ഖത്തറിനോട് പരാജയം ,ഇന്ത്യയുടെ ലോകകപ്പ് സ്വപ്‌നങ്ങൾ തകർത്തത് റഫറിയുടെ വിവാദ തീരുമാനം | Indian Football

ലോകകപ്പ് യോഗ്യത റൗണ്ടിലെ നിർണായക മത്സരത്തിൽ ഖത്തറിനെതിരെ ഇന്ത്യക്ക് പരാജയം. ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് ഖത്തർ നേടിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന്റെ ലീഡിലാണ് ഇന്ത്യ കളി അവസാനിപ്പിച്ചത് . എന്നാൽ രണ്ടാം പകുതിയിൽ വിവാദ ഗോളിൽ സമനില പിടിച്ച ഖത്തർ 85 ആം മിനുട്ടിൽ വിജയം ഗോളും നേടി മത്സരം കയ്യിലാക്കി.

ദോഹയിലെ ജാസിം ബിൻ ഹമദ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ തുടക്ക മുതൽ അക്രമിച്ചുകളിച്ച ഖത്തർ നിരന്തരം ഇന്ത്യൻ ബോക്‌സിലേക്ക് ഇരമ്പിയെത്തി. ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിന്റെ മികച്ച സേവുകളാണ് ഇന്ത്യയുടെ രക്ഷക്കെത്തിയത്.ഗോൾകീപ്പറേയും മറികടന്നെത്തിയ പന്ത് മെഹ്താബ് സിങ് ഗോൾലൈൻ സേവിലൂടെ രക്ഷപ്പെടുത്തി. പിന്നാലെ ഇന്ത്യയുടെ ഭാഗത്ത് നിന്നും മുന്നേറ്റങ്ങൾ കാണാൻ സാധിച്ചു.

മത്സരത്തിൽ 36ാം മിനിറ്റിൽ ലാലിയാൻസുവാല ചാങ്‌തെ ഇന്ത്യയെ മുന്നിലെത്തിച്ചു.ബ്രാൻഡൻ ഫെർണാണ്ടസ് ബോക്‌സിന്റെ മൂലയിലേക്ക് നൽകിയ പാസ് കൃത്യമായി സ്വീകരിച്ച ചാങ്‌തെ ഖത്തർ ഗോൾകീപ്പർ ഷെഹാബ് എല്ലത്തിയെ മറികടന്ന് വലയിലെത്തിച്ചു. ആദ്യ പകുതിയിൽ മികച്ച പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. ഖത്തർ പ്രതിരോധത്തെ നിരവധി തവണ പരീക്ഷിക്കാൻ ഇന്ത്യൻ താരങ്ങൾക്ക് സാധിച്ചു.റഹിം അലി-ചാങ്‌തെ കൂട്ടുകെട്ട് ഖത്തറിന് വലിയ ഭീഷണി ഉയർത്തി.

രണ്ടാം പകുതിയിൽ ഇന്ത്യയുടെ ഭാഗത്ത് നിന്നും മുന്നേറ്റങ്ങൾ ഉണ്ടായെങ്കിലും സമനില ഗോളിനായി ഖത്തർ കൂടുതൽ ആക്രമിച്ചു കളിച്ചു. 75 ആം മിനുട്ടിൽ ഖത്തർ വിവിധ ഗോളിൽ സമനില നേടി .ഗുർപ്രീത് അയ്‌മൻ്റെ ഹെഡർ രക്ഷിച്ചതോടെ പന്ത് കളി പുറത്തായെന്നാണ് ഇന്ത്യൻ താരങ്ങൾ കരുതിയത്. പക്ഷേ വിസിൽ വരുന്നില്ല. അൽ ഹസൻ പന്ത് കളിക്കളത്തിൽ നിന്ന് പുറത്തെടുത്ത് അയ്മനിലേക്ക് കൊടുക്കുകയും താരം ഗോളാക്കി മാറ്റുകയും ചെയ്തു.

പന്ത് പുറത്ത് പോയെന്നു പറഞ്ഞ് ഇന്ത്യൻ താരങ്ങൾ പ്രതിഷേധിചെങ്കിലും ഫലമുണ്ടായില്ല.റഫറി തൻ്റെ സഹായിയെ സമീപിക്കുകയും ഗോൾ അനുവദിക്കുകയും ചെയ്തു.81 ആം മിനുട്ടിൽ ഇന്ത്യക്ക് ഗോൾ നേടാനുള്ള മികച്ച അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 85 ആം മിനുട്ടിൽ ഖത്തർ വിജയ ഗോൾ നേടി.അൽറാവിയാണ് ഗോൾ നേടിയത്.

Rate this post