വലിയ പ്രതീക്ഷകളോടെ പ്രീതം കോട്ടാൽ കേരള ബ്ലാസ്റ്റേറ്റ്സിലെത്തുമ്പോൾ |Kerala Blasters
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും മോഹൻ ബഗാൻ സൂപ്പർ ജയന്റും തമ്മിലുള്ള സമീപകാല സ്വാപ്പ് ഡീൽ വലിയ രീതിയിൽ വാർത്തകളിൽ ഇടം നേടിയിരുന്നു. ബ്ലാസ്റ്റേഴ്‌സ് താരം സഹൽ അബ്ദുൾ സമദ് മോഹൻ ബഗാനിലേക്ക് ചേക്കേറിയപ്പോൾ പ്രീതം കോട്ടാൽ കൊല്കത്തയിൽ നിന്നും കേരളത്തിലെത്തി.കരാർ സ്ഥിരീകരിച്ച് ഒരാഴ്ചയ്ക്ക് ശേഷം ഡുറാൻഡ് കപ്പിനുള്ള തയ്യാറെടുപ്പുകൾക്കായി കോട്ടാൽ കേരളത്തിലെത്തിയിരിക്കുകയാണ്.
സഹൽ അബ്ദുൾ സമദിനെ ബഗാന് കൊടുത്തപ്പോൾ കോട്ടാലിനൊപ്പം കേരള ബ്ലാസ്റ്റേഴ്സിന് 90 ലക്ഷം രൂപ ലഭിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ഇന്ത്യൻ ആരോസിൽ നിന്നാണ് കോട്ടാലിന്റെ ഫുട്ബോൾ യാത്ര ആരംഭിച്ചത്, 2013ൽ അദ്ദേഹം മോഹൻ ബഗാനിലേക്ക് ചേക്കേറി.പൂനെ സിറ്റി എഫ്‌സി, ഡൽഹി ഡൈനാമോസ്, എടികെ തുടങ്ങിയ വിവിധ ഐഎസ്‌എൽ ടീമുകളെ പ്രതിനിധീകരിക്കുകയും ചെയ്തു. മോഹൻ ബഗാനെ ഐഎസ്‌എൽ കിരീടത്തിലേക്ക് നയിക്കുന്നതിൽ താരം നിർണായക പങ്കുവഹിച്ചിരുന്നു.2015 ൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം ഇന്ത്യൻ ദേശീയ ടീമിനായി 52 മത്സരങ്ങൾ ഡിഫൻഡർ കളിച്ചിട്ടുണ്ട്.
“അതിശയകരമായ പ്രവർത്തന നൈതികതയും വിജയിക്കുന്ന മാനസികാവസ്ഥയുമുള്ള കളിക്കാരനാണ് പ്രീതം.വർഷങ്ങളായി വിജയം ആസ്വദിച്ചിട്ടും, സ്വയം പുനർനിർമ്മിക്കാനും, മികച്ചവരാകാനും, കളിയുടെ നിലവാരം നിലനിർത്താനും ആഗ്രഹിക്കുന്ന പ്രീതമിനെപ്പോലുള്ള കളിക്കാരെ കാണുന്നത് വളരെ വിരളമാണ്. അദ്ദേഹം ഞങ്ങളുടെ ടീമിന് പരിചയസമ്പത്തും നേതൃത്വവും നൽകുന്നു”ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു.
കഴിഞ്ഞ സീസണിൽ ഏറെ വിള്ളലുകൾ ഉണ്ടായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധം ശക്തിപ്പെടുത്താൻ കോട്ടാലിന്റെ സാന്നിധ്യം സഹായിക്കും.കേരള ബ്ലാസ്റ്റേഴ്സിന് അദ്ദേഹം നൽകുന്ന ഏറ്റവും വിലപ്പെട്ട സമ്പത്ത് കോട്ടാലിന്റെ നേതൃത്വമായിരിക്കും എന്നതിൽ സംശയമില്ല. ക്ലബ് ക്യാപ്റ്റനും സീനിയർ കളിക്കാരുമായ ജെസൽ കാർനെയ്‌റോയും ഹർമൻജോത് ഖബ്രയും നഷ്ടപ്പെട്ടതോടെ താരത്തിന്റെ കൂട്ടിച്ചേർക്കൽ ഡ്രസ്സിംഗ് റൂമിലേക്ക് ആവശ്യമായ അനുഭവം പകരും.
Embracing his new stomping ground! 🐅💪#KBFC #KeralaBlasters pic.twitter.com/SbnlWWmyl9
— Kerala Blasters FC (@KeralaBlasters) July 24, 2023
ഉവാൻ വുകോമാനോവിച്ചിന്റെ കീഴിൽ സെന്റർ ബാക്ക് റോളിൽ ആവും കൊട്ടാൽ കളിക്കുക.പെനാൽറ്റി ബോക്‌സിനകത്തും പുറത്തും അദ്ദേഹത്തിന്റെ അസാധാരണമായ പാസിംഗ് കഴിവും ഉറച്ച പ്രതിരോധവും എ ആ റോളിൽ അദ്ദേഹത്തെ മികച്ചതാക്കുന്നു. കഴിഞ്ഞ സീസണിലെ പാളിച്ചകളിൽ നിന്നും പാഠം ഉൾക്കൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് ഈ സൈനിങ് നടത്തിയത് എന്ന കാര്യത്തിൽ സംശയമില്ല.