എംബപ്പേയുടെ പരിക്കിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്, ബയേണിനെ നേരിടാനൊരുങ്ങുന്ന PSGക്ക്‌ കാര്യങ്ങൾ കൈവിട്ടു പോവുന്നു

ലീഗ് വണ്ണിൽ നടന്ന അവസാന മത്സരത്തിൽ വിജയം നേടാൻ പിഎസ്ജിക്ക്‌ സാധിച്ചിരുന്നു.മോന്റ്പെല്ലീറിനെയായിരുന്നു പിഎസ്ജി 3-1ന് പരാജയപ്പെടുത്തിയിരുന്നത്. ലയണൽ മെസ്സി,ഫാബിയാൻ റൂയിസ്,വാറൻ എമറി എന്നിവരായിരുന്നു പിഎസ്ജിയുടെ ഗോളുകൾ നേടിയിരുന്നത്.പിഎസ്ജി തന്നെയാണ് ഇപ്പോൾ ലീഗിൽ ഒന്നാം സ്ഥാനത്ത്.

മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ കിലിയൻ എംബപ്പേ ഉണ്ടായിരുന്നു.തുടക്കത്തിൽ തന്നെ ലഭിച്ച പെനാൽറ്റികൾ അദ്ദേഹം പാഴാക്കുകയായിരുന്നു.റീബൗണ്ട് പോലും ഗോളാക്കി മാറ്റാൻ കഴിയാത്തത് ആരാധകർക്ക് നിരാശ ഉണ്ടാക്കിയിരുന്നു.അതിനു പിന്നാലെ എംബപ്പേ പരിക്കേറ്റ് പുറത്തുപോവുകയും ചെയ്തിരുന്നു.21ആം മിനിട്ടിലായിരുന്നു ഈ മിന്നും താരത്തിന് പരിക്കേറ്റ് പുറത്തു പോകേണ്ടി വന്നത്.

എതിർ താരമായ ലിയോ ലിറോയുമായി എംബപ്പേ കൂട്ടിയിടിക്കുകയായിരുന്നു. ഇതോടുകൂടി താരത്തിന്റെ കാൽ തുടക്കാണ് പരിക്കേറ്റത്.തുടർന്ന് അദ്ദേഹത്തെ കൂടുതൽ മെഡിക്കൽ പരിശോധനകൾക്ക് വിധേയമാക്കുകയും ചെയ്തിരുന്നു.അതിന്റെ വിവരങ്ങൾ ഇപ്പോൾ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപെ പുറത്ത് വിടുകയും ചെയ്തിരുന്നു.പിഎസ്ജിക്ക്‌ ആശങ്ക നൽകുന്ന കാര്യങ്ങളാണ് പുറത്തേക്ക് വന്നിട്ടുള്ളത്.

താരത്തിന്റെ പരിക്ക് ഒരല്പം ഗുരുതരമാണ്.ഇത്തരത്തിലുള്ള പരിക്കുകൾ പൂർണ്ണമായും ഭേദമാവാൻ മൂന്ന് ആഴ്ചകൾ ചുരുങ്ങിയത് എടുക്കാറുണ്ട്.അതിനർത്ഥം വരുന്ന മൂന്നാഴ്ചയോളം എംബപ്പേ പുറത്തിരിക്കാൻ സാധ്യതയുണ്ട് എന്നുള്ളതാണ്.കൂടുതൽ മെഡിക്കൽ പരിശോധനകൾ ഇനിയും ക്ലബ്ബ് നടത്തിയേക്കും.എന്നിരുന്നാലും വളരെ പ്രധാനപ്പെട്ട മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമാവാൻ സാധ്യതയുണ്ട്.

ഫെബ്രുവരി പതിനാലാം തീയതി ചാമ്പ്യൻസ് ലീഗിൽ സ്വന്തം വേദിയായ പാർക്ക്‌ ഡെസ് പ്രിൻസസിൽ വെച്ച് ജർമ്മൻ ക്ലബ്ബായ ബയേണിനെ പിഎസ്ജി നേരിടുന്നുണ്ട്.പ്രീ ക്വാർട്ടറിലെ ആദ്യപാദ മത്സരമാണിത്.ആ മത്സരം എംബപ്പേ കളിക്കുമോ എന്നുള്ള കാര്യം ഇപ്പോൾ സംശയത്തിലാണ്.മാത്രമല്ല കോപ ഡി ഫ്രാൻസിൽ ഇതിനു മുന്നേ മാഴ്സെക്കെതിരെയും പിഎസ്ജി ഒരു മത്സരം കളിക്കുന്നുണ്ട്.അതിലും താരം ഉണ്ടാവാൻ സാധ്യതയില്ല.

ചുരുക്കത്തിൽ എംബപ്പേ ഇല്ലെങ്കിൽ അത് ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം വലിയ ഒരു തിരിച്ചെടി തന്നെയായിരിക്കും. അത്രയും പ്രധാനപ്പെട്ട താരമാണ് എംബപ്പേ.ലീഗ് വണ്ണിൽ 13 ഗോളുകളും രണ്ട് അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.പിഎസ്ജിയുടെ മറ്റൊരു താരമായ നെയ്മറും ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്.പക്ഷേ അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല.

Rate this post
Kerala Blasters