“റഫറിമാരുടെ മോശം തീരുമാനങ്ങൾ കളിക്കാരുടെ മനോവീര്യം തകർക്കും”

2021-22 സീസൺ ഐ എസ് എല്ലിലെ തങ്ങളുടെ ഒൻപതാം മത്സരത്തിൽ ഇന്നലെ എഫ് സി ഗോവക്കെതിരെ കേരള ‌ബ്ലാസ്റ്റേഴ്സിന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. രണ്ട് ഗോളുകൾക്ക് മുന്നിലെത്തിയ മത്സരത്തിലായിരുന്നു ഗോവയുടെ രണ്ട് ഉജ്ജ്വല ഗോളുകൾ കേരളത്തെ സമനിലയിൽ കുരുക്കിയത്. ബ്ലാസ്റ്റേഴ്സിന് അത് സുഖകരമായി ജയിച്ച് മൂന്ന് പോയിന്റ് പോക്കറ്റിലാക്കാമായിരുന്നു, പക്ഷേ അവർക്ക് 2-2 സമനിലയിൽ തൃപ്തിപ്പെടേണ്ടിവന്നു.

സഹലും ചെഞ്ചോയും കൈവിട്ട അവസരങ്ങൾക്ക് ന്യായീകരണമില്ല. ഗോവക്കെതിരെ ബ്ലാസ്റ്റേഴ്‌സിന് മുൻ കളികളിലെ മികച്ച പ്രകടനം ആവർത്തിക്കാനായില്ല.നേരത്തെ രണ്ട് ഗോളിന് ലീഡ് നേടിയെങ്കിലും ആ നേട്ടം മുതലാക്കാൻ മഞ്ഞപ്പട നോക്കിയില്ല. ഗോവയുടെ പൊസഷൻ ഗെയിമിനെ നേരിടാൻ കഴിയാതെ ബ്ലാസ്റ്റേഴ്സ് പരിഭ്രാന്തരായി. അവർക്ക് ഏകോപനം ഇല്ലായിരുന്നു, കൂടാതെ ധാരാളം മിസ്‌പാസുകളും ഉണ്ടായിരുന്നു.

ആദ്യ മിനിട്ടു മുതൽ ആക്രമണാത്മകമായ കളിയാണ് ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തതെങ്കിലും 20 മിനുട്ടിൽ രണ്ടു ഗോളുകൾ നേടിയ ശേഷം ബ്ലാസ്റ്റേഴ്സിന് മേൽ ഗോവൻ ആധിപത്യമാണ് കാണാൻ സാധിച്ചത്. മത്സരത്തിൽ ഇത്ര മോശം പെർഫോമൻസിലേക്ക് ടീം പോയിട്ടും ഒരു സമനില കിട്ടി എന്നത് തന്നെ ബ്ലാസ്റ്റേഴ്സിന് ആശ്വസിക്കാവുന്ന ഒന്നാണ്. റെഫരിയങ്ങിലെ പിഴവ് ആണ് ഈ ഒരു സമനില കിട്ടാൻ കാരണം എങ്കിലും ഈ സീസണിൽ നമുക്ക് ഇതേ കാരണം കൊണ്ട് നഷ്ടപ്പെട്ട പോയിന്റ്റുകളിൽ ഒന്ന് തിരിച്ചു കിട്ടി എന്ന് കരുതിയാൽ മതിയാവും.

റഫറിമാർ തുടർച്ചയായി പിഴവുകൾ വരുത്തിയത് മത്സര ഫലത്തെ ബാധിക്കുകയും ചെയ്തു. ഇരു ടീമുകൾക്കെതിരെയും റഫറി മോശ തീരുമാനങ്ങൾ എടുത്തു.ഒരൊറ്റ ഗെയിമിൽ പെനാൽറ്റികളും കോർണറുകളും ഫൗളുകളും ഹാൻഡ്‌ബോളുകളും കാണാത്ത റഫറിമാരെ നിങ്ങൾ കാണുകയാണെങ്കിൽ, അതിനർത്ഥം റഫറിയിംഗിന്റെ നിലവാരം വളരെ മോശമാണ് എന്നാണ് .കളിക്കാരുടെ മനോവീര്യത്തെ ബാധിക്കുന്നതിനു പുറമേ, ഈ റഫറിയിംഗ് ലെവൽ ലീഗിന്റെ മൊത്തത്തിലുള്ള നിലവാരത്തെ പ്രതികൂലമായി ബാധിക്കും. ഈ പ്രശ്നം എത്രയും വേഗം പരിഹരിക്കാൻ ഐഎസ്എൽ സംഘാടകർ എന്തെങ്കിലും ചെയ്യേണ്ടതുണ്ട്.