തങ്ങൾ നോട്ടമിട്ട താരങ്ങളുടെ ലിസ്റ്റിലേക്ക് ഒരു യുവപ്രതിഭകൂടി, അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ താണ്ഡവമാടാൻ റയൽ മാഡ്രിഡ്‌.

ഈ ട്രാൻസ്ഫർ ജാലകത്തിൽ ഒരൊറ്റ ചില്ലിക്കാശ് പോലും ചിലവഴിക്കാത്ത പ്രമുഖ ക്ലബുകളിൽ ഒന്നാണ് റയൽ മാഡ്രിഡ്‌. പരിശീലകൻ സിനദിൻ സിദാനും പ്രസിഡന്റ്‌ പെരെസും ഇപ്രാവശ്യം താരങ്ങളെയൊന്നും എത്തിക്കേണ്ട എന്ന തീരുമാനത്തിൽ എത്തുകയായിരുന്നു. എന്നാൽ അടുത്ത ട്രാൻസ്ഫർ ജാലകത്തിലേക്കുള്ള മുന്നൊരുക്കങ്ങൾ റയൽ മാഡ്രിഡ്‌ ഇപ്പോഴേ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഒരുപിടി മിന്നുംയുവതാരങ്ങളെ എന്ത് വിലകൊടുത്തും ടീമിലെത്തിക്കാനുള്ള പദ്ധതികൾ നിലവിൽ റയലിന്റെ അണിയറയിൽ ഒരുങ്ങുന്നുണ്ട്. നിലവിൽ പ്രധാനമായും മൂന്ന് താരങ്ങളെയാണ് റയൽ ലക്ഷ്യം വെക്കുന്നതെന്ന് സ്പാനിഷ് മാധ്യമ മാർക്ക റിപ്പോർട്ട്‌ ചെയ്തിരുന്നു.

പിഎസ്ജിയുടെ കിലിയൻ എംബാപ്പെ, റെന്നസിന്റെ കാമവിങ്ക, ബൊറൂസിയയുടെ എർലിങ് ഹാലണ്ട് എന്നീ യുവപ്രതിഭകളെയാണ് റയൽ മാഡ്രിഡിനാവിശ്യം.ഇതിൽ എംബാപ്പെയെയാണ് റയൽ ഏറ്റവും കൂടുതൽ ലക്ഷ്യം വെക്കുന്നത്. ഇപ്പോഴിതാ ഈ ലിസ്റ്റിലേക്ക് ഒരു താരത്തെ കൂടി ചേർത്തിരിക്കുകയാണ് റയൽ മാഡ്രിഡ്‌. ബൊറൂസിയ ഡോർട്മുണ്ടിന്റെ തന്നെ ജിയോ റെയ്‌നയെയാണ് ഇപ്പോൾ പുതുതായി റയൽ തങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മുൻ മാഞ്ചസ്റ്റർ സിറ്റി മധ്യനിര താരം ക്ലോഡിയോയുടെ മകനാണ് ജിയോ റെയ്‌ന. പതിനേഴുകാരനായ താരം നിലവിൽ ബുണ്ടസ്ലിഗയിൽ മിന്നും ഫോമിലാണ്. എല്ലാ കോംപിറ്റീഷനുകളിലുമായി ആകെ കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളും നാലു അസിസ്റ്റുമാണ് താരത്തിന്റെ സമ്പാദ്യം. താരവും ഹാലണ്ടും തമ്മിൽ ഡോർട്മുണ്ടിൽ മികച്ച കൂട്ടുകെട്ടാണ് ബൊറൂസിയയിൽ രൂപപ്പെടുത്തിയിരിക്കുന്നത്.

ഇരുവരെയും ഒരുമിച്ച് ടീമിൽ എത്തിക്കാനുള്ള സാധ്യതകൾ ആണ് റയൽ നോക്കുന്നത്. എന്നാൽ ബൊറൂസിയ ഈ യുവപ്രതിഭകളെ കൈവിടാൻ തയ്യാറാവുമോ എന്ന് സംശയമാണ്. ഏതായാലും അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ റയൽ പണമൊഴുക്കുമെന്ന കാര്യത്തിൽ ആർക്കും സംശയമില്ല.

Rate this post