മെസിയുടെ കരാർ പുതുക്കാനുള്ള ഓഫർ പിൻവലിച്ചു, താരത്തെ ഒഴിവാക്കാൻ തീരുമാനിച്ച് പിഎസ്‌ജി |Lionel Messi

ഖത്തർ ലോകകപ്പിൽ വിജയം നേടിയതിന്റെ മധുരം നുണഞ്ഞു കൊണ്ടിരിക്കുന്ന ലയണൽ മെസിക്ക് നിരാശ നൽകിയാണ് കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനോട് തോൽവി വഴങ്ങി പിഎസ്‌ജി പുറത്തായത്. പിഎസ്‌ജിയിൽ എത്തിയതിനു ശേഷമുള്ള രണ്ടു സീസണുകളിലും ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ പുറത്തു പോകാനായിരുന്നു മെസിക്ക് വിധിയുണ്ടായത്.

പിഎസ്‌ജി ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതോടെ താരത്തിന് പുതിയ കരാർ നൽകാനുള്ള നീക്കങ്ങൾ പിഎസ്‌ജി ഉപേക്ഷിച്ചുവെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ഫ്രഞ്ച് മാധ്യമമായ ആർഎംസി സ്പോർട്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌. നേരത്തെ മെസിയുമായി പിഎസ്‌ജി കരാർ ചർച്ചകൾ നടത്തിയിരുന്നെങ്കിലും അതിൽ നിന്നും അവർ പിൻവാങ്ങുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതോടെ മെസിക്കെതിരെ ആരാധകരുടെ വിമർശനം വളരെയധികമുണ്ട്. ലോകകപ്പിൽ ഫ്രാൻസിനെതിരായ ഫൈനലിൽ അർജന്റീന വിജയിച്ചപ്പോൾ തന്നെ അതൃപ്‌തരായ ആരാധകർ ഇതോടെ കൂടുതൽ മെസിക്കെതിരായിട്ടുണ്ട്. ഈ സാഹചര്യത്തിൽ മെസിയുടെ കരാർ പുതുക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് പിഎസ്‌ജി വിശ്വസിക്കുന്നത്.

മെസിയുടെ മാത്രമല്ല, ടീമിലെ മറ്റൊരു സൂപ്പർതാരമായ നെയ്‌മറേയും ഒഴിവാക്കാനാണ് പിഎസ്‌ജിയുടെ തീരുമാനമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ രണ്ടു താരങ്ങളും പിഎസ്‌ജിയുടെ ഇനിയുള്ള പദ്ധതികളിലില്ല. അതേസമയം ഇനിയും നെയ്‌മർക്ക് കരാർ ബാക്കിയുണ്ടെന്നിരിക്കെ താരത്തെ വിൽക്കുക ടീമിന് വെല്ലുവിളിയാകും.

ഈ താരങ്ങളെ ഒഴിവാക്കി ഫ്രഞ്ച് സൂപ്പർതാരമായ എംബാപ്പയേ കേന്ദ്രമാക്കി പുതിയൊരു ടീമിനെ ഉണ്ടാക്കുക എന്നതാണ് പിഎസ്‌ജിയുടെ പദ്ധതി എന്ന് വേണം കരുതാൻ. ഈ മൂന്നു താരങ്ങൾ ഒരുമിച്ച് കളിക്കുന്നത് ടീമിന്റെ ബാലന്സിനെ വളരെയധികം ബാധിക്കുന്നുണ്ട്. എന്തായാലും വലിയൊരു മാറ്റമാണ് പിഎസ്‌ജിയിൽ നടക്കാൻ പോകുന്നത്.

Rate this post