പിഎസ്‌ജി മെസിയെ ബഹുമാനിക്കുന്നില്ല, താരം ബാഴ്‌സയിലേക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്നുവെന്ന് സെർജി റോബർട്ടോ|Lionel Messi

ബാഴ്‌സലോണയിൽ നിന്നും പിഎസ്‌ജിയിലേക്ക് ചേക്കേറിയിട്ട് ഒന്നര വർഷത്തിലധികമായെങ്കിലും ഇതുവരെയും മെസി ഫ്രാൻസിൽ സംതൃപ്‌തനാണെന്ന് പറയാൻ കഴിയില്ല. ലോകകപ്പിൽ ഫ്രാൻസിനെതിരെ അർജന്റീന വിജയം നേടി കിരീടമുയർത്തിയതോടെ മെസിക്കെതിരെ തിരിഞ്ഞ ആരാധകർ ചാമ്പ്യൻസ് ലീഗ് പുറത്താവലിൽ താരത്തിനെതിരെ രൂക്ഷമായ വിമർശനം നടത്തിയിരുന്നു.

കഴിഞ്ഞ ദിവസം നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ ലയണൽ മെസിയെ കൂക്കി വിളികളോടെയാണ് ആരാധകർ സ്വീകരിച്ചത്. ക്ലബ്ബിന്റെ ആരാധകർ തന്നെ തനിക്കെതിരായ സ്ഥിതിക്ക് മെസിയിനി പിഎസ്‌ജിയിൽ തുടരാൻ യാതൊരു സാധ്യതയുമില്ല. അതിനിടയിൽ മെസിയെ ഇരുകയ്യും നീട്ടി സ്വീകരിക്കാൻ ബാഴ്‌സലോണ താരങ്ങൾ തയ്യാറാണെന്നാണ് സെർജി റോബർട്ടോ പറയുന്നത്.

“മെസിയെ തിരിച്ചു കൊണ്ടുവരാൻ ആരാണ് ശ്രമിക്കാതിരിക്കുക, ഇരു കയ്യും നീട്ടി താരത്തെ ഞങ്ങൾ സ്വീകരിക്കും. എന്നാൽ ആ കാര്യത്തിൽ അവസാന തീരുമാനം മെസിയും ക്ലബ് പ്രസിഡന്റും പരിശീലകനും ബന്ധപ്പെട്ടവരുമാണ് എടുക്കേണ്ടതെന്നതിനാൽ കൂടുതൽ സംസാരിക്കേണ്ടതില്ല. ടീമിലെ താരങ്ങൾ രണ്ടു കയ്യും നീട്ടി മെസിയെ സ്വീകരിക്കും.”

“ഗോളുകളും അസിസ്റ്റുകളും നേടി മികച്ച പ്രകടനം നടത്തിയിട്ടും താരത്തോട് ഇങ്ങിനെയൊരു സമീപനം എന്തിനാണ്. ചാമ്പ്യൻസ് ലീഗിൽ നിന്നുള്ള പുറത്താകലിനു ശേഷമാണ് പിഎസ്‌ജി മെസിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ഇത്രയും മികച്ചൊരു ഫുട്ബോൾ താരത്തെ ഈ രീതിയിൽ കൈകാര്യം ചെയ്യുന്നത് ശരിയല്ല, താരം തിരിച്ചെത്തിയാൽ ഞങ്ങൾ ഏറ്റവും മികച്ച പരിഗണന നൽകും.” റോബർട്ടോ പറഞ്ഞു.

എന്നാൽ മെസിയെ തിരിച്ചെത്തിക്കാൻ ബാഴ്‌സലോണക്ക് കഴിയുമോ എന്ന കാര്യത്തിൽ സംശയങ്ങളുണ്ട്. നിലവിൽ ക്ലബിന്റെ സാമ്പത്തികസ്ഥിതി വളരെ മോശമാണെന്നതാണ് അതിനു കാരണം. അതേസമയം ഏതെങ്കിലും തരത്തിൽ താരത്തെ തിരിച്ചു കൊണ്ടുവരാൻ കഴിയുമോയെന്ന് ബാഴ്‌സലോണ ശ്രമം നടത്തുന്നുണ്ട്.