എംബപ്പേ ഗോളിൽ പിഎസ്ജി : മിന്നുന്ന ജയങ്ങളുമായി മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും : ചെൽസിക്ക് തോൽവി എസി മിലാന് സമനില
ചാമ്പ്യൻസ് ലീഗ് 2022 -23 സീസണിന് തകർപ്പൻ തുടക്കവുമായി പിഎസ്ജി.പാർക്ക് ഡെസ് പ്രിൻസസിൽ നടന്ന മത്സരത്തിൽ സൂപ്പർ താരം എംബപ്പേ നേടിയ ഇരട്ട ഗോളിന്റെ മികവിൽ യുവന്റസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പിഎസ്ജി കീഴടക്കി.ആദ്യ പകുതിയിലാണ് എംബാപ്പയുടെ രണ്ടു ഗോളുകളും പിറന്നത്. മുന്നേറ്റത്തിൽ മെസ്സി -എംബപ്പേ – നെയ്മർ ത്രയത്തിന്റെ നേതൃത്വത്തിൽ മത്സരത്തിന്റെ തുടക്കം മുതൽ പി എസ് ജി മത്സരത്തിൽ ആധിപത്യം പുലർത്തി.
അഞ്ചാം മിനുട്ടിൽ തന്നെ അവർ ലീഡും എടുത്തു. ബോക്സിനു പുറത്ത് നിന്നും നെയ്മർ ചിപ്പ് ചെയ്ത് കൊടുത്ത പാസ് മികച്ചൊരു ഫിനിഷുങ്ങിലൂടെ യുവന്റസ് വലയിലാക്കി. 19 ആം മിനുട്ടിൽ യുവന്റസ് സമനില ഗോളിന്റെ അടുത്തെത്തി.എന്നാൽ യുവാൻ ക്വഡ്രാഡോയുടെ ക്രോസിൽ നിന്ന് അർക്കാഡിയസ് മിലിക്കിന്റെ ഹെഡ്ഡർ ജിയാൻലൂജി ഡോണാരുമ്മ തട്ടിയകറ്റി. മൂന്നു മിനുട്ടിന് ശേഷം എംബപ്പേ സ്കോർ 2 -0 ആക്കി ഉയർത്തി.അച്റഫ് ഹക്കിമിമിയുടെ പാസിൽ നിന്നുമാണ് ഗോൾ പിറന്നത്. രണ്ടാം പകുതിയിൽ കോസ്റ്റിച് കൊടുത്ത ക്രോസിൽ നിന്നും മക്കെന്നിയുടെ ഹെഡ്ഡറിലൂടെ യുവന്റസ് ഒരു ഗോൾ മടക്കി. യുവന്റസിന്റെ ഗോളെന്ന് ഉറപ്പിച്ച മൂന്ന് ഷോട്ടുകൾ സേവ് ചെയ്ത പിഎസ്ജി ഗോൾ കീപ്പർ ജിയാൻലൂജി ഡോണാരുമ ഉജ്ജ്വല പ്രകടനം പുറത്തെടുത്തു. ആദ്യ പകുതിയേ അപേക്ഷിച്ച് രണ്ടാം പകുതിയിൽ യുവന്റസ് ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്.
നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡ് തകർപ്പൻ ജയത്തോടെ പുതിയ സീസൺ തുടങ്ങി. സ്കോട്ടിഷ് ക്ലബ് സെൽറ്റിക്കിനെ മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് സ്പാനിഷ് വമ്പൻമാർ തകർത്തത്.രു ഗോളും ഒരു അസിസ്റ്റും ഒരുക്കി ഹസാർഡ് മികച്ച പ്രകടനം നടത്തി. മത്സരത്തിന്റെ 29ആം മിനുട്ടിൽ സൂപ്പർ താരം ബെൻസീമ പരിക്കേറ്റ് കളം വിട്ടത് റയൽ മാഡ്രിഡിനെ പ്രതിസന്ധിയിൽ ആക്കി. ഫ്രഞ്ച് താരത്തിന് പകരമായാണ് ഹസാഡ് മൈതാനത്തിറങ്ങിയത്.റയലിനായി ഈ വർഷം ജനുവരിയിലാണ് ഹസാർഡ് അവസാനമായി ഗോൾ അടിച്ചത്. ഹസാർഡ് അവസാനമായി ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടുന്നത് 2020 നവംബറിലാണ്.56ആം മിനുട്ടിൽ വലതു വിങ്ങിലൂടെ മുന്നേറിയ വാൽവെർദെ കൊടുത്ത പാസിൽ നിന്നും വിനീഷ്യസ് ജൂനിയർ റയലിന്റെ ആദ്യ ഗോൾ നേടിയത്. 60 ആം മിനുട്ടിൽ ഹസാർഡ് നൽകിയ പാസ് സ്വീകരിച്ച് മോഡ്രിച് റയലിന്റെ രണ്ടാമത്തെ ഗോൾ നേടി.77ആം മിനുട്ടിൽ ഹസാഡ് സ്കോർ 3 -0 ആക്കി ഉയർത്ത.
