സീരി എ, ഫ്രഞ്ച് ലീഗ് എന്നിവയിൽ കളിച്ചതിനു ശേഷം കരിയറിന്റെ അവസാന ഘട്ടത്തിലാണ് തിയാഗോ സിൽവ പ്രീമിയർ ലീഗ് ക്ലബായ ചെൽസിയിലേക്കു ചേക്കേറുന്നത്. മുപ്പത്തിയാറാം വയസിലും ചെൽസി പ്രതിരോധത്തിന്റെ ഹൃദയമായി മാറാൻ കഴിഞ്ഞ താരം പക്ഷേ പ്രീമിയർ ലീഗ് തനിക്കു തലവേദന നൽകിയെന്നാണു പറയുന്നത്. കളിച്ച ലീഗുകളെ തമ്മിൽ താരതമ്യം ചെയ്യുകയായിരുന്നു ബ്രസീലിയൻ താരം.
“അവസാന രണ്ടു മത്സരത്തിനു ശേഷം എനിക്കു കടുത്ത തലവേദനയായിരുന്നു. തുടർച്ചയായി ഏരിയൽ ബോൾസിനു വേണ്ടി പോരാടിയതിന്റെ ഭാഗമായാണത്. വളരെ വേഗതയുള്ള കേളീശൈലിയുമാണ് പ്രീമിയർ ലീഗിലേത്.” ബ്രസീലിയൻ ടീമിനൊപ്പം മത്സരങ്ങൾക്കു തയ്യാറെടുക്കുന്നതിനിടെ സിൽവ മാധ്യമങ്ങളോടു പറഞ്ഞു.
തുടർച്ചയായി മത്സരങ്ങൾ കളിക്കുന്നതു മൂലം താരങ്ങൾക്കു പരിക്കേൽക്കുന്നതു സ്വാഭാവികമാണെന്നും അതിനെ തടയാനുള്ള മാർഗങ്ങൾ സ്വീകരിക്കണമെന്നും സിൽവ പറഞ്ഞു. മൂന്നു ദിവസവും അഞ്ചു ദിവസവും കൂടുമ്പോൾ മത്സരങ്ങളുള്ളത് ആശങ്കയാണെന്നും പ്രീമിയർ ലീഗിൽ അഞ്ചു സബ്സ്റ്റിറ്റ്യൂട്ടുകളെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം ചെൽസി വിടാൻ താരത്തിന് യാതൊരു പദ്ധതിയും നിലവിലില്ല. മികച്ച പ്രകടനം നടത്തി ചെൽസിയുമായി കരാർ പുതുക്കി ഇംഗ്ലണ്ടിൽ തന്നെ തുടരുകയാണു തന്റെ ലക്ഷ്യമെന്ന് വെനസ്വല, യുറുഗ്വയ് എന്നിവർക്കെതിരെ ഇറങ്ങാനൊരുങ്ങുന്ന താരം വ്യക്തമാക്കി.