മാഞ്ചസ്റ്റർ യുണൈറ്റഡിനായി ബിഡ് സമർപ്പിച്ച ഖത്തറിന് മറ്റൊരു പ്രീമിയർ ലീഗ് ക്ലബിലും താൽപര്യം

ഗ്ലെസേഴ്‌സ് വിൽക്കാനൊരുങ്ങുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനായി ബിഡ് സമർപ്പിച്ചവരിൽ ഖത്തർ ഇസ്ലാമിക് ബാങ്കിന്റെ ചെയർമാനായ ഷെയ്ഖ് ജാസിമുമുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിനായി ബിഡ് സമർപ്പിച്ച കാര്യം കഴിഞ്ഞ ദിവസം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. എന്നാൽ ബിഡ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതുവരെയും സ്വീകരിച്ചിട്ടില്ല. മറ്റു ബിഡുകളും ക്ലബിനായി വന്നിരിക്കാൻ സാധ്യതയുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം അഞ്ചു മില്യൺ പൗണ്ടാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഷെയ്ഖ് ജാസിം നൽകിയിരിക്കുന്ന ബിഡിലെ ഓഫർ. ക്ലബിന്റെ പുരുഷ, വനിതാ ടീമുകൾ, സ്റ്റേഡിയം, ട്രെയിനിങ് മൈതാനം എന്നിവ മെച്ചപ്പെടുത്തുമെന്നും ഓഫർ നൽകിയിട്ടുണ്ട്. ഈ തുകക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിനെ അദ്ദേഹം വാങ്ങിയാൽ ഒരു സ്പോർട്ട്സ് ക്ലബിനായി ചിലവഴിക്കുന്ന ഏറ്റവും ഉയർന്ന തുകയായിരിക്കുമത്.

ഖത്തറിന്റെ മുൻ പ്രധാനമന്ത്രിയുടെ മകനായ ഷെയ്ഖ് ജാസിം മാഞ്ചസ്റ്റർ യുണൈറ്റഡിനായി ബിഡ് സമർപ്പിച്ചതിനു പുറമെ പിഎസ്‌ജി ഉടമകളായ ഖത്തർ സ്പോർട്ട്സ് ഇൻവെസ്റ്റ്‌മെന്റ് മറ്റൊരു പ്രീമിയർ ലീഗ് ക്ലബിനായി രംഗത്തു വന്നിട്ടുണ്ട്. പ്രീമിയർ ലീഗ് ക്ലബായ ടോട്ടനം ഹോസ്പേറിൽ നിക്ഷേപം നടത്താനാണ് ഇവർ താൽപര്യം ഉന്നയിക്കുന്നത്. നേരത്തെയും ഇതിനായി ചർച്ചകൾ നടന്നിരുന്നു.

ഒരേ ഉടമസ്ഥർക്ക് ഒരു ലീഗിൽ രണ്ടു ക്ലബുകളെ സ്വന്തമാക്കാൻ കഴിയില്ലെങ്കിലും ഷെയ്ഖ് ജാസിമും ഖത്തർ സ്പോർട്ട്സ് ഇൻവെസ്റ്റ്‌മെന്റ് ഗ്രൂപ്പും വെവ്വേറെ കമ്പനികളായി പ്രവർത്തിക്കുന്നവയാണെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ തന്നെ ഷെയ്ഖ് ജാസിം മാഞ്ചസ്റ്റർ യുണൈറ്റഡിനെ സ്വന്തമാക്കിയാലും ടോട്ടനം ഹോസ്‌പറിൽ ഉദ്ദേശിക്കുന്ന നിക്ഷേപം ഇറക്കാനും വേണമെങ്കിൽ ക്ലബ്ബിനെ വാങ്ങാനും ക്യുഎസ്‌ഐക്ക് കഴിയും.

പ്രത്യക്ഷത്തിൽ ഖത്തറിൽ നിന്നുള്ള വേറെ വേറെ കമ്പനികളാണ് ഈ രണ്ടു ക്ളബുകളെ സ്വന്തമാക്കുന്നത് എന്ന് തോന്നുമെങ്കിലും ഇവർ തമ്മിൽ വലിയ ബന്ധമുണ്ടെന്ന കാര്യത്തിൽ സംശയമില്ല. ഫുട്ബോൾ മേഖലയിൽ ആധിപത്യം സ്ഥാപിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങളുടെ ഭാഗമായി തന്നെയാണ് ഈ രണ്ടു ക്ലബുകൾക്ക് വേണ്ടി ഖത്തറിൽ നിന്നുള്ള രണ്ടു ക്ലബുകൾ രംഗത്തു വന്നതെന്നാണ് അനുമാനിക്കാൻ കഴിയുക.

Rate this post