ഈ ഡ്രിബ്ലിങ്ങിനും വേഗതക്കും മുന്നിൽ മെസി പോലും മാറി നിൽക്കും, റൊണാൾഡോയുടെ ശിഷ്യൻ തന്നെയെന്ന് ആരാധകർ

നിരവധി വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ സീസണിൽ സീരി എ കിരീടം സ്വന്തമാക്കിയ എസി മിലാൻ ഈ സീസണിൽ ചാമ്പ്യൻസ് ലീഗിലും തങ്ങളുടെ കുതിപ്പ് തുടരുകയാണ്. ഇന്നലെ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നാപ്പോളിയെ മറികടന്നതോടെ 2007നു ശേഷം ആദ്യമായി ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനൽ കളിക്കാൻ പോവുകയാണ് ഇറ്റാലിയൻ ക്ലബ്.

ആദ്യപാദത്തിൽ സ്വന്തം മൈതാനത്ത് ഒരു ഗോളിന്റെ വിജയം നേടിയ മിലാൻ നാപ്പോളിയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ ഓരോ ഗോളടിച്ച് സമനില വഴങ്ങിയതിനെ തുടർന്നാണ് സെമി ഫൈനലിലേക്ക് മുന്നേറിയത്. ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ ഒലിവർ ജിറൂദ് മിലാനു വേണ്ടി നിർണായക ഗോൾ നേടിയപ്പോൾ നാപ്പോളിയുടെ ഗോൾ ഇഞ്ചുറി ടൈമിൽ ഓസിമ്മനാണ് സ്വന്തമാക്കിയത്.

എന്നാൽ ഗോൾ നേടിയ ഒലിവർ ജിറൂദിനേക്കാൾ ആ ഗോളിൽ പ്രശംസയേറ്റു വാങ്ങുന്നത് അതിനു വഴിയൊരുക്കിയ റാഫേൽ ലിയാവോയാണ്. സ്വന്തം ബോക്‌സിന്റെ തൊട്ടു പുറത്തു നിന്നും തുടങ്ങിയ മുന്നേറ്റത്തിനൊടുവിൽ ആറോളം നാപ്പോളി താരങ്ങളെ മറികടന്നാണ് ലിയാവോ നാപ്പോളി ബോക്‌സിലെത്തി ജിറൂദിനു പന്ത് കൈമാറിയത്. അതിലൊന്നു കാൽ വെക്കുക മാത്രമേ ഫ്രഞ്ച് താരത്തിന് വേണ്ടി വന്നുള്ളൂ.

പോർച്ചുഗൽ ദേശീയ ടീമിന്റെ താരമായ ലിയാവോ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പിൻഗാമിയാണെന്ന് തെളിയിച്ചു കഴിഞ്ഞുവെന്നാണ് ഈ അസിസ്റ്റിനു പിന്നാലെ ആരാധകർ പറയുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആയിരിക്കുന്ന സമയത്ത് വിങ്ങിലൂടെ വേഗത്തിൽ ഡ്രിബിൾ ചെയ്‌തു റൊണാൾഡോ നടത്തുന്ന മുന്നേറ്റം ഓർമിപ്പിക്കുന്ന നീക്കമായിരുന്നു ലിയാവോ നടത്തിയത്. രണ്ടു താരങ്ങളും ഒരേ പൊസിഷനിൽ കളിക്കുന്നവരുമാണ്.

ഈ സീസണിൽ ലീഗിൽ പത്ത് ഗോളും ചാമ്പ്യൻസ് ലീഗിൽ ഒരു ഗോളും നേടിയ ലിയാവോ രണ്ടു ടൂർണമെന്റുകളിലുമായി ഒൻപതു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് വർഷങ്ങൾക്ക് ശേഷം ചാമ്പ്യൻസ് ലീഗ് നേടാമെന്ന പ്രതീക്ഷ മിലാനു നൽകുന്നതും താരത്തിന്റെ പ്രകടനം തന്നെയാണ്. സെമിയിൽ ഇന്റർ മിലാനോ ബെൻഫിക്കയോ ആയിരിക്കും മിലൻറെ എതിരാളികൾ.

Rate this post