പിഎസ്‌ജി ഒരു ക്ലബ് പോലുമല്ല, മെസി ഉടനെ അവിടം വിടണമെന്ന് മുൻ ഫ്രഞ്ച് താരം |Lionel Messi

ലയണൽ മെസിക്കെതിരെ കഴിഞ്ഞ ഏതാനും മത്സരങ്ങളിൽ ശക്തമായ പ്രതിഷേധമാണ് ഫ്രാൻസിൽ നിന്നുള്ള ആരാധകർ ഉയർത്തുന്നത്. ചാമ്പ്യൻസ് ലീഗിൽ നിന്നും പിഎസ്‌ജി പുറത്തു പോയതിനു പിന്നാലെയാണ് മെസിക്കെതിരെയുള്ള ആരാധകരുടെ പ്രതിഷേധം ശക്തമായി ഉയർന്നത്. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും മെസിയെ ആരാധകർ കൂക്കി വിളിക്കുകയുണ്ടായി.

എന്നാൽ മെസിയെ കൂക്കി വിളിക്കുന്നത് താരത്തിനെതിരായ രോഷത്തിന്റെ മാത്രം ഭാഗമായല്ലെന്നു വ്യക്തമാണ്. ലോകകപ്പ് ഫൈനലിൽ ഫ്രാൻസ് ടീം മെസിയുടെ അർജന്റീനയോട് തോറ്റതിന്റെ പ്രതിഷേധം കൂടി അതിലുണ്ട്. എന്തായാലും പിഎസ്‌ജി ആരാധകരുടെ ഈ സമീപനത്തിനെതിരെ രൂക്ഷമായ വിമർശനവുമായി കഴിഞ്ഞ ദിവസം മുൻ ഫ്രഞ്ച് താരമായ ഇമ്മാനുവൽ പെറ്റിറ്റ് രംഗത്തു വന്നു.

“മെസിക്കെതിരായ കൂക്കിവിളികൾ കാണുമ്പോൾ അത് ഫുട്ബോളിനോട് തന്നെയുള്ള അപമാനമായാണ് ഞാൻ കരുതുന്നത്. ലയണൽ മെസിക്ക് എന്തെങ്കിലും ഉപദേശം എനിക്ക് നൽകാൻ തോന്നുന്നുണ്ടെങ്കിൽ അതൊന്നു മാത്രമാണ്, എത്രയും പെട്ടന്ന് പിഎസ്‌ജി വിടുക. അതൊരു ഫുട്ബോൾ ക്ലബ് പോലുമല്ല.” ആർഎംസി സ്പോർട്ടിനോട് സംസാരിക്കുമ്പോൾ പെറ്റിറ്റ് പറഞ്ഞു.

“റിട്ടയര്മെന്റിനു മുൻപ് കളിക്കാനുള്ള ഒരു ക്ലബാണ് പിഎസ്‌ജി, ഇരുപതു വയസായ താരങ്ങൾക്ക് വരെ അതങ്ങനെയാണ്. പിഎസ്‌ജിയിൽ എത്തിയതിനു ശേഷം ഒരു താരം പോലും മെച്ചപ്പെട്ടിട്ടില്ലെന്ന് കാണാനാകും, അത് മെസിയുടെ കുഴപ്പമാണോ. മെസിയാണ് പ്രധാനി, മറ്റു താരങ്ങൾ അധ്വാനിക്കാത്തത് താരത്തിന്റെ കുഴപ്പമല്ല.” അദ്ദേഹം പറഞ്ഞു.

കൂക്കിവിളികൾ ഉയരുമ്പോഴും കളിക്കളത്തിൽ പിഎസ്‌ജിക്കു വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തുന്നത് ലയണൽ മെസി തന്നെയാണ്. എന്നാൽ അതൊന്നും ആരാധകർ പരിഗണിക്കാൻ തയ്യാറാകുന്നില്ല. ആരാധകരുടെ പ്രതിഷേധം ഉയരുന്നതിനാൽ തന്നെ മെസി ക്ലബ് വിടാനുള്ള സാധ്യത വർധിച്ചിട്ടുണ്ട്. താരം ബാഴ്‌സയിലെത്താനാണ് സാധ്യത.

1/5 - (1 vote)