ഗാൾട്ടിയർ പുറത്തേക്ക്, മുൻ പരിശീലകനെ തിരിച്ചു വിളിക്കാൻ ഒരുങ്ങി  പിഎസ്ജി |PSG

പിഎസ്‌ജി പരിശീലകനായി ഏതാണ്ട് രണ്ടു വർഷത്തോളം മാത്രമാണ് തോമസ് ടുഷെൽ ഉണ്ടായിരുന്നത്. പിഎസ്‌ജിയിൽ ഉണ്ടായിരുന്ന സമയത്ത് രണ്ടു ലീഗ് അടക്കം ആറു കിരീടങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. പിഎസ്‌ജി ആദ്യമായി ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ കളിച്ചതും ആ സീസണിൽ തന്നെയായിരുന്നു. ഫൈനലിൽ പിഎസ്‌ജിക്ക് മുന്നിൽ ന്യൂയർ മഹാമേരുവായപ്പോൾ കോമൻ നേടിയ ഒരു ഗോളിൽ ബയേൺ വിജയം നേടി.

2020 ഡിസംബറിലാണ് തോമസ് ടുഷെലിനെ തീർത്തും അപ്രതീക്ഷിതമായി പിഎസ്‌ജി പുറത്താക്കുന്നത്. പകരക്കാരനായി മൗറീസിയോ പോച്ചട്ടിനോയെ നിയമിക്കുകയും ചെയ്‌തു. പിഎസ്‌ജി പുറത്താക്കിയ ടുഷെൽ രണ്ടു മാസം തികയും മുൻപേ ചെൽസി പരിശീലകനായി. ആ സീസണിൽ ചെൽസിയെ ചാമ്പ്യൻസ് ലീഗ് വിജയത്തിലേക്ക് നയിച്ചെങ്കിലും അതു കഴിഞ്ഞ് ഒരു വർഷത്തിനു ശേഷം ചെൽസിയും അദ്ദേഹത്തെ പുറത്താക്കി.

മികച്ചൊരു പരിശീലകനാണ് തോമസ്‌ ടുഷെലെങ്കിലും താരങ്ങളെ കൈകാര്യം ചെയ്യുന്നതിലുള്ള കുഴപ്പങ്ങളാണ് അദ്ദേഹത്തെ പുറത്താക്കുന്നതിലേക്ക് നയിക്കുന്നത് എന്നാണു റിപ്പോർട്ടുകൾ. എന്തായാലും പിഎസ്‌ജി അദ്ദേഹത്തെ വീണ്ടും നിയമിക്കാനുള്ള പദ്ധതിയാണ് എന്നാണു നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇംഗ്ലീഷ് മാധ്യമം ഈവെനിംഗ് സ്റ്റാൻഡേർഡാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഈ സീസണിന്റെ തുടക്കത്തിൽ പിഎസ്‌ജിയിൽ എത്തിയ ക്രിസ്റ്റഫെ ഗാൾട്ടിയറിൽ പിഎസ്‌ജി നേതൃത്വത്തിന് മതിപ്പില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 2020ൽ ടുഷെലിനെ പുറത്താക്കിയത് ഒരു തെറ്റായ തീരുമാനമായിരുന്നു എന്നു സമ്മതിപ്പിച്ച് അദ്ദേഹത്തെ തിരിച്ചെത്തിക്കാനുള്ള നീക്കങ്ങളാണ് പിഎസ്‌ജി നടത്തുന്നത്. ചിലപ്പോൾ ഈ സീസണിൽ തന്നെ അത് സംഭവിച്ചേക്കാം.

അതേസമയം പിഎസ്‌ജിയിൽ തിരിച്ചെത്താൻ ജർമൻ പരിശീലകൻ ഉപാധികൾ വെക്കാനുള്ള സാധ്യതയുണ്ട്. വമ്പൻ താരങ്ങൾ തന്റെ മേൽ ആധിപത്യം പുലർത്തുന്നത് ഒഴിവാക്കണമെന്നാണ് അദ്ദേഹത്തിന്റെ ഒരു ആവശ്യം. ട്രാൻസ്‌ഫർ സംബന്ധമായ കാര്യങ്ങളിൽ ലൂയിസ് കാമ്പോസിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തയ്യാറുള്ള അദ്ദേഹം പരിശീലനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൽപര്യപ്പെടുന്നത്.

Rate this post
Psg