❝റയൽ മാഡ്രിഡിനെ അമേരിക്ക സമനിലയിൽ തളച്ചപ്പോൾ ബാഴ്‌സലോണയെ യുവന്റസ് പിടിച്ചു കെട്ടി❞

ഡാലസിൽ നടന്ന സൗഹൃദമത്സരത്തിൽ യുവന്റസും ബാഴ്‌സലോണയും രണ്ടു വീതം ഗോളുകൾ നേടി സമനിലയിൽ പിരിഞ്ഞു. ബാഴ്‌സലോണയ്ക്ക് വേണ്ടി ഫ്രഞ്ച് വിങ്ങർ ഒസ്മാൻ ഡെംബെലെ മനോഹരമായ രണ്ടു ഗോളുകൾ നേടിയപ്പോൾ യുവന്റസിന് വേണ്ടി മോയിസ് കീൻ രണ്ട് ഗോളുകൾ നേടി.

34 ആം മിനുട്ടിൽ മികച്ച വ്യക്തിഗത പ്രയത്നത്തിലൂടെ ഡെംബെലെ സ്‌കോറിംഗ് തുറന്നു. ഇടതു വിങ്ങിൽ നിന്നും യുവന്റസ് ഡിഫെൻഡർമാരെ ഡ്രിബിൾ ചെയ്ത് മുന്നേറിയ ഡെംബെലെ ടൈറ്റ് ആംഗിളിൽ നിന്നും മികച്ചൊരു വലം കാൽ ഷോട്ടിലൂടെ വല ചലിപ്പിച്ചു. 39 ആം മിനുറ്റിൽ ക്വഡ്രാഡോയുടെ ക്രോസിൽ നിന്നും കീൻ യുവന്റസിനെ ഒപ്പമെത്തിച്ചു. എന്നാൽ ഒരു മിനുട്ടിനു ശേഷം ഡെംബെലെ മികച്ചൊരു ഗോളിലൂടെ ബാഴ്‌സയെ മുന്നിലെത്തിച്ചു.

ഹാഫ് ടൈമിൽ ഇരു ടീമുകളും മൊത്തത്തിലുള്ള മാറ്റങ്ങൾ വരുത്തി,ഫ്രെങ്കി ഡി ജോംഗ് ബാഴ്‌സയുടെ സെൻട്രൽ ഡിഫൻഡറായി ഇറങ്ങി. 51 ആം മിനുട്ടിൽ കീൻ വീണ്ടും യുവന്റസിന് സമനില നൽകി..ഫ്രീ കിക്കിൽ നിന്ന് റാഫിൻഹയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി, അൻസു ഫാത്തിയുടെ ഷോട്ടും ബാറിൽ തട്ടി മടങ്ങി.ശനിയാഴ്ച ന്യൂയോർക്ക് റെഡ് ബുൾസിനെതിരെ ബാഴ്‌സ തങ്ങളുടെ അമേരിക്കൻ പര്യടനത്തിന്റെ അവസാന മത്സരത്തിലേക്ക് കടക്കും.അതേസമയം യുവന്റസ് പസഡെനയിൽ റയൽ മാഡ്രിഡിനെ നേരിടും.

മറ്റൊരു മത്സരത്തിൽ റയൽ മാഡ്രിഡിനെ ക്ലബ് അമേരിക്ക സമനിലയിൽ തളച്ചു. ഇരു ടീമുകളും മത്സരത്തിൽ രണ്ടു ഗോളുകൾ വീതമാണ് നേടിയത്.അഞ്ചാം മിനുട്ടിൽ ഹെൻറി മാർട്ടിൻ നേടിയ ഗോളിലൂടെ അമേരിക്ക റയലിനെ ഞെട്ടിച്ചു മുന്നിലെത്തി . 22 ആം മിനുട്ടിൽ സൂപ്പർ സ്‌ട്രൈക്കർ കരീം ബെൻസിമ പെനാൽറ്റി ബോക്സിനു പുറത്ത് നിന്നും നെയ്യ് മനോഹാരയ ഗോളിലൂടെ റയൽ മാഡ്രിഡിനെ ഒപ്പമെത്തിച്ചു. ൫൫ ആം മിനുട്ടിൽ പെനാൽറ്റിയിൽ നിന്നും ഹസാഡ് റയലിനെ മുന്നിലെത്തിച്ചു, എന്നാൽ 82 ആം മിനുട്ടിൽ അൽവാരോ ഫിദൽഗൊയുടെ പെനാൽറ്റി ഗോളിൽ അമേരിക്ക സമനില പിടിച്ചു.