മാഞ്ചസ്റ്റർ യുണൈറ്റഡിനോടുള്ള പ്രതികാരം പിഎസ്ജിക്ക് എളുപ്പമാകില്ല, ആശങ്കയറിയിച്ച് പരിശീലകൻ

രണ്ടു വർഷം മുൻപു നടന്ന ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോടു തോറ്റു പുറത്താകേണ്ടി വന്നതിന്റെ പ്രതികാരം ഇത്തവണത്തെ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിൽ നടപ്പിലാക്കാമെന്ന പിഎസ്ജിയുടെ മോഹങ്ങൾക്ക് ടീമിൽ പ്രധാന താരങ്ങളുടെ അഭാവം തിരിച്ചടിയാകുന്നു. ഇകാർഡി, മാർക്വിന്യോസ്, ഡ്രാക്സ്ലർ എന്നിവരുൾപ്പെടെ എട്ടോളം താരങ്ങളാണ് മത്സരത്തിനുണ്ടാകുമെന്ന് ഉറപ്പില്ലാത്തത്. ഇതിന്റെ ആശങ്ക പരിശീലകൻ ടുഷൽ പങ്കു വെക്കുകയും ചെയ്തു.

”ദേശീയ ടീമിനു വേണ്ടി കഴിഞ്ഞ മത്സരങ്ങളിൽ മുഴുവൻ സമയവും കളിച്ച താരങ്ങളെ ഞങ്ങൾ വിശ്രമത്തിനു പരിഗണിക്കേണ്ടതുണ്ട്. നെയ്മറും എംബാപ്പയും അതിലുൾപ്പെടുന്നു. അതുപോലെ ലാറ്റിനമേരിക്കൻ താരങ്ങൾ കൂടുതൽ യാത്ര ചെയ്തവരുമാണ്. ചിലപ്പോൾ പന്ത്രണ്ടോ പതിമൂന്നോ താരങ്ങൾ മാത്രമേ ടീമിനു ലഭ്യമായിട്ടുണ്ടാകൂ.” ടുഷൽ പറഞ്ഞു.

“ഞങ്ങൾക്കു വലിയ നിർഭാഗ്യമാണുള്ളത്. ഡ്രാക്സ്ലറും മാർക്വിന്യോസും മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഉണ്ടായേക്കില്ല. കെഹ്ററും ബെർനറ്റും ഇകാർഡിയും പരിക്കിന്റെ പിടിയിലാണ്. ഇകാർഡിയുടെ പരിക്കു ഗുരുതരമല്ലെങ്കിലും അടുത്ത രണ്ടു മത്സരങ്ങളിലും താരം ഉണ്ടാകില്ല. ഡാനിലോ പെരേര തിരിച്ചെത്തി എങ്കിലും റൊണാൾഡോയുമായി സമ്പർക്കമുണ്ടായതു കൊണ്ട് പരിശീലനത്തിനിറങ്ങിയേക്കില്ല. വെറാറ്റിയുടെ പരിക്ക് പരിശോധിച്ചു കൊണ്ടിരിക്കയാണ്.” അദ്ദേഹം വ്യക്തമാക്കി.

മത്സരം വിജയിച്ചേ തീരുവെന്ന ലക്ഷ്യത്തോടെ വരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ പ്രധാന താരങ്ങളുടെ അഭാവമുള്ളത് പിഎസ്ജിക്ക് കനത്ത തിരിച്ചടിയാണ്. മത്സരം വിജയിച്ചാൽ മാത്രമേ സോൾഷയർ പരിശീലക സ്ഥാനത്തു തുടരുന്ന കാര്യത്തിൽ ഉറപ്പുണ്ടാകൂ എന്നതിനാൽ ഏറ്റവും മികച്ച പോരാട്ടം തന്നെ യുണൈറ്റഡ് പുറത്തെടുക്കും എന്നുറപ്പാണ്.