ഈ സീസണിലെ മെസ്സിയല്ല, കഴിഞ്ഞ സീസണിലെ മെസ്സിയാണ് എന്നെ അത്ഭുതപ്പെടുത്തിയത് : മുൻ പിഎസ്ജി ഗോൾകീപ്പർ

പിഎസ്ജിയിലെ ആദ്യ സീസൺ സൂപ്പർതാരം ലിയോ മെസ്സിയെ സംബന്ധിച്ചിടത്തോളം വളരെയധികം ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു. ബാഴ്സയിൽ നിന്നും അപ്രതീക്ഷിതമായി ക്ലബ്ബ് വിടേണ്ടിവന്ന മെസ്സിക്ക് പിഎസ്ജിയിൽ പ്രതീക്ഷക്കൊത്ത് ഉയരാൻ കഴിഞ്ഞിരുന്നില്ല.അതുകൊണ്ടുതന്നെ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു.

എന്നാൽ ഈ സീസണിൽ കാര്യങ്ങൾ അങ്ങനെയല്ല. മിന്നുന്ന പ്രകടനം നടത്തിക്കൊണ്ട് വിമർശകർക്ക് മറുപടി നൽകാൻ മെസ്സിക്ക് ഇപ്പോൾ തന്നെ കഴിഞ്ഞു. 11 മത്സരങ്ങൾ ഈ സീസണിൽ കളിച്ച മെസ്സി 6 ഗോളുകളും 8 അസിസ്റ്റുകളും സ്വന്തമാക്കി കഴിഞ്ഞു. താരം ഈ മികവ് ഇനിയും തുടരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

പിഎസ്ജിയുടെ മുൻ ഗോൾകീപ്പറായിരുന്നു അലോൺസോക്ക് മെസ്സിയുടെ ഈ സീസണിലെ മികച്ച പ്രകടനത്തിൽ അത്ഭുതമൊന്നുമില്ല. മറിച്ച് കഴിഞ്ഞ സീസണിൽ മെസ്സി ഒരല്പം പിറകോട്ട് പോയതാണ് തന്നെ അത്ഭുതപ്പെടുത്തിയത് എന്നാണ് അലോൺസോ പറഞ്ഞിട്ടുള്ളത്. അതായത് മെസ്സിയിൽ നിന്നും ഇപ്പോൾ കാണുന്ന ഈ പ്രകടനം, അത് സ്വാഭാവികമായ ഒരു കാര്യമാണ് എന്നാണ് ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തം.

‘ആദ്യ സീസൺ മെസ്സിക്ക് നല്ലതായിരുന്നില്ല. എന്നാൽ ഈ സീസണിൽ മെസ്സി സ്വയം നന്നാവുകയായിരുന്നു. മെസ്സിയുടെ ഈ സീസണിലെ പ്രകടനം എന്നെ അത്ഭുതപ്പെടുത്തുന്നില്ല. പക്ഷേ കഴിഞ്ഞ സീസണിലെ മെസ്സിയാണ് എന്നെ അത്ഭുതപ്പെടുത്തിയത്. ഇപ്പോൾ മെസ്സി ടീമിൽ കൂടുതൽ ഇവോൾവ് ആയിട്ടുണ്ട്.ഈ പ്രായത്തിൽ തനിക്ക് പറ്റിയ സ്ഥാനം അദ്ദേഹം തന്നെ കണ്ടെത്തുകയായിരുന്നു.കഴിഞ്ഞ മത്സരത്തിൽ മെസ്സിയെന്ന പ്രതിഭയുടെയും ജീനിയസിന്റെയും മിന്നലാട്ടങ്ങൾ നമ്മൾ കണ്ടു.തീർച്ചയായും നമ്മൾ അവരെ ആസ്വദിക്കുന്നു. മുന്നേറ്റത്തിലെ മൂന്നുപേരും പ്രധാനപ്പെട്ടവരാണ്.മുമ്പ് പറഞ്ഞതുപോലെ ഈ മെസ്സി എന്നെ അത്ഭുതപ്പെടുത്തുന്നില്ല. ചെറിയ മിന്നലാട്ടങ്ങൾ കൊണ്ടുപോലും ലീഗ് വൺ മത്സരങ്ങൾ മാറ്റിമറിക്കാൻ കഴിയുന്ന താരമാണ് മെസ്സി ‘ അലോൺസോ പറഞ്ഞു.

ലിയോ മെസ്സിയുടെ ഈ പ്രകടനം ഏവർക്കും സന്തോഷം പകരുന്നതാണ്.35ആം വയസ്സിൽ ക്ലബ്ബിൽ ഒരു പ്ലേ മേക്കർ റോളിലാണ് മെസ്സി കളിച്ചു കൊണ്ടിരിക്കുന്നത്. സഹതാരങ്ങൾക്ക് അസിസ്റ്റുകൾ നൽകുകയും അവസരങ്ങൾ ഒരുക്കുകയും ആണ് മെസ്സി ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.

Rate this post