നാളെ മത്സരത്തിനിറങ്ങിയാൽ മെസ്സിയെ കൂവാനുള്ള പദ്ധതിയുമായി പി എസ് ജി ആരാധകരായ അൾട്രാസ് |Lionel Messi
ബാഴ്സലോണയിൽ നിന്നും പിഎസ്ജിയിലേക്ക് ചേക്കേറിയ ലയണൽ മെസിക്ക് ഫ്രാൻസിൽ ചുവടുറപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ആദ്യത്തെ സീസണിൽ പ്രതീക്ഷക്കൊത്തുയരാൻ കഴിയാത്ത താരം ഈ സീസണിൽ കൂടുതൽ മികവ് കാണിക്കുന്നുണ്ടെങ്കിലും കളിക്കളത്തിലെ സ്വാതന്ത്ര്യമില്ലായ്മ മെസിയെ വളരെയധികം ബാധിക്കുന്നുണ്ട്.
കഴിഞ്ഞ സീസണിൽ പിഎസ്ജി ഫ്രഞ്ച് ലീഗ് കിരീടം സ്വന്തമാക്കിയെങ്കിലും ചാമ്പ്യൻസ് ലീഗിൽ നിന്നും പ്രീ ക്വാർട്ടറിൽ തന്നെ തോൽവി വഴങ്ങി പുറത്തു പോയിരുന്നു. സമാനമായ സാഹചര്യമാണ് ഈ സീസണിലും പിഎസ്ജി നേരിടുന്നത്. ലീഗ് കിരീടം നേടാമെന്ന പ്രതീക്ഷ ക്ലബിനുണ്ടെങ്കിലും ചാമ്പ്യൻസ് ലീഗിൽ പ്രീ ക്വാർട്ടറിൽ ബയേൺ മ്യൂണിക്കിനോട് തോറ്റാണ് പിഎസ്ജി പുറത്തായത്.
മെസി, എംബാപ്പെ, നെയ്മർ തുടങ്ങിയ താരങ്ങൾ മുന്നേറ്റനിരയിൽ ഉണ്ടായിട്ടാണ് തുടർച്ചയായ രണ്ടു ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലും പിഎസ്ജി പ്രീ ക്വാർട്ടറിൽ തന്നെ പുറത്തു പോയത്. സൂപ്പർതാരങ്ങളെ കുത്തിനിറച്ച ഒരു ടീമല്ല, മറിച്ച് സന്തുലിതമായ ടീമാണ് വമ്പൻ പോരാട്ടങ്ങൾ വിജയിക്കാൻ വേണ്ടതെന്ന് ഇതിലൂടെ മനസിലാക്കാൻ കഴിഞ്ഞു.
എന്നാൽ പിഎസ്ജി ആരാധകരുടെ സംഘമായ അൾട്രാസ് തങ്ങളുടെ പുറത്താകലിനു കാരണം മെസിയാണെന്നാണ് പറയുന്നത്. താരം വാങ്ങുന്ന പ്രതിഫലത്തിനുള്ള ജോലി പിഎസ്ജിക്കു വേണ്ടി ചെയ്യുന്നില്ലെന്നും വരുന്ന മത്സരങ്ങളിൽ മെസിക്കെതിരെ പ്രതിഷേധം ഉയർത്തുമെന്നും അവർ പറഞ്ഞതായി മുണ്ടോ ഡിപോർറ്റീവോ ജേർണലിസ്റ്റ് വെളിപ്പെടുത്തുന്നു.
🚨🚨| BREAKING: PSG Ultras intend to whistle Leo Messi on Sunday during the game against Rennes at the Parc des Princes. 🇦🇷 [@danigilopez] pic.twitter.com/fZ0s8MDWiS
— PSG Report (@PSG_Report) March 16, 2023
അൾട്രാസിന്റെ പ്രതിഷേധം ഉയർന്നാൽ ലയണൽ മെസി പിഎസ്ജി കരാർ പുതുക്കാനുള്ള സാധ്യത വളരെ കുറയും. ഇപ്പോൾ തന്നെ കരാർ പുതുക്കുന്ന കാര്യത്തിൽ ലയണൽ മെസിക്ക് ഒരുപാട് സംശയങ്ങളുണ്ട്. ഫ്രാൻസിനെ തോൽപ്പിച്ചാണ് അർജന്റീന ലോകകപ്പ് നേടിയതെന്ന വിരോധവും മെസിയോട് പിഎസ്ജി ആരാധകർക്കുണ്ടാകാൻ സാധ്യതയുണ്ട്.
റെന്നസുമായുള്ള ലീഗ് 1 ഹോം മത്സരത്തിനു മുന്നോടിയായി PSG യുടെ അൾട്രാ ഗ്രൂപ്പിലെ പ്രമുഖ അംഗങ്ങൾ ഈ കാര്യം പറഞ്ഞതായി മുണ്ടോ ഡിപോർട്ടീവോ റിപ്പോർട്ട് ചെയ്തു: “ഞങ്ങൾ ഈ ഞായറാഴ്ച മെസ്സിയെ കൂവും. അദ്ദേഹത്തിന് ഉയർന്ന ശമ്പളം നൽകുന്നുണ്ട് എന്നാൽ ആ ശമ്പളത്തിനുള്ള കളി പിച്ചിൽ കാഴ്ച വെക്കുന്നില്ല” എന്ന് അൾട്രാസ് അംഗങ്ങൾ പറഞ്ഞതായി മുണ്ടോ ഡിപോർട്ടിവോ റിപ്പോർട്ട് ചെയ്തു