ബയേണിനെതിരെ മെസ്സി ഇറങ്ങുമോ? വ്യത്യസ്തമായ ഫോർമേഷൻ പരീക്ഷിക്കാൻ ഗാൾട്ടിയർ

പിഎസ്ജിയെ ഇന്ന് കാത്തിരിക്കുന്നത് ഒരു അഗ്നി പരീക്ഷണമാണ്.യുവേഫ ചാമ്പ്യൻസ് ലീഗിലെ മുന്നോട്ടുള്ള പ്രയാണത്തിന് ഇന്നത്തെ മത്സരം വളരെയധികം അത്യന്താപേക്ഷികമാണ്.പ്രീ ക്വാർട്ടറിലെ ഫസ്റ്റ് ലെഗ് പോരാട്ടത്തിൽ പിഎസ്ജിയുടെ എതിരാളികൾ ബയേൺ മ്യൂണിക്കാണ്.ഇന്ന് രാത്രി 1:30ന് സ്വന്തം മൈതാനത്ത് വെച്ചാണ് പിഎസ്ജി ഈ മത്സരം കളിക്കുക.

ഈ മത്സരത്തിന് വേണ്ടിയുള്ള സ്‌ക്വാഡിനെ ഇന്നലെ പിഎസ്ജി പുറത്ത് വിട്ടിരുന്നു.ടീമിന് ഏറ്റവും ആശ്വാസകരമായ കാര്യം എന്തെന്നാൽ ലയണൽ മെസ്സിയും കിലിയൻ എംബപ്പേയും സ്‌ക്വാഡിൽ തിരിച്ചെത്തിയിട്ടുണ്ട് എന്നുള്ളതാണ്.രണ്ട് പേരും പരിശീലനം പുനരാരംഭിക്കുകയും ചെയ്തിരുന്നു.പക്ഷേ ഇവർ കളിക്കുമോ എന്നുള്ളത് മറ്റൊരു ചോദ്യമാണ്.ഏറ്റവും പുതിയ റിപ്പോർട്ടുകൾ നമുക്ക് നോക്കാം.

കിലിയൻ എംബപ്പേയുടെ കാര്യത്തിൽ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ട്. അദ്ദേഹം ഈ മത്സരത്തിൽ കളിക്കാൻ സാധ്യത കുറവാണ്.അതേസമയം ലയണൽ മെസ്സി ഈ മത്സരത്തിൽ കളിക്കും.എംബപ്പേയുടെ അഭാവത്തിൽ 5-3-2 എന്ന ഫോർമേഷൻ പരീക്ഷിക്കാനാണ് ഇപ്പോൾ പിഎസ്ജി കോച്ച് ഉദ്ദേശിക്കുന്നത്.കഴിഞ്ഞ മത്സരങ്ങളിൽ ഒക്കെ ദുർബലമായിരുന്ന ഡിഫൻസ് ഇത്തവണ ശക്തിപ്പെടുത്താനാണ് പരിശീലകന്റെ തീരുമാനം.

ഗോൾകീപ്പർ പൊസിഷനിൽ ജിയാൻ ലൂയിജി ഡോണ്ണാരുമ തന്നെയായിരിക്കും.രണ്ട് വിങ് ബാക്കുമാരായി കൊണ്ട് നുനോ മെന്റസ്,അഷ്‌റഫ് ഹക്കീമി എന്നിവരായിരിക്കും ഉണ്ടാവുക.3 സെന്റർ ബാക്കുമാരെയാണ് പിഎസ്ജി അണിനിരത്തുക. ഡാനിലോ, മാർക്കിഞ്ഞോസ്, റാമോസ് എന്നിവരായിരിക്കും ആ മൂന്നുപേർ. മധ്യനിരയിൽ വെറാറ്റി,റൂയിസ്,വിറ്റിഞ്ഞ എന്നിവരായിരിക്കും ഉണ്ടാവുക.മുന്നേറ്റ നിരയിൽ ലയണൽ മെസ്സിയും നെയ്മർ ജൂനിയറും ഇറങ്ങും.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പിഎസ്ജി പരാജയപ്പെട്ടിട്ടുണ്ട്.അതുകൊണ്ടുതന്നെ ഒരു തിരിച്ചുവരവ് ക്ലബ്ബിന് അനിവാര്യമാണ്.പക്ഷേ അതിശക്തരായ എതിരാളികളാണ് ബയേൺ.അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിൽ എന്തുവേണമെങ്കിലും സംഭവിക്കാം.

3/5 - (1 vote)