2021ലെ ബാലൺ ഡി ഓർ ലയണൽ മെസ്സിക്ക് ലഭിക്കാൻ സംഘാടകരെ സ്വാധീനിച്ച് പിഎസ്ജി,അഴിമതി നടന്നതായി ആരോപണം |Lionel Messi

ഫ്രഞ്ച് ചാമ്പ്യൻമാരായ പാരീസ് സെന്റ് ജെർമെയ്ന് വേണ്ടി കളിക്കുമ്പോഴാണ് അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി തന്റെ ഏഴാം ബാലൻ ഡി ഓർ സ്വന്തമാക്കുന്നത്. എന്നാൽ 2021-ലെ ബാലൺ ഡി ഓർ പുരസ്‌കാരം ലയണൽ മെസ്സിക്ക് ലഭിക്കാനായി പാരീസ് സെന്റ് ജെർമെയ്‌ൻ ഉദ്യോഗസ്ഥർ സംഘാടകരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് ഫ്രഞ്ച് മാധ്യമമായ മീഡിയപാർട്ടും ലെ മോണ്ടും ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്.

ഐജിപിഎൻ പോലീസ് ഉദ്യോഗസ്ഥർ കണ്ടെത്തിയ രേഖകൾ പ്രകാരം, പിഎസ്ജിയും ഫ്രാൻസ് ഫുട്ബോളിന്റെ മുൻ എഡിറ്റർ-ഇൻ-ചീഫുമായ പാസ്കൽ ഫെറെയും ‘വളരെ അടുത്ത ബന്ധം’ നിലനിർത്തിയിരുന്നതായി കണ്ടെത്തി. കഴിഞ്ഞ സീസണിൽ ബാലൺ ഡി ഓർ ഗാലയുടെ ഓർഗനൈസേഷന്റെ ചുമതലയും ഫെറെ വഹിച്ചിരുന്നു.ഫെറെയ്ക്ക് പിഎസ്ജി അധികൃതരിൽ നിന്ന് നിരവധി സമ്മാനങ്ങൾ ലഭിച്ചതായി രേഖകൾ സൂചിപ്പിക്കുന്നു.

ഈ സമ്മാനങ്ങളിൽ ഒന്നിലധികം ഗെയിമുകൾക്കായുള്ള പാർക്ക് ഡെസ് പ്രിൻസസിലെ വിഐപി ടിക്കറ്റുകൾ, ഖത്തർ എയർവേയ്‌സിലെ ഒരു റൗണ്ട്-ട്രിപ്പ് ബിസിനസ്സ് ഫ്ലൈറ്റ്, കൂടാതെ മറ്റ് നിരവധി ആനുകൂല്യങ്ങളും ഉൾപ്പെടുന്നു.കോവിഡ് സമയത്തു ബോറുസിയ ഡോർട്ട്മുണ്ടിനെതിരായ അടച്ചിട്ട സ്റ്റേഡിയത്തിലുള്ള മത്സരം കാണാൻ 2020ൽ പി എസ് ജി അവസരം നൽകുകയും ചെയ്തിരുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.എന്നാൽ ഫെറെ ഈ ആരോപണങ്ങൾ നിഷേധിച്ചു.

2021-ൽ തന്റെ ബാല്യകാല ക്ലബ്ബായ എഫ്‌സി ബാഴ്‌സലോണ വിട്ടതിന് ശേഷം അർജന്റീനിയൻ നായകൻ മെസ്സി രണ്ട് വർഷം ഫ്രഞ്ച് തലസ്ഥാനത്ത് ചെലവഴിച്ചു.എ വര്ഷം കേവലം 33 പോയിന്റിന് രണ്ടാം സ്ഥാനക്കാരനായ റോബർട്ട് ലെവൻഡോവ്‌സ്‌കിയെ പരാജയപ്പെടുത്തി അർജന്റീനിയൻ ബാലൺ ഡി ഓർ സ്വന്തമാക്കി.നിലവിൽ എം‌എൽ‌എസിൽ ഇന്റർ മിയാമിക്ക് വേണ്ടി കളിക്കുന്ന മെസ്സി, എട്ട് തവണ ബാലൺ ഡി ഓർ നേടിയ റെക്കോർഡ് സ്വന്തമാക്കി.

5/5 - (1 vote)