❝ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിഎസ്ജിക്കും വേണ്ട , സൂപ്പർ താരം ഇനി എങ്ങോട്ട് പോവും ? ❞|Cristiano Ronaldo

പുതിയ ക്ലബ്ബിനായുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തിരച്ചിൽ തുടർന്ന് കൊണ്ടിരിക്കുകയാണ്.മാഞ്ചസ്റ്റർ യുണൈറ്റഡ് ‘നോട്ട് ഫോർ സെയിൽ’ എന്ന് ലേബൽ ചെയ്തിട്ടും പോർച്ചുഗീസ് താരം പുതിയ ക്ലബ്ബിനെ തേടുകയാണ്, അത് അത്ര എളുപ്പമല്ലെന്ന് 37 കാരന് മനസ്സിലായി തുടങ്ങിയിരിക്കുന്നു.

സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതൽ റൊണാൾഡോ നിരവധി ക്ലബ്ബുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്ക്, സീരി എ ടീം എഎസ് റോമ, പ്രീമിയർ ലീഗിൽ ചെൽസി എന്നിവരുമായി അദ്ദേഹത്തിന്റെ ഏജന്റ് ജോർജ്ജ് മെൻഡസ് ചർച്ച നടത്തിയതായി റിപ്പോർട്ടുണ്ട്. ബയേൺ താരത്തെ സൈൻ ചെയ്യാനുള്ള നിർദ്ദേശം നിരസിച്ചെങ്കിലും, ചെൽസിയിലേക്കും റോമയിലേക്കും മാറാനുള്ള സാധ്യതയെക്കുറിച്ച് അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ല.

റൊണാൾഡോ തന്റെ ബദ്ധവൈരിയായ ലയണൽ മെസ്സി കളിക്കുന്ന പിഎസ്ജിയുമായി ഒരു ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് സംസാരിച്ചെങ്കിലും നിരസിക്കപ്പെട്ടതായി പറയപ്പെടുന്നു.ഫ്രഞ്ച് മാധ്യമമായ ലെ പാരിസിയനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌. റൊണാൾഡോയെ സൈൻ ചെയ്യാൻ പിഎസ്ജിക്ക് അവസരം ലഭിച്ചെങ്കിലും പോർച്ചുഗീസ് സൂപ്പർ താരത്തെ ഈ സീസണില്‍ സ്വന്തമാക്കാന്‍ താൽപ്പര്യമില്ലെന്ന നിലപാടാണ് പിഎസ്ജി സ്വീകരിച്ചത്. ഇപ്പോൾ തന്നെ സൂപ്പർ താരങ്ങളുടെ പ്രതിഫലത്തിനായി വൻ തുക ചെലവിടുന്ന പിഎസ്ജി കൂടുതൽ ബാധ്യത ഏറ്റെടുക്കാൻ തയ്യാറല്ല. റൊണാൾഡോയുടെ ഏജന്റ് ജോർഗെ മെൻഡസിനെ പിഎസ്ജി ഇക്കാര്യം അറിയിച്ചതായാണ് സൂചന.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ് റൊണാൾഡോയ്‌ക്കൊപ്പം പുതിയ സീസൺ ആസൂത്രണം ചെയ്യുന്നുണ്ടെന്നും ഈ സമ്മറിൽ ഒരു പുതിയ ക്ലബ്ബിൽ ചേരാൻ കളിക്കാരനെ അനുവദിക്കില്ലെന്നും സ്ഥിരീകരിച്ചു. കഴിഞ്ഞ സീസണിൽ എല്ലാ മത്സരങ്ങളിലുമായി 24 ഗോളുകൾ നേടിയെങ്കിലും യുണൈറ്റഡിന് പ്രീമിയർ ലീഗിൽ ആറാം സ്ഥാനം മാത്രമേ നേടാനായുള്ളൂ. വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ഒരു സീസണിൽ റൊണാൾഡോ ട്രോഫി ഇല്ലാതെ പോകുന്നത്.

സമ്മർ വിൻഡോയിൽ ഇതുവരെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ട്രാൻസ്ഫർ പ്രവർത്തനങ്ങളിൽ മതിപ്പുളവാക്കാത്ത റൊണാൾഡോ, വലിയ ബഹുമതികൾക്കായി വെല്ലുവിളിക്കാൻ കഴിയുന്ന ഒരു ക്ലബ്ബിൽ തന്റെ കരിയർ പുനരുജ്ജീവിപ്പിക്കാൻ ആഗ്രഹിക്കുന്നു. റൊണാൾഡോയുടെ ശമ്പള ആവശ്യങ്ങളും പ്രായവും കണക്കിലെടുക്കുമ്പോൾ ഒരു പുതിയ ക്ലബ് കണ്ടെത്തുന്നത് ബുദ്ധിമുട്ടായി തീരും.

Rate this post