“എവർട്ടനെതിരെയുള്ള ജയത്തോടെ കിരീട പോരാട്ടത്തിൽ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചിച്ച് ലിവർപൂൾ ; ജയത്തോടെ മൂന്നാം സ്ഥാനം സുരക്ഷിതമാക്കി ചെൽസി “

മെഴ്‌സിസൈഡ് ഡെർബിയിൽ എവർട്ടനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കീഴടക്കി കിരീട പോരാട്ടത്തിൽ ഞങ്ങൾ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ലിവർപൂൾ.രണ്ടാം പകുതിയിൽ ആൻഡി റോബർട്‌സണും പകരക്കാരനായ ഡിവോക്ക് ഒറിഗിയും നേടിയ ഗോളുകൾ ജർഗൻ ക്ലോപ്പിന്റെ ടീമിനെ പ്രതിരോധത്തിലാക്കിയ എവർട്ടനെ മറികടക്കാൻ സഹായിച്ചു.

ആദ്യ പകുതിയിൽ എവർട്ടന്റെ ആകെ ബോൾ പൊസഷൻ 13% ആയിരുന്നു. ആ നെഗറ്റീവ് ടാക്ടിക്സ് എവർട്ടണെ ആദ്യ പകുതിയിൽ സഹായിച്ചു. ലിവർപൂളിന് ഒരു ഷോട്ട് പോലും ടാർഗറ്റിലേക്ക് എത്തിക്കാൻ ആയില്ല. രണ്ടാം സ്ഥാനക്കാരായ ലിവർപൂളിന് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയുമായുള്ള വിടവ് ഒരു പോയിന്റായി കുറക്കാനും സാധിച്ചു.

62 ആം മിനുട്ടിൽ മുഹമ്മദ് സലായുടെ ഫ്‌ളോട്ടഡ് ക്രോസിൽ നിന്ന് റോബർട്ട്‌സൺ തൊടുത്ത ഹെഡ്ഡർ ലിവർപൂളിന് ലീഡ് നേടിക്കൊടുത്തു. 85 ആം മിനുട്ടിൽ ലൂയിസ് ഡിയസിന്റെ അസിസ്റ്റിൽ നിന്നും ഹെഡ്ഡറിലൂടെ ഒറിഗി സ്കോർ 2 -0 ആക്കി ഉയർത്തി.ഈ വിജയത്തോടെ ലിവർപൂൾ വീണ്ടും ഒന്നാമതുള്ള സിറ്റിക്ക് ഒരു പോയിന്റ് മാത്രം പിറകിൽ എത്തി. ലിവർപൂളിന് 79ഉം സിറ്റിക്ക് 80ഉം പോയിന്റ് ആണുള്ളത്. ഇനി ലീഗിൽ ആകെ അഞ്ച് മത്സരങ്ങൾ മാത്രമെ ബാക്കിയുള്ളൂ‌.

പകരക്കാരനായി വന്ന് 90 ആം മിനിറ്റിൽ ക്രിസ്റ്റിയൻ പുലിസിച്ച് നേടിയ തകർപ്പൻ ഗോളിൽ 10 പേരടങ്ങുന്ന വെസ്റ്റ് ഹാമിനെ കീഴടക്കി ചെൽസി. ജയത്തോടെ മൂന്നാം സ്ഥാനം ചെൽസി ഊട്ടിയുറപ്പിക്കുകയും ചെയ്തു.സ്റ്റാംഫോ ബ്രിഡ്ജിൽ ചെൽസി മുന്നേറ്റങ്ങളെ ഫലപ്രദമായി തടഞ്ഞ വെസ്റ്റ് ഹാം ഗോൾ നേടാനുള്ള ഒരു അവസരവും പോലും അവർക്ക് കൊടുത്തില്ല.

എന്നാൽ രണ്ടാം പകുതിയിൽ ചെൽസി കൂടുതൽ അവസരങ്ങൾ ഉണ്ടാക്കിയെടുത്തു.വെർണർ പലപ്പോഴുംമികച്ച മുന്നേറ്റവുമായി ഗോളിലേക്ക് എത്തിയെങ്കിലും വെസ്റ്റ് ഹാം കീപ്പർ ഫബിയാൻസ്കിയെ പരീക്ഷിക്കാൻ ആയില്ല.മറുവശത്ത് യാർമലെങ്കോയ്ക്ക് കിട്ടിയ അവസരം ഇരട്ട സേവിലൂടെ മെൻഡിയും തടഞ്ഞു.84ആം മിനുട്ടിൽ ഡോസൻ ലുകാകുവിനെ ഫൗൾ ചെയ്തതിന് പെനാൾട്ടി വിധിക്കപ്പെട്ടു. ഡോസണ് ചുവപ്പ് കാർഡും ലഭിച്ചു. പെനാൾട്ടി എടുത്ത ജോർഗീനീക്ക് പിഴച്ചു. ഫബിനോ അനായാസം പെനാൾട്ടി സേവ് ചെയ്തു.

വിജയം കൈവിട്ട് എന്ന് ചെൽസി കരുതി എങ്കുലും പുലിസിക് രക്ഷകനായി. ഡോസൺ കളം വിട്ടതോടെ ഉലഞ്ഞ വെസ്റ്റ് ഹാം ഡിഫൻസ് കീറിമുറിച്ചായിരുന്നു പുലിസിച്ചിന്റെ ഗോൾ. മനോഹരമായ ക്രോസിലൂടെ ഗോളിന് അസിസ്റ്റ് ചെയ്തത് മാർകോസ് അലോൺസോയാണ്.65 പോയിന്റുമായി പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ചെൽസിക്ക് ഒരു മത്സരം കൂടുതൽ കളിച്ച ആഴ്സനലിനേക്കാൾ 5 പോയിന്റിന്റെ ലീഡുണ്ട്. 34 മത്സരങ്ങളിൽ നിന്ന് 52 പോയിന്റ് മാത്രമുള്ള വെസ്റ്റ് ഹാമിന്റെ ചാമ്പ്യൻസ് ലീഗ് ബെർത്ത്‌ മോഹം ഏതാണ്ട് അസ്തമിച്ചു.

Rate this post