പ്രീ സീസണും ,പുതിയ വിദേശ താരത്തിന്റെ സൈനിങ്ങും -ഫിഫയുടെ വിലക്കിൽ വലഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

ഫിഫയുടെ വിലക്ക് ഇന്ത്യൻ ഫുട്ബോളിനെ എല്ലാ തലത്തിലും ബാധിക്കും എന്നുറപ്പായിരിക്കുകയാണ്. ദേശീയ ടീമിനെ മാത്രമല്ല ഐഎസ്എല്ലും ഐ ലീഗും ഈ വിലക്കിന്റെ ഫലങ്ങൾ അനുഭവിക്കേണ്ടിവരും. ഇന്ത്യയിലെ ആഭ്യന്തര ലീഗുകൾ ആയതിനാൽ രണ്ട് ലീഗുകളും സംഘടിപ്പിക്കുന്നതിൽ തടസങ്ങൾ ഇല്ലെങ്കിലും. ഇനി പുതിയ വിദേശതാരങ്ങളെ ടീമിലെത്തിക്കാൻ ഇന്ത്യയിലെ ടീമുകൾക്ക് ഫിഫ വിലക്ക് വിലങ്ങുതടി ആയേക്കും.

കേരള ബ്ലാസ്റ്റേഴ്സിന് ഇനി ഒരു വിദേശ താരത്തെക്കൂടി ടീമിൽ എത്തിക്കേണ്ടതുണ്ട്. എന്നാൽ ഓഗസ്റ്റ് 31 വരെ മാത്രമാണ് ട്രാൻസ്ഫർ വിന്ഡോ പ്രവർത്തിക്കുക. ഇതിനിടെ താരത്തിനെ സൈൻ ചെയ്യാമെങ്കിലും ഓഗസ്റ്റ് 31നകം ഫിഫ വിലക്ക് നീക്കിയില്ലെങ്കിൽ സൈൻ ചെയ്ത താരത്തെ രജിസ്റ്റർ ചെയ്യാൻ സാധിക്കില്ല. ഇത്തരം ഒരു സാഹചര്യം വന്നാൽ നിലവിൽ മറ്റു ടീമുകളിൽ ഒന്നും കരാർ ഇല്ലാത്ത ഫ്രീ ഏജന്റ് താരത്തെ ടീമിലെടുക്കാൻ ബ്ലാസ്റ്റേഴ്‌സ് നിർബന്ധിതരാവും.ഇപ്പോൾ വരുന്ന വാർത്തകൾ അനുസരിച്ച് കേരള ബ്ലാസ്റ്റേഴ്സിന് വിദേശ പ്രീസീസൺ ടൂർ പ്ലാനുകൾ മാറ്റേണ്ടി വരും. ഫിഫയുടെ വിലക്ക് ഉള്ളത് കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന് വിദേശ ക്ലബുകളുമായി സൗഹൃദ മത്സരം കളിക്കാൻ ആകില്ല.

ഫിഫ എല്ലാ ഫുട്ബോൾ അസോസിയേഷനും ഇന്ത്യയുമായി സഹകരിക്കരുത് എന്ന് സന്ദേശം അയച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ ഒരു ക്ലബുമായി സൗഹൃദ മത്സരം കളിക്കാൻ മറ്റു ക്ലബുകൾക്ക് ആകില്ല.കേരള ബ്ലാസ്റ്റേഴ്സ് ഇന്നാണ് യു എ ഇയിലേക്ക് യാത്ര തിരിക്കുന്നത്. യു എ ഇയിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് പോകും എങ്കിലും അവർക്ക് നേരത്തെ നിശ്ചയിച്ച മൂന്ന് സൗഹൃദ മത്സരങ്ങൾ കളിക്കാൻ ആകില്ല. ദുബായില്‍ പോയി രണ്ടാഴ്ച്ച പരിശീലനം നടത്തി തിരിച്ചു വരികയെന്ന തീരുമാനത്തിലേക്ക് ടീം ചിലപ്പോള്‍ എത്തിയേക്കും.

ഓഗസ്റ്റ് 20 ഞായറാഴ്ച ദുബായിലെ അല്‍മക്തൂം സ്‌റ്റേഡിയത്തിൽ അല്‍നാസ്ര്‍ എസ്‌സിക്കെതിരെയും . ഓഗസ്റ്റ് 25ന് ദിബ അല്‍ ഫുജൈറ സ്‌റ്റേഡിയത്തിൽ ദിബ എഫ്‌സിയെയും, 28ന് അവസാന മത്സരത്തില്‍ ഹംദാൻ ബിൻ റാഷിദ് സ്‌റ്റേഡിയത്തിൽ ഹത്ത സ്‌പോര്‍ട്‌സ് ക്ലബിനെതിരെയുമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ മത്സരങ്ങൾ .ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും പുറത്ത് വന്നിട്ടില്ലെങ്കിലും നിലവിലെ സാഹചര്യത്തിൽ പ്രീ സീസൺ നടക്കാനുളള സാദ്ധ്യതകൾ കാണുന്നില്ല.