ഈ സീസണിൽ ഇതുവരെയും ഒരു മത്സരത്തിൽ പോലും തോൽവിയറിയാതെ കളിച്ചിരുന്ന പിഎസ്‌ജിക്ക് ഞെട്ടൽ സമ്മാനിച്ചാണ് പുതുവർഷത്തിലെ ആദ്യത്തെ മത്സരത്തിൽ തന്നെ ലെൻസ് അവരെ കീഴടക്കിയത്. ടീമിനൊപ്പം ചേരാത്തതിനാൽ ലയണൽ മെസിയും സസ്‌പെൻഷൻ കാരണം നെയ്‌മറും കളിക്കാതിരുന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ തോൽവിയാണു പിഎസ്‌ജി വഴങ്ങിയത്. പിഎസ്‌ജിയെ കീഴടക്കിയ ലെൻസ് ടീമിനായി മികച്ച പ്രകടനം നടത്തിയ താരങ്ങളിലൊരാൾ അർജന്റീന യുവതാരം ഫാകുണ്ട മെദിനയായിരുന്നു. മത്സരത്തിനു ശേഷം ലയണൽ മെസി, നെയ്‌മർ എന്നിവരുടെ അഭാവം എതിരാളികളെ ബാധിച്ചിരുന്നുവെന്ന് താരം പറഞ്ഞു.
“എന്റെ ടീമിന്റെ എതിരാളികളെക്കുറിച്ച് ഞാൻ സംസാരിക്കാനില്ല. പക്ഷെ ലോകത്തിലെ ഏറ്റവും മികച്ച താരമായ മെസി ഇല്ലാത്തത് അവരെ ബാധിച്ചുവെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അതുപോലെ തന്നെ നെയ്‌മറും. എതിരാളികൾ ആരാണെന്ന് നോക്കാതെ, ഞങ്ങളുടെ ശക്തിയിൽ കേന്ദ്രീകരിച്ചാണ് അവർക്കെതിരെ കളിച്ചത്. അതിൽ വിജയം നേടാൻ കഴിഞ്ഞു. ഇനിയുള്ള മത്സരങ്ങളിലും ഇതു തുടരാൻ കഴിയുമെന്നാണ് പ്രതീക്ഷ.” മത്സരത്തിലെ വിജയത്തോടെ ഒന്നാം സ്ഥാനത്തുള്ള പിഎസ്‌ജിയുമായുള്ള പോയിന്റ് വ്യത്യാസം നാലാക്കി കുറച്ചതിനു ശേഷം വിജയത്തെക്കുറിച്ച് മെദിന പറഞ്ഞു.
ഖത്തർ ലോകകപ്പിനുള്ള അർജന്റീനയുടെ പ്രാഥമിക സ്‌ക്വാഡിൽ ഇടം നേടിയ താരമായിരുന്നു ഫാകുണ്ടോ മെദിന. എന്നാൽ അൻപതംഗ പ്രാഥമിക സ്‌ക്വാഡിനെ ഇരുപത്തിയാറിലേക്ക് ചുരുക്കിയപ്പോൾ ഇരുപത്തിമൂന്നുകാരനായ താരത്തിന് ഇടം നഷ്‌ടമായി. എന്നാൽ ലെൻസ് ലീഗിൽ മികച്ച പ്രകടനം നടത്തുന്ന സാഹചര്യത്തിൽ പ്രതിരോധതാരമായ ഫാകുണ്ടോക്ക് അർജന്റീന ടീമിൽ ഇനിയും അവസരം ലഭിക്കാനുള്ള സാധ്യതയുണ്ട്. മത്സരത്തിനു ശേഷം ലോകകപ്പിൽ ടീമിന്റെ മികച്ച പ്രകടനത്തെക്കുറിച്ചും ഇന്നലത്തെ മത്സരത്തിനു ശേഷം ഫാകുണ്ടോ സംസാരിക്കുകയുണ്ടായി.
Facundo Medina 🇦🇷 (Lens player) after the victory against PSG:
— Tommy 🎩 (@Shelby_Messi) January 2, 2023
"They were playing without Messi, so Our attack was kinda similar, It was advantage of not playing against the greatest of all time" pic.twitter.com/ct7rZQ3ewS
“എനിക്കൊപ്പം എന്റെ കുടുംബവും ചേർന്ന ലോകകപ്പ് സമയം വളരെ മികച്ച അനുഭവമായിരുന്നു. അർജന്റീന ടീം വളരെ ബുദ്ധിമുട്ടിയാണ് ടൂർണമെന്റ് ആരംഭിച്ചത്. എന്നാൽ അതിനെയെല്ലാം മറികടന്ന് അവർക്ക് മുന്നോട്ടു പോകാൻ കഴിഞ്ഞു. അതിൽ എല്ലാ അർജന്റീനക്കാരെയും പോലെ എനിക്കും വളരെ സന്തോഷമുണ്ട്. ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തിയ പല താരങ്ങളും എനിക്കൊപ്പം അർജന്റീന യൂത്ത് ടീമിൽ കളിച്ചവരായതിനാൽ അത് കൂടുതൽ സന്തോഷം നൽകുന്ന കാര്യമായിരുന്നു. അർജന്റീന ഇതുപോലെ തന്നെ ഇനിയും മുന്നോട്ടു പോകുമെന്നാണ് ഞാൻ കരുതുന്നത്.” താരം കൂട്ടിച്ചേർത്തു.