മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റിക്ക് മുന്നിൽ തകർന്നടിഞ്ഞ് മാഞ്ചസ്റ്റർ യുണൈറ്റഡ്. എത്തിഹാദിൽ നടന്ന മത്സരത്തിൽ മൂന്നിനെതിരെ ആറു ഗോളുകൾക്കാണ് സിറ്റി വിജയം നേടിയത്. മാഞ്ചസ്റ്റർ സിറ്റിക്കായി ഏർലിങ് ഹാലാൻഡ് ,ഫിൽ ഫോഡൻ എന്നിവർ ഹാട്രിക്ക് നേടി. ആന്റണി, മാർഷ്യൽ( 2 )എന്നിവർ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗോളുകൾ നേടി.
മാഞ്ചസ്റ്റർ സിറ്റിയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. നാലാം മിനുട്ടിൽ സിറ്റി ഗോളിന്റെ അടുത്തെത്തി.കെവിൻ ഡി ബ്രൂയ്‌ന്റെ മികച്ചൊരു ഷോട്ട് ഡേവിഡ് ഡി ഗിയ തടുത്തിട്ടു. എട്ടാം മിനുട്ടിൽ ഫിൽ ഫോഡന്റെ ഗോളിലൂടെ സിറ്റി മുന്നിലെത്തി.ബെർണാഡോ സിൽവയുടെ പാസിൽ നിന്നാണ് ഫോഡൻ ഗോൾ നേടിയത്. 34 മത്തെ മിനുട്ടിൽ സിറ്റി രണ്ടാമത്തെ ഗോൾ നേടി. കെവിൻ ഡി ബ്രൂയ്‌നിന്റെ കോർണറിൽ നിന്നും ഏർലിങ് ഹാലൻഡ് ഹെഡ്ഡറിലൂടെ ഗോൾ നേടി.
37 ആം മിനുട്ടിൽ സിറ്റി മൂന്നാമത്തെ ഗോൾ നേടി.കെവിൻ ഡി ബ്രൂയ്‌നെ ബോക്‌സിനുള്ളിലേക്ക് കൊടുത്ത പാസിൽ നിന്നും എർലിംഗ് ഹാലാൻഡ് മികച്ച ഫിനിഷിംഗിലൂടെ വലയിലാക്കി സ്കോർ 3 -0 ആക്കി ഉയർത്തി.44 ആം മിനുട്ടിൽ സിറ്റി നാലാം ഗോൾ നേടി.ഏർലിങ് ഹാലാൻഡിന്റെ പാസിൽ നിന്നും ഫിൽ ഫോഡനാണ് ഗോൾ നേടിയത്.
രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചടിച്ചു. 56 ആം മിനുട്ടിൽ അന്റോണിയിലൂടെ യുണൈറ്റഡ് സ്കോർ 4 -1 ആക്കി കുറച്ചു.ഇടതു വിങ്ങിൽ നിന്നും പാസ് സ്വീകരിച്ച ആന്റണി സിറ്റി ഡിഫെൻഡർമാരെ വെട്ടിച്ച് ബോക്സിനു പുറത്ത് നിന്നും തൊടുത്ത ഇടം കാലൻ ഷോട്ട് സിറ്റി വലയിലെത്തി. 65 ആം മിനുട്ടിൽ ഹാലാൻഡ് ഹാട്രിക്ക് തികച്ച് സ്കോർ 5 -1 ആക്കി ഉയർത്തി.ഹാലണ്ടിന് പിന്നാലെ 73 ആം മിനുട്ടിൽ ഫിൽ ഫോഡൻ ഹാട്രിക്ക് തികച്ചു.ഫിൽ ഫോഡൻ ബോക്‌സിനുള്ളിൽ നിന്ന് എർലിംഗ് ഹാലാൻഡിൽ നിന്ന് കൃത്യമായ പാസ് സ്വീകരിക്കുകയും മികച്ചൊരു ഫിനിഷിംഗിലൂടെ വലയിലെത്തിച്ചു.
83 ആം മിനുട്ടിൽ മാഞ്ചസ്റ്റർ ഒരു ഗോൾ തിരിച്ചടിച്ചു. ഫ്രഡിന്റെ ഗോൾ ലക്ഷ്യമാക്കിയ ഷോട്ട് എഡേഴ്സൻ തടുത്തെങ്കിലും റീബൗണ്ടിൽ ആന്റണി മാർഷ്യൽ ഹെഡ്ഡറിലൂടെ വലയിലാക്കി സ്കോർ 6 -2 ആക്കി കുറച്ചു.89 ആം മിനുട്ടിൽ ആന്റണി മാർഷ്യൽ പെനാൽറ്റിയിൽ നിന്നും മത്സരത്തിലെ തന്റെ രണ്ടാമത്തെ ഗോളും യൂണിറ്ററിന്റെ മൂന്നാമത്തെ ഗോളും നേടി സ്കോർ 6 -3 ആക്കി കുറച്ചു.