്ലായിരുന്നു.പതിയെ തുടങ്ങിയ സാൽസ്ബർഗ് ലൂക്ക സൂസിക് തൊടുത്ത ലോങ്ങ് റേഞ്ച് ആദ്യ പകുതിയിൽ തന്നെ ബാഴ്‌സലോണ വല തുളച്ചു തങ്ങളുടെ ലക്ഷ്യം വ്യക്തമാക്കിയിരുന്നു.

ബാഴ്‌സലോണ ആകട്ടെ മറു വശത്തു സമനിലക്കായി കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരുന്നു. എന്നാൽ പലപ്പോഴും സാൽസ്ബർഗ് പ്രതിരോധ താരങ്ങൾ ബാഴ്‌സലോണ മുന്നേറ്റങ്ങളെ തടഞ്ഞു കാറ്റലോണിയൻ ക്യാമ്പിന് നിരാശ സമ്മാനിച്ചു കൊണ്ടിരുന്നു.83ആം മിനുട്ടിൽ മാർട്ടിൻ ബ്രത്വൈറ്റിന്റെ ഭാഗ്യ ഗോളിലൂടെ ബാഴ്‌സലോണ മത്സരത്തിലേക്ക് തിരിച്ചു വരുമെന്ന് തോന്നിച്ചെങ്കിലും ഫലം മറ്റൊന്നായിരുന്നു.

ഒടുവിൽ ഇഞ്ചുറി ടൈമിൽ ബ്രെണ്ടൻ ആറോൺസൺ ബാർസ പ്രതിരോധ താരങ്ങളെ കബളിപ്പിച്ചു സൽസ്ബർഗിന്റെ വിജയഗോൾ കണ്ടെത്തി.ജോവാൻ ഗാമ്പർ ട്രോഫിയിൽ യുവന്റസിനെതിരെയാണ് ബാഴ്സലോണയുടെ അവസാന പ്രീ സീസൺ മത്സരം. ലാ ലീഗയിൽ റയൽ സോസിദാദിനെതിരെയാണ് ബാഴ്സലോണയുടെ ആദ്യ‌ മത്സരം‌.