ചാമ്പ്യൻസ് ലീഗിൽ വമ്പൻ ജയത്തോടെ തുടങ്ങി മാഞ്ചസ്റ്റർ സിറ്റി. സ്പാനിഷ് ക്ലബ് സെവിയ്യയെ അവരുടെ ഗ്രൗണ്ടിൽ ഏകപക്ഷീയമായ നാല് ഗോളിനാണ് പെപ്പിന്റെ പിള്ളേർ തകർത്തു വിട്ടത്. സിറ്റിക്കായി ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരം കളിച്ച എർലിംഗ് ഹാലണ്ട് ഇരട്ട ഗോളുകൾ നേടി തിളങ്ങി.ഇരുപതാം മിനുട്ടിൽ ഡിബ്രുയിൻ നൽകിയ പാസിൽ നിന്നും ഹാലാൻഡ് സിറ്റിയെ മുന്നിലെത്തിച്ചു.58ആം മിനുട്ടിൽ കാൻസെലോ നൽകിയ പന്ത് സ്വീകരിച്ച് ഫോഡൻ സിറ്റിയുടെ രണ്ടാമത്തെ ഗോളും നേടി. 67 ആം മിനുട്ടിൽ ഹാലൻഡ് സിറ്റിയുടെ മൂന്നാമത്തെയും മത്സരത്തിൽ തന്റെ രണ്ടാമത്തെയും ഗോൾ നേടി.20 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്ന് 25 ഗോളുകൾ സ്വന്തമാക്കുന്ന ആദ്യ താരമെന്ന നേട്ടം ഇതോടെ ഹാലണ്ടിനെ തേടിയെത്തി മാഞ്ചസ്റ്റർ സിറ്റിക്കായി ഇതുവരെ കളിച്ച 7 മത്സരങ്ങളിൽ നിന്ന് 12 ഗോളുകളാണ് ഹാലണ്ട് നേടിയത്. ഇഞ്ചുറി ടൈമിൽ റൂബൻ ഡയസും ഗോൾ നേടിയതോടെ സിറ്റിയുടെ വിജയം പൂർത്തിയാക്കി.
2022-23 സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ ചെൽസിക്ക് തോൽവി.ആദ്യ പോരാട്ടത്തിൽ ഇംഗ്ലീഷ് വമ്പൻമാരെ ക്രൊയേഷ്യൻ ക്ലബ് ഡിനാമോ സാഗ്രബ് ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ചു. സാഗ്രബിൽ അരങ്ങേറിയ മത്സരത്തിൽ ക്രൊയേഷ്യൻ താരം മിസ്ലാവ് ഒറിസിച്ചാണ് ചെൽസിക്കെതിരെ ഗോൾ നേടിയത്.ചെൽസിക്കായി അരങ്ങേറ്റ മത്സരം കളിച്ച പിയറി എമറിക് ഒബമയാങ് ഒരു തവണ പന്ത് ഡിനാമോ സാഗ്രബിന്റെ വലയിൽ എത്തിച്ചെങ്കിലും ഓഫ് സൈഡ് വിധിക്കുകയായിരുന്നു. സമനിലയ്ക്കായി അവസാന നിമിഷം ചെൽസി താരങ്ങൾ ഒന്നടങ്കം കിണഞ്ഞു പരിശ്രമിച്ചെങ്കിലും സാഗ്രബ് ഗോൾ കീപ്പർ ലിവാകോവിച്ചും ഡിഫൻസും ചേർന്ന് എല്ലാം വിഫലമാക്കി. അവസാന അഞ്ചു മത്സരങ്ങൾക്ക് ഇടയിൽ ചെൽസിയുടെ മൂന്നാം പരാജയമാണിത്.
ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രിയയിൽ എ.സി മിലാനെ സമനിലയിൽ തളച്ചു റെഡ് ബുൾ സാൽസ്ബർഗ്. ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു സമനിലയിൽ പിരിയുക ആയിരുന്നു. 28 മത്തെ മിനിറ്റിൽ ഫെർണാണ്ടോയുടെ പാസിൽ നിന്നും നോഹ ഒകഫോർ സാൽസ്ബർഗിന് മുന്നിലെത്തിച്ചു. റാഫേൽ ലിയോയുടെ പാസിൽ നിന്നു അലക്സിസ് സാലെമേകേർസ് മിലാനെ ഒപ്പമെത്തിച്ചു.ഗ്രൂപ്പ് ജിയിലെ ആദ്യ മത്സരത്തിൽ കോപ്പൻഹാഗനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്തു ബൊറൂസിയ ഡോർട്ട്മുണ്ട്. എം റിയൂസ് (35′), ആർ ഗ്വെറിറോ (42′), ജെ ബെല്ലിംഗ്ഹാം (83′) എന്നിവരാണ് ഗോൾ നേടിയത്.