ഇന്ത്യൻ ടീമിന്റെ വളർച്ചയെ പ്രശംസിച്ച് ഖത്തറിന്റെ പോർച്ചുഗീസ് പരിശീലകൻ കാർലോസ് ക്വിറോസം ക്യാപ്റ്റനും | India vs Qatar

ഫിഫ ലോകകപ്പ് 2026 യോഗ്യതാ റൗണ്ടിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് ഖത്തറിനെ നേരിടും.ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മത്സരത്തിന് മുന്നോടിയായി ഖത്തർ ഫുട്ബോൾ ടീം ഹെഡ് കോച്ച് കാർലോസ് ക്വിറോസ് ബ്ലൂ ടൈഗേഴ്സിനെ പ്രശംസിച്ചു. കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യയുടെ പുരോഗതി പോർച്ചുഗീസ് പരിശീലകൻ നിരീക്ഷിച്ചിട്ടുണ്ട്.

“ഇന്ത്യയിലേക്ക് വന്നതിൽ സന്തോഷം, ഈ നിമിഷം വളരെ ആവേശത്തിലാണ്. ഇന്ത്യ തികച്ചും വ്യത്യസ്തവും ശക്തവും സ്ഥിരതയുള്ളതുമായ ടീമാണെന്ന് നമുക്കറിയാം. 3 പോയിന്റുകൾ നേടാനുള്ള ഞങ്ങളുടെ സാധ്യതകളിൽ ഞങ്ങൾ വിശ്വസിക്കുന്നു,” ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ കാർലോസ് ക്വിറോസ് പറഞ്ഞു.ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ 8-1 എന്ന വിസ്മയിപ്പിക്കുന്ന മാർജിനിൽ പരാജയപ്പെടുത്തിയ ഖത്തർ കഴിഞ്ഞ മത്സരത്തിൽ തങ്ങളുടെ മിന്നും പ്രകടനം പുറത്തെടുത്തിരുന്നു.

എന്നാൽ തന്റെ ടീമിന് കൂടുതൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്നാണ് കാർലോസ് ക്വിറോസിന്റെ അഭിപ്രായം.“ഇന്ത്യൻ ടീം സ്ഥിരതയുള്ളതാണ്, കളിക്കാർക്ക് അവരുടെ ജോലികൾ അറിയാം, അത് നന്നായി ചെയ്യുന്നു. മികച്ച ഫുട്ബോൾ കളിക്കുക, മികച്ച നിലവാരമുള്ള ഫുട്ബോൾ കളിക്കുക, മൈതാനത്ത് മികച്ച ടീമാകുക എന്നിവയായിരിക്കും എന്റെ ആദ്യ ലക്ഷ്യം. നന്നായി കളിച്ചില്ലെങ്കിൽ ജയിക്കാനാവില്ല”ഖത്തർ കോച്ച് പറഞ്ഞു.

ഖത്തർ ക്യാപ്റ്റനും സ്റ്റാർ സ്‌ട്രൈക്കറുമായ ഹസൻ അൽ ഹെയ്‌ദോസും ഇന്ത്യയെക്കുറിച്ച് സംസാരിച്ചു.“ഇന്ത്യൻ ദേശീയ ടീമിനെതിരെ ഒരുപാട് തവണ ഞാൻ കളിച്ചിട്ടുണ്ട്. ഓരോ ദിവസവും കൂടുതൽ കൂടുതൽ മെച്ചപ്പെട്ടു വരുന്ന ഒരു ടീമായാണ് എനിക്കവരെ തോന്നിയത്. ഞങ്ങൾ ലക്ഷ്യമിടുന്നത് മികച്ചൊരു മത്സരം കളിക്കാനും മൂന്നു പോയിന്റുകൾ നേടിയെടുക്കാനുമാണ്.” ഖത്തർ ക്യാപ്റ്റൻ ഹസൻ അൽ ഹയ്‌ഡോസ് പറഞ്ഞു. വിജയത്തിനായി കളിക്കുമെന്ന് ഖത്തർ നായകൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു, എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യ പ്രകടമാക്കിയ പുരോഗതിയെക്കുറിച്ച് താൻ ജാഗ്രത പുലർത്തുന്നതായും അദ്ദേഹം പറഞ്ഞു.