നെയ്മറുടെ മികവിൽ തോൽവി അറിയാത്ത ഏക ടീമെന്ന പദവി നിലനിർത്തി പിഎസ്ജി : ആഴ്സണലിന്‌ മുന്നിൽ ചെൽസിയും വീണു

ഈ സീസണിലെ എല്ലാ മത്സരങ്ങളിലും തോൽവിയറിയാതെ നിൽക്കുന്ന യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിലെ ഏക ടീമെന്ന പദവി നിലനിർത്തി പിഎസ്ജി. ഫ്രഞ്ച് ലീഗ് 1 ൽ ഇന്ന് നടന്ന മത്സരത്തിൽ പാരീസ് സെന്റ് ജെർമെയ്ൻ ലോറിയന്റിനെ 2-1ന് തോൽപിച്ചു.

അക്കില്ലസിന്റെ പരിക്ക് മൂലം ലയണൽ മെസ്സിയില്ലാതെ ഇറങ്ങിയ പിഎസ്ജി മത്സരം തുടങ്ങി 9 ആം മിനുട്ടിൽ തന്നെ പിഎസ്ജി ലീഡ് നേടി. സൂപ്പർ താരം നെയ്മറാണ് പാരീസിന് വേണ്ടി ഗോൾ നേടിയത്.സീസണിലെ ബ്രസീലിയൻ താരത്തിന്റെ 11-ാം ലീഗ് ഗോൾ ആയിരുന്നു ഇത്.രണ്ടാം പകുതിയിൽ ടെറം മോഫിയുടെ തകർപ്പൻ ഗോളിൽ ലോറിയന്റിൻ സമനില പിടിച്ചു.81-ാം മിനിറ്റിൽ ഡാനിലോ നെയ്‌മറിന്റെ കോർണറിൽ നിന്ന് മന്നനെ മറികടന്ന് തന്റെ ഹെഡർ ലക്ഷ്യത്തിലെത്തിച്ചു പിഎസ്ജി യെ വിജയത്തിലെത്തിച്ചു.14 കളികളിൽ നിന്ന് 38 പോയിന്റുമായി പിഎസ്ജി, രണ്ടാം സ്ഥാനക്കാരായ ലെൻസിനേക്കാൾ അഞ്ച് പോയിന്റ് ലീഡ് നേടി.

സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ലണ്ടന്റെ എതിരാളികളായ ചെൽസിയെ 1-0 ന് തോൽപ്പിച്ചാണ് ആഴ്സണൽ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്. 63 ആം മിനുട്ടിൽ ഗബ്രിയേൽ നേടിയ ഗോളിനായിരുന്നു ആഴ്‌സനലിന്റെ വിജയം.ലോകകപ്പിനുള്ള ലീഗ് ഇടവേളകൾക്ക് ഒരു മത്സരം ബാക്കിനിൽക്കെ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ രണ്ട് പോയിന്റ് നേട്ടം പുനഃസ്ഥാപിച്ച അർടെറ്റയുടെ ടീം സ്റ്റാംഫോർഡ് ബ്രിഡ്ജിൽ തുടർച്ചയായ മൂന്നാം വിജയമാണ് നേടിയത്.

ഈ വിജയത്തോടെ 13 മത്സരങ്ങളിൽ നിന്നും 34 പോയിന്റുമായി ആഴ്സണൽ ഒന്നാം സ്ഥാനത്തെത്തി. 21 പോയിന്റുമായി ചെൽസി ഏഴാം സ്ഥാനത്താണ്.

Rate this post