ലയണൽ മെസ്സി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നീ രണ്ട് താരങ്ങൾക്കൊപ്പവും കളിക്കാൻ ഭാഗ്യം ലഭിച്ചിട്ടുള്ള ഒട്ടേറെ താരങ്ങൾ ലോക ഫുട്ബോളിൽ ഉണ്ട്.ഡി മരിയ,ഹിഗ്വയ്ൻ,ഡിബാല,ഡെക്കൊ,റാമോസ്,ഹക്കീമി എന്നിവരൊക്കെ അതിൽ പെട്ടവരാണ്. ഇവരിൽ ആരാണ് മികച്ച താരം എന്നുള്ളത് ഈ താരങ്ങൾക്കൊക്കെ തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കും.
ഈ ലിസ്റ്റിലേക്ക് പുതുതായി ചേർക്കപ്പെട്ട ഒരു താരമാണ് പിഎസ്ജിയുടെ പോർച്ചുഗീസ് മിഡ്ഫീൽഡർ ആയ വീറ്റിഞ്ഞ. ഈ ട്രാൻസ്ഫർ ജാലകത്തിൽ പിഎസ്ജിയിൽ എത്തിയതോടുകൂടിയാണ് താരം മെസ്സിക്കൊപ്പം കളിക്കാൻ ആരംഭിച്ചത്. മാത്രമല്ല പോർച്ചുഗലിന്റെ നാഷണൽ ടീമിൽ ഈ താരം റൊണാൾഡോക്കൊപ്പം കളിക്കുകയും ചെയ്തിട്ടുണ്ട്.
ഏതായാലും മെസ്സിയെയും റൊണാൾഡോയെയും വ്യത്യസ്തരാക്കുന്ന കാര്യത്തേക്കാൾ ഇരുവരെയും ഒന്നിപ്പിക്കുന്ന ഒരു പൊതുവായ ഘടകം ഇപ്പോൾ വീറ്റിഞ്ഞ തുറന്ന് പറഞ്ഞിട്ടുണ്ട്. അതായത് എത്ര നേടിയാലും മതിവരാത്ത പ്രകൃതമാണ് ഈ രണ്ടു താരങ്ങൾക്കും ഉള്ളത് എന്നാണ് വീറ്റിഞ്ഞയുടെ കണ്ടെത്തൽ.
‘ മെസ്സിയെയും റൊണാൾഡോയെയും പിരിക്കുന്നതിനേക്കാൾ അവരെ ഒന്നിപ്പിക്കുന്ന പൊതുവായ ചില ഘടകങ്ങളുണ്ട്.അവർക്ക് വ്യത്യസ്ത കളി ശൈലികളും വ്യത്യസ്ത സവിശേഷതകളും ഉണ്ട് എന്നുള്ളത് ശരിയാണ്. പക്ഷേ അവരെ ഒന്നിപ്പിക്കുന്ന ഘടകം എന്നുള്ളത് ഒരിക്കലും അവസാനിക്കാത്ത ആഗ്രഹങ്ങളാണ്.ഇതുവരെ നേടിയത് ഒന്നും അവർ കണക്കിലെടുക്കില്ല.മറിച്ച് കൂടുതൽ കൂടുതൽ എപ്പോഴും നേടാനാണ് രണ്ടുപേരും ആഗ്രഹിക്കുന്നത്’.
PSG Midfielder Reveals What Cristiano Ronaldo, Lionel Messi Have in Common https://t.co/qe8IsR4vpE
— PSG Talk (@PSGTalk) September 17, 2022
ഈ രണ്ടു താരങ്ങൾ നേടിയതിന്റെ പകുതി എനിക്ക് നേടാൻ കഴിഞ്ഞിരുന്നെങ്കിൽ അമേസിംഗ് ആയേനെ. ഗോളുകൾ നേടുന്നതിലും അസിസ്റ്റുകൾ നൽകുന്നതിലും വലിയ മത്സരങ്ങൾ കളിക്കുന്നതിനും ടീമിനെ സഹായിക്കുന്നതിലും എപ്പോഴും കൂടുതൽ ആഗ്രഹമുള്ളവരാണ് ഇവർ.അതുകൊണ്ടാണ് ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളായി ഇവരെ കണക്കാക്കുന്നത്. ഈ രണ്ടുപേർക്കൊപ്പവും കളിക്കാൻ ഭാഗ്യം ലഭിച്ചത് എന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രിവിലേജ് ആണ് ‘ വീറ്റിഞ്ഞ പറഞ്ഞു.
ലയണൽ മെസ്സിയും റൊണാൾഡോയും ഇപ്പോൾ തങ്ങളുടെ കരിയറിന്റെ അവസാന കാലഘട്ടത്തിലാണ് ഉള്ളത്. ഈ വരുന്ന ഖത്തർ വേൾഡ് കപ്പ് ഇരുവരുടെയും അവസാന വേൾഡ് കപ്പ് ആയി കൊണ്ടാണ് ആരാധകർ തന്നെ കണക്കിലെടുക്കുന്നത്